തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്യമാക്കുക എന്ന ജനനന്മ ലക്ഷ്യമിട്ട് താന്‍ പറഞ്ഞതിനെ ചിലര്‍ വര്‍ഗ്ഗീയ വല്‍ക്കരിച്ചുവെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. തന്റെ വാക്കുകള്‍ക്ക് വര്‍ഗ്ഗീയ നിറം ചാര്ത്തിക്കൊടുത്തവരുടെ പല്ലുകള്‍ കൊഴിഞ്ഞ് മുട്ടുമടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുസമൂഹം ഒരുമിച്ച് നില്‍ക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം മുഖപ്രസംഗം എഴുതിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയ ആണെന്നായിരുന്നു മുഖപ്രസംഗത്തിലെ വിമര്‍ശനം. വീക്ഷണത്തിലെ ലേഖനം താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞ സുരേഷ്ഗോപി പ്രവീണ്‍ തൊഗാഡിയ അത്രക്ക് മോശക്കാരനാണോ എന്നും ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് താന്‍ സംസാരിച്ചത് എന്താണെന്ന് പാരിഷ് കൗണ്‍സിലിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും അറിയാം. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. എല്ലാ കാര്യങ്ങളും സമയമാകുമ്പോള്‍ തുറന്ന് പറയും. അപ്പോള്‍ ഇന്ന് മാന്യത നടിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞ് വീഴും. വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വയ്ക്കുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും സുരേഷ് ഗോപി തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: