Categories: Travel

ഹരിഹരാത്മജമംഗളം

Published by

ഹരിവരാസനം ചൊല്ലിക്കഴിഞ്ഞാല്‍ മംഗളാശംസയായിചൊല്ലിവരുന്ന ഒരു മംഗളശ്ലോകമുണ്ട്. ഹരിഹരാത്മജമംഗളംഎന്ന് ഇതറിയപ്പെടുന്നു. ഭഗവാന് ഭക്തന്റെ മംഗളാശംസയാണിത്

പഞ്ചാദ്രീശ്വര! മംഗളം; ഹരിഹര-

        പ്രേമാകൃതേമംഗളം

പിഞ്ഛാലംകൃത! മംഗളം; പ്രണമതാം

        ചിന്താമണേമംഗളം

പഞ്ചാസ്യധ്വജ! മംഗളം; ത്രിജഗതാ-

        മാദ്യപ്രഭോമംഗളം

പഞ്ചാസ്‌ത്രോപമ! മംഗളം; ശ്രുതിശിരോ-

        ലങ്കാരസന്മംഗളം

പഞ്ചാദ്രീശ്വരനായ(ശബരിമല, പൊന്നമ്പലമല, നീലിമല, കരിമല, അഴുതമല എന്നീ അഞ്ച് മലകളുടെ അധിപതിയായ) ഭഗവാനേ, അവിടുത്തേയ്‌ക്ക് മംഗളം. ഹരിഹരന്‍മാരുടെ പ്രേമം ആകാരം പ്രാപിച്ച അവിടുത്തേയ്‌ക്കു മംഗളം.

പിഞ്ഛാലംകൃതനായ (മുടിയില്‍ മയില്‍പ്പീലി അണിഞ്ഞവനായ) അവിടുത്തേയ്‌ക്കു മംഗളം. പ്രണമിക്കുന്നവര്‍ക്ക് ചിന്താമണിയായവനേ(ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണിയെന്ന ദിവ്യരത്‌നത്തേപ്പോലേ വിളങ്ങുന്നവനേ) അവിടുത്തേയ്‌ക്കു മംഗളം. പഞ്ചാസ്യധ്വജനായ(സിംഹം കൊടിയടയാളമായവനായ) അവിടുത്തേയ്‌ക്ക് മംഗളം.

മൂന്നുലോകങ്ങള്‍ക്കുംആദ്യപ്രഭുവായ(കാരണമായ) അവിടുത്തേയ്‌ക്ക് നമസ്‌ക്കാരം.  പഞ്ചാസ്‌ത്രോപമനായ(അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം എന്നീ അഞ്ച് അസ്ത്രങ്ങള്‍ ഉന്‍മാദനം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയ്‌ക്കായി പ്രയോഗിക്കുന്ന കാമദേവനു തുല്യം സുന്ദരനായ) ഭഗവാനേ അവിടുത്തേയ്‌ക്ക് മംഗളം. ശ്രുതിശിരോലങ്കാരമായി(വേദങ്ങള്‍ അലങ്കാരമായിരിക്കുന്ന) അവിടുത്തേയ്‌ക്ക് നല്ല മംഗളം.

ക്ഷമാപണം

അറിഞ്ഞും അറിയാതെയും ചെയ്ത സമസ്ത പാപങ്ങളും പൊറുത്ത് തന്നെ കാത്തുരക്ഷിക്കണേ എന്നു ഭഗവാനോടു പ്രാര്‍ഥിക്കുന്നതിനുള്ള ഈ ശ്ലോകങ്ങള്‍ പൂഞ്ഞാര്‍ വലിയതമ്പുരാനായിരുന്ന ശ്രീഅവിട്ടംതിരുനാള്‍ രാമവര്‍മ്മ രാജാതന്റെ ഭൂതനാഥാര്‍പ്പണം എന്ന കൃതിയുടെ ഒടുവില്‍ചേര്‍ത്തിരിക്കുന്നതാണ്.

ലോകങ്ങളൊക്കെയുളവാക്കിയതൊക്കെരക്ഷി-

ച്ചെല്ലാംമുടിപ്പതിനു ശക്തിയെഴുംമഹസ്സെ

ഒട്ടൊട്ടറിഞ്ഞുമറിയാതെയുമുണ്ടനേകം

പാപങ്ങളെന്നിലവദേവ പൊറുത്തിടേണം  

ഓരോരോമട്ടുചെയ്തുള്ളനവധിയപരാ-

ധങ്ങളുണ്ടെങ്കിലുംഞാ-

നാരോടിസ്സങ്കടംചൊല്ലിടുമഖിലപതേ!

നിന്നോടല്ലാതെവേറെ

നേരോടെന്നില്‍ പ്രസാദിച്ചിവനുടെയപരാ-

ധങ്ങളെല്ലാം പൊറുത്തി-

ട്ടാരോഗ്യം ഭക്തിയുംമുക്തിയുമിഹതരണം

ചാരുകാരുണ്യരാശേ

ഈ ശ്ലോകങ്ങളോടുകൂടി കലിയുഗവരദന്റെ മഹിമകളിലൂടെ എന്ന പരമ്പര അവസാനിക്കുകയാണ്. ഭൂതനാഥന്റെ മഹിമകള്‍ പറഞ്ഞാലും പറഞ്ഞാലും തീരുന്നതല്ല.  എല്ലാവരേയും കലിയുഗവരദനും താരകബ്രഹ്മവുമായ ശ്രീധര്‍മ്മശാസ്താവ് അനുഗ്രഹിക്കട്ടെ.

… അവസാനിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts