ജീവിതത്തില്‍ പലതും സംഭവിക്കുന്നത് യാദൃച്ഛികമായാണ്. ചില യാദൃച്ഛികതകള്‍ ജീവിതംതന്നെ മാറ്റിമറിച്ചേക്കും. എഞ്ചിനീയര്‍മാരായ പി.കെ. വര്‍ഗീസിന്റെയും സെലിന്റെയും മകന് പിന്തുടര്ന്നത് മാതാപിതാക്കളുടെ പാത. എഞ്ചിനീയറിംഗിന്റെ ലോകത്തുനിന്നും അവന് പഠിച്ചെടുത്തത് സിനിമയുടെ പാഠങ്ങള്‍. പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ കിട്ടിയത് ബാങ്ക് ജോലി. ഒരു സുപ്രഭാതത്തില്‍ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടക്കം. ഒരു വര്‍ഷം ഇനിയെന്ത് എന്ന് ചിന്തിച്ചുകൂട്ടുമ്പോള്‍ ഒരു ദിവസം ഒരു ഫോണ്‍കോള്‍. അത് അവന്റെ ജീവിതംതന്നെ മാറ്റിമറിച്ചു.
അഞ്ചുവര്‍ഷംകൊണ്ട് 30 സിനിമകള്‍. മലര്‍വാടിയിലെ ‘കുട്ടുവും തട്ടത്തില്‍ മറയത്തിലെ ‘അബ്ദു’വും ഓം ശാന്തി ഓശാനയിലെ ‘ഡേവിഡും’ വെള്ളിമൂങ്ങയിലെ ‘ടോണി വാകത്താന’വുമൊന്നും പ്രേക്ഷക മനസ്സില്‍നിന്നും ഒരിക്കലും ഇറങ്ങിപ്പോവില്ല. നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയമികവുകൊണ്ട് ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനമയ്ക്ക് സമ്മാനിച്ച പ്രേക്ഷകരുടെ ‘കുട്ടു’വിനെ മനസില്‍ കണ്ട് ഇന്ന് പലരും തിരക്കഥ എഴുതിത്തുടങ്ങി. മലര്‍വാടിയില്‍ തുടക്കമിട്ട മലയാളികളുടെ യുവതാരം അജു വര്‍ഗീസിന്റെ വിശേഷങ്ങള്‍.
‘ദി കമ്പനി’യുടെ വിശേഷങ്ങള്‍.
ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ‘ദി കമ്പനി’. ഒരു വേദിയില്‍പോലും കയറിയിട്ടില്ലാത്ത എന്നെ സിനിമയുടെ വിശാലമായ ലോകത്തിലേക്ക് കൊണ്ടെത്തിച്ചത് ആ ക്യാമ്പസും കൂട്ടുകാരും ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന വിനീത് ശ്രീനിവാസനുമാണ്. മനസില്‍ സിനിമയുണ്ടായിരുന്നു എങ്കിലും കൂടുതല്‍ സിനിമ കാണുന്നതും സിനിമയെക്കുറിച്ച് അടുത്തറിയുന്നതും ചെന്നൈയിലെത്തിയശേഷമാണ്. അവിടെ വച്ചാണ് ഇലക്ട്രോണിക്സ് ബാച്ച് വിദ്യാര്‍ത്ഥിയായ ഞാന്‍ മെക്കാനിക്കല്‍ ബാച്ച് വിദ്യാര്‍ത്ഥിയായ വിനീതിനെ പരിചയപ്പെടുന്നതും ആ പരിചയപ്പെടല്‍ എന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നതും.
അഭിനയം ഒരിക്കലും ഒരു സ്വപ്നംപോലുമായിരുന്നില്ല. തിരക്കഥകളുടെ ലോകം എന്നെ ആകര്‍ഷിച്ചിരിന്നു. സിനിമയെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്കെല്ലാം വിനീതിലൂടെ വ്യക്തമായ മറുപടി ലഭിച്ചിരുന്നു. തിരക്കഥകളുടെ സംഗ്രഹങ്ങളടങ്ങിയ പുസ്തകങ്ങള്‍ എനിക്ക് വായിക്കാന്‍ തന്നു. ഞങ്ങള്‍ കൂട്ടുകാരുടെ ലോകത്ത് സിനിമ ഒരു പ്രധാന ചര്‍ച്ചയായി മാറി. പഠനം കഴിഞ്ഞ് വിനീത് സിനിമയിലേക്ക് കടന്നപ്പോള്‍ സഹായിയായി കൂടെകൂടിക്കോട്ടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ 2009 ഫെബ്രുവരിയില്‍ വന്ന വിനീതിന്റെ ഒരു ഫോണ്‍കോള്‍ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. മലര്‍വാടിയിലെ കഥാപാത്രത്തിനായി ഓഡിഷനു വരാന്‍വേണ്ടിയായിരുന്നു ആ കാള്‍. മലര്‍വാടിയിലെ ‘കുട്ടു’ വിനായി വിനീത് എന്നെ മനസില്‍ കണ്ടിരുന്നു. ‘കുട്ടു’വിനായി ഒന്ന് മെലിയണം എന്നു പറഞ്ഞിരുന്നു. വിനീതിനെ വിശ്വാസമുണ്ടായിരുന്നതിനാല്‍ അഭിനയത്തെക്കുറിച്ച് എനിക്ക് ടെന്‍ഷനുണ്ടായിരുന്നില്ല. 2010 ജനുവരി 10നാണ് ഷൂട്ടിംഗ് തുടങ്ങിയത്. 45 ദിവസത്തെ ഷൂട്ടിംഗ്. അതിനുമുമ്പ് 25 ദിവസത്തെ ക്യാമ്പ്. അങ്ങനെ ഞാന്‍ ‘കുട്ടു’വായി.
വര്‍ഷം ഒന്‍പത് കഴിയുമ്പോഴും ചെന്നൈയിലെ ആ കൂട്ടായ്മ അവസാനിച്ചിട്ടില്ല. ഇന്ന് വാട്ട്സ് ആപ്പിലൂടെ ‘ദി കമ്പനി’യെന്ന പേരില്‍ ഞങ്ങള്‍ നിത്യവും ബന്ധപ്പെടുന്നു. പലരും വിദേശത്താണ്. എല്ലാവര്‍ഷവും മുടങ്ങാതെ ‘ദി കമ്പനി’ ജനുവരിയില്‍ ഒരുമിച്ചുകൂടാറുണ്ട്. പഴയ ദിനങ്ങളിലേക്ക് തിരിച്ചുപോകാറുണ്ട്.
എഞ്ചിനീയറിംഗ് പഠനവും ബാങ്കിലെ ജോലിയും
അച്ഛനും അമ്മയും എഞ്ചിനീയര്‍മാരായതിനാല്‍ എറണാകുളം രാജഗിരിയില്‍ ബോര്‍ഡിംഗ് സ്കൂളിലായിരുന്നു ആദ്യം. പിന്നീട് കാക്കനാട് ഭവന്‍സിലേക്ക്. അച്ഛന്റെയും അമ്മയുടെയും പ്രൊഫഷന് തുടരാന്‍ ആഗ്രഹിച്ചുവെങ്കിലും എന്‍ട്രന്‍സ് കിട്ടിയില്ല. അങ്ങനെയാണ് ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിംഗ് കോളേജിലെത്തുന്നത്. കോളേജില്‍ അടിച്ചുപൊളിച്ചു നടന്നതിനാല്‍ ക്യാമ്പസ് സെലക്ഷന് കിട്ടിയില്ല. മറ്റു സെമസ്റ്ററുകളിലെ പേപ്പറുകള്‍ എഴുതിയെടുക്കാന്‍ ഉണ്ടായിരുന്നതാണ് കാരണം. കോഴ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എന്തെങ്കിലും ഒരു ജോലി വേണമെന്നായി. എച്ച്എസ്ബിസിയിലെ ഒരു അസിസ്റ്റന്റ് മാനേജറെ നേരിട്ട് കണ്ട് അവസരം ചോദിച്ചു. എംബിഎയുണ്ടോ എന്നായി ചോദ്യം. അവസ്ഥ പറഞ്ഞു. ആദ്യം ശമ്പളം 5900 രൂപ. ബാങ്കിലെ പ്രോസസിംഗ് ജോലികള്‍ക്ക് സഹായിക്കുന്നവരെ റിക്രൂട്ട് ചെയ്യുന്ന വിഭാഗത്തിലായിരുന്നു ആദ്യ നിയമനം. പിന്നീട് ജീവനക്കാരുടെ ക്ഷേമങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായി. ജോലി മടുത്തപ്പോള്‍ രാജിവച്ചിറങ്ങി. ഒരു വര്‍ഷം സിനിമകളും കണ്ട് ഭക്ഷണവും കഴിച്ച് ഒരു ജോലിയും തേടിയുള്ള യാത്ര. അപ്പോഴായിരുന്നു വിനീതിന്റെ മലര്‍വാടിയിലേക്കുള്ള ക്ഷണം.
മലര്‍വാടിയിലെ ‘കുട്ടു’
മലര്‍വാടിയിലെ ‘കുട്ടു’വിനെ മറക്കാനാവില്ല. എന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതും ‘കുട്ടു’ തന്നെയാണ്. പല സുഹൃത്തുക്കളും എന്നെ വിളിക്കുന്നത് കുട്ടുവെന്നാണ്. ‘കുട്ടു’വിനെ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മലര്‍വാടിയിലെ ‘കുട്ടു’ നേടിത്തന്ന സൗഹൃദങ്ങളും മറക്കാനാവാത്തതാണ്. മലര്വാടികൂട്ടത്തിലെ നിവിന്‍, വിനീത്, ഭഗത് ഹരി, ശ്രാവണ്‍, ഷാന്‍ റഹ്മാന് ഇവരെല്ലാം ഇന്നും ഒരു കുടുംബത്തെപോലെയാണ്. എറണാകുളത്ത് എന്തെങ്കിലും ചടങ്ങുണ്ടായാല്‍ ഒത്തുകൂടാറുണ്ട്. കുടുംബങ്ങള്‍ തമ്മിലും ആ ബന്ധമുണ്ട്. കുടുംബത്തോടെ പലപ്പോഴും ഒത്തുകൂടാറുമുണ്ട്. കഴിഞ്ഞ ഓണത്തിന് ഞാനും ഭഗത്തും ഹരിയുടെ വീട്ടിലായിരുന്നു. എന്റെ കല്യാണത്തിന് ഞാനുപയോഗിച്ചത് ഭഗത്തിന്റെ വണ്ടി ആയിരുന്നു. മലര്‍വാടിക്കുശേഷം ഞങ്ങള്‍ അഞ്ചുപേരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍. വിനീത് തിരക്കഥയെഴുതി വിനീതിന്റെ അസോസിയേറ്റായിരുന്ന പ്രജിത്ത് കാരണവര്‍ സംവിധാനമൊരുക്കുന്ന വടക്കന്‍ സെല്‍ഫിയിലാണ് ഞങ്ങള്‍ വീണ്ടുമൊരുമിക്കുന്നത്.
ജീവിതത്തിലെ ‘കുട്ടു’
സിനിമയിലെ കുട്ടുവിന്റെ ചെറിയ അംശം ജീവിതത്തിലുണ്ട്. മടിയും ഉത്തരവാദിത്തമില്ലായ്മയുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യന്. ഇത് ജോലിയില്‍ പ്രകടമാക്കാറില്ല. ആഗ്രഹിച്ച, ഇഷ്ടമുള്ള ജോലിയെ നമ്മള് പൂര്‍ണമായും ഉള്‍ക്കൊള്ളും.
സഹനടന്‍ നായകനായാല്‍
ഇതുവരെ ഒരു നായകവേഷം ചെയ്യണമെന്നു തോന്നിയിട്ടില്ല. അത് ഒരു റിസ്ക് ആണ്. വിജയിക്കുമോയെന്നറിയില്ല. നായകനായി ആയിരംപേര്‍ കാണുന്നതിനേക്കാള്‍ ഇഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന്പേര്‍ കാണുന്ന, ഒരു വിജയിക്കുന്ന സിനിമയുടെ ഭാഗമാകുന്നതാണ്.
പ്രേക്ഷകരുടെ ഇഷ്ടത്തിനു പിന്നില്‍
നല്ലൊരു സംവിധായകനും നല്ല തിരക്കഥയുമുണ്ടെങ്കില്‍ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും. എന്നെപോലെ ജന്മസിദ്ധമായ കഴിവുകളില്ലാത്ത, ഒരു തുടക്കക്കാരന് പിടിച്ചുനില്‍ക്കാനായത് ഞാന്‍ പ്രവര്‍ത്തിച്ച സിനിമകളിലെ സംവിധായകരുടെ മികവുമൂലമാണ്. പല ചിത്രങ്ങളിലും തിരക്കഥാകൃത്തും സംവിധായകനും ഒരാളായതും ഗുണം ചെയ്തു. സംവിധായകര്‍ പറയുന്നതനുസരിച്ച് ചെയ്യുക എന്നാണ് രീതി. ഓരോ തിരുത്തലും ഓരോ പാഠങ്ങളാണ്. ചെയ്യുന്ന കഥാപാത്രത്തെ അടുത്തറിയുന്നത് ആ ചിത്രം തീയേറ്ററിലെത്തുമ്പോഴാണ്.
പുതിയ ചിത്രങ്ങള്‍
ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മറിയം മുക്ക്, ബിജോയിയുടെ സംവിധാനത്തില്‍ റോമ കേന്ദ്രകഥാപാത്രമാകുന്ന നമസ്തേ ബാലി ഐലന്റ്, വിനീത് ശ്രീനിവാസന് തിരക്കഥയെഴുതുന്ന പ്രജിത്ത് കാരണവരുടെ ഒരു വടക്കന്‍ സെല്‍ഫി.
2014 തന്ന സൗഭാഗ്യം
ശ്രദ്ധിക്കപ്പെട്ട ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. അഗസ്റ്റീന ജീവിതത്തിലേക്ക് കടന്നുവന്നത് 2014 ഫെബ്രുവരി 24നാണ്. ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും. ഇവാനും ജുവാനയും ജീവിതത്തിലേക്ക് വന്നതോടെ മടിയില്ലാത്ത, ഉത്തരവാദിത്തമുള്ള ഒരച്ഛനാവാനുള്ള ശ്രമത്തിലാണ്.
2015ലെ പ്രതീക്ഷകള്‍
പ്രതീക്ഷകള്‍ പുലര്‍ത്തി പ്ലാന്‍ ചെയ്ത് മുന്നോട്ടുപോകുന്നയാളല്ല. വരുന്നതുപോലെയാണ് ജീവിതം. നല്ല അനുഭവങ്ങളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: