ചേളാരി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മലബാര്‍ മേഖല ഫില്ലിംഗ് യൂണിറ്റായ ചേളാരിയിലെ പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് തീര്‍ന്നു. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഇന്നലെ കലക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടന പ്രതിനിധികളും മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ ധാരണയായത്.
പണിമുടക്കിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായിരുന്നു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് പാചകവാതകം കയറ്റി അയക്കുന്നത് ചേളാരിയില്‍ നിന്നാണ്. ദിനംപ്രതി 25000 സിലിണ്ടുറുകളാണ് കയറ്റി അയച്ചുകൊണ്ടിരുന്നത്. പണിമുടക്ക് മൂലം ഒരുലക്ഷത്തോളം സിലിണ്ടറുകളാണ് പ്ലാന്റില്‍ കെട്ടികിടക്കുന്നത്. ഇത് എത്രയും വേഗം കയറ്റി അയക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മാനേജ്മെന്റ് അനധികൃതമായി ജോലിക്ക് ആളെ നിയമിച്ചതാണ് പ്രശ്നത്തിന് തുടക്കം. കൂടാതെ അധിക ജോലിക്കുള്ള വേതനം വെട്ടിക്കുറച്ചുകൊണ്ടുള്ള ശമ്പളമാണ് തൊഴിലാളികള്‍ക്ക് ഡിസംബര്‍ മാസത്തില്‍ നല്‍കിയത്. തുടര്‍ന്ന് ശമ്പളദിവസമായ ഏഴിന് ഉച്ചയോടെ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: