തിരുവനന്തപുരം: നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ചും ടെക്നിക്കല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ധനവിനിയോഗം സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് വി. ശിവന്‍കുട്ടി എംഎല്‍എ. വിജിലന്‍സ് ഡയറക്ടറെ നേരില്‍ക്കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസ് മുന്നൊരുക്കങ്ങളുടെ പരിശോധന നടത്താനെത്തിയ ടെക്നിക്കല്‍ കമ്മറ്റിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. സ്റ്റേഡിയങ്ങളുടെയെല്ലാം നിര്‍മാണപ്രവര്‍ത്തനം പൂര്‍ണായി എന്നാണ് കമ്മറ്റി പറയുന്നത്. ഇത് വിശ്വസിക്കാനാവില്ല, വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കമ്മിറ്റിയുടെ മേലുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.
ഗ്രൗണ്ടും ഉപകരണങ്ങളും ഗെയിംസിനു യോഗ്യമാണോ എന്നു പരിശോധിച്ചു സര്‍ട്ടിഫൈ ചെയ്യുക എന്നതാണ് കമ്മറ്റിയുടെ ചുമതല. 27ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരും എന്നു പ്രതീക്ഷിച്ചു കമ്മറ്റി സര്‍ട്ടിഫിക്കറ്റ് നല്കുന്നതെങ്ങനെയാണെന്നും ശിവന്‍കുട്ടി ചോദിച്ചു.
ഈ സാഹചര്യത്തില്‍ ടെക്നിക്കല്‍ കണ്‍ഡക്റ്റ് കമ്മറ്റിയില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. സ്റ്റേഡിയങ്ങള്‍ പൂര്ണസജ്ജമായിട്ടുണ്ടോ എന്നു പരിശോധിച്ച് ഉപകരണങ്ങള്‍ ശരിയാവിധം സ്ഥാപിച്ചു ട്രയല്‍ റണ്‍ നടത്തിയാണ് ടെക്നിക്കല്‍ കമ്മറ്റി ഫിറ്റ്നസ് നല്‍കേണ്ടത്. ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: