കൊച്ചി: ബാറുടമകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ രഹസ്യധാരണ പൊളിഞ്ഞു. ഇന്നലെ വിജിലന്‍സിനു മുന്നില്‍ മൊഴി നല്കാന് ബാറുടമകള്‍ തയ്യാറായത് ഇതേത്തുടര്ന്നാണെന്ന് സൂചനയുണ്ട്.
കെ. എം മാണിക്കെതിരെ കോഴയാരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന് ബാറുടമകളുമായി സര്‍ക്കാര്‍ രഹസ്യധാരണയിലെത്തിയിരുന്നെങ്കിലും വാക്ക് പാലിക്കാന്‍ സര്‍ക്കാരിനായില്ല. മാണിക്കെതിരായ ആരോപണത്തില്‍ തെളിവു നല്കാതിരുന്നാല് ഘട്ടം ഘട്ടമായി ബാറുകള്‍ തുറക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനു വേണ്ടി മുഖ്യമന്ത്രിയും കൂട്ടരും പാര്‍ട്ടിയിലും മുന്നണിയിലും സമ്മര്‍ദ്ദവും വിവാദവും സൃഷ്ടിച്ചെങ്കിലും ബാറുകള്ക്കനുകൂലമായ സാഹചര്യം പൂര്‍ണ്ണമായും സൃഷ്ടിക്കാനായില്ല. കത്തോലിക്കാ സഭയും ഇതിനിടെ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതോടെ ബാറുടമകള്‍ക്ക് നല്കിയ വാഗ്ദാനം ബിയര്‍ പാര്‍ലറില്‍ ഒതുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ബാറുടമകള്‍ ഇതില്‍ തൃപ്തരല്ല.
ബാര്‍ ലൈസന്‍സ് ഇല്ലെങ്കില്‍ തന്ന പണം മടക്കിത്തരണമെന്ന് നേതാക്കളോട് ചില ബാറുടമകള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതുകൊണ്ടും ഫലമില്ലാതെ വന്നപ്പോഴാണ് വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ നല്കാന് ബാറുടമകള്‍ ഒരുങ്ങിയത്. എന്നാല്‍ തെളിവുകള്‍ പൂര്‍ണ്ണമായും ഇനിയും കൈമാറിയിട്ടില്ലെന്നാണ് സൂചന.
തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അസോസിയേഷന് സംസ്ഥാനത്തെ ബാറുടമകളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏതെല്ലാം നേതാക്കള്‍ക്ക് എത്ര തുക വീതം നല്‍കിയെന്ന വ്യക്തമായ കണക്ക് ഇപ്പോള്‍ അസോസിയേഷന് നേതൃത്വത്തിന്റെ കയ്യിലുണ്ട്. എന്നാല്‍ ഇത് വിജിലന്‍സിനു കൈമാറിയിട്ടില്ല. സമ്മര്‍ദ്ദം ശക്തമാക്കി ഒന്നുകൂടി വിലപേശാനാണ് ബാറുടമകള്‍ ശ്രമിക്കുന്നത്. ബാറുടമകള്ക്കനുകൂലമായി കെപിസിസിയില്‍ ഒരു തീരുമാനം ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളുകയാണ്.
എ.കെ ആന്റണിയുടെ ഇടപെടലോടെ കെപിസിസിയില്‍ ഇനി ബാര്‍പ്രശ്നം ചര്‍ച്ച ചെയ്യാനാകാത്ത സ്ഥിതിയായി. അതേസമയം ബാറുടമകളെ സ്വാധീനിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് നേതൃത്വം തുടരുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ എറണാകുളം ജില്ലക്കാരനായ ഒരു എം എല്‍എ ഇന്നലെ ബാര്‍ അസോസിയേഷന് നേതാക്കളെ സമീപിച്ചിട്ടുണ്ട്. കെ.എം മാണിക്കുവേണ്ടിയും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: