കൊച്ചി: സിപിഎമ്മിന് സദാചാരമൂല്യങ്ങളെക്കാള് വലുത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ്. തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനം ഇതാണ് വെളിവാക്കുന്നത്. ലൈംഗികവിവാദത്തില്‍ പുറത്തായ ഗോപി കോട്ടമുറിക്കലും പരാതിക്കാരനായ കെ.എ. ചാക്കോച്ചനും യാതൊരു എതിര്‍പ്പുമില്ലാതെ ജില്ലാകമ്മറ്റിയില്‍ തിരികെ എത്തിയത് പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ പോരിന്റെ ഭാഗമായിട്ടാണ്.
2011 ലാണ് ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ ലൈംഗികവിവാദത്തില്‍ പാര്‍ട്ടിയില്‍നിന്നും പുറത്തുപോയത്. ലെനിന്സെന്ററില്വെച്ച് കോട്ടമുറിക്കല്‍ പാര്‍ട്ടി മെമ്പറായ അഭിഭാഷകയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ആരോപിച്ചതും മേല്‍ഘടകത്തിന് പരാതി നല്കിയതും വിഎസ് പക്ഷക്കാരായിരുന്നു. തെളിവിനുവേണ്ടി ലെനിന് സെന്ററില്‍ ഒളിക്യാറ സ്ഥാപിക്കുകവരെയുണ്ടായി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. പകരം സെക്രട്ടറിയുടെ ചുമതല നല്‍കിയത് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം.വി. ഗോവിന്ദനാണ്.
വിഎസ് പക്ഷത്ത് ആയിരുന്ന കോട്ടമുറിക്കല്‍ ഇടക്കാലത്ത് പിണറായി പക്ഷത്തേക്ക് ചായുകയായിരുന്നു. വിഎസ് പക്ഷത്തിന്റെ തട്ടകമെന്നറിയപ്പെടുന്ന ജില്ലയില്‍ സെക്രട്ടറിയുടെ ചുവട് മാറ്റം വിഎസ് പക്ഷത്തിന് കനത്ത പ്രഹരമായിരുന്നു.
ഒളിക്യാമറ ദൃശ്യങ്ങള്‍ വിഎസ്പക്ഷം കേന്ദ്രനേതൃത്വത്തിന് വരെ കൈമാറി. സംഭവത്തെക്കുറിച്ച് അേന്വഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്വേഷണസമിതിയെ ഏര്‍പ്പെടുത്തി. എന്നാല്‍ പരാതിക്കാരനായ ജില്ലാ കമ്മറ്റിയംഗവും വിഎസ് പക്ഷക്കാരനായ കെ.എ. ചാക്കോച്ചനെയും പാര്‍ട്ടിയില്‍നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറിയും പുറത്തുപോയി. ഇതിനിടെ പാര്‍ട്ടിയില്‍നിന്നും പുറത്തായ കോട്ടമുറിക്കലിനെ ബ്രാഞ്ച് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന നേതൃത്വം തയ്യാറായി. ഇക്കഴിഞ്ഞ മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തില്‍ കോട്ടമുറിക്കല്‍ ഏരിയാ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിസ്ഥാനത്തുനിന്നും സി.എം. ദിനേശ്മണിയെ മാറ്റുന്നതില്‍ ഇരുപക്ഷത്തിനും എതിര്‍പ്പില്ലായിരുന്നു. കമ്മറ്റിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി ഇരുപക്ഷവും മൂല്യങ്ങളും ആദര്‍ശവും കാറ്റില്‍പറത്തുന്ന കാഴ്ചയായിരുന്നു. കോട്ടമുറിക്കലിനെ തിരികെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പിണറായിപക്ഷം തയ്യാറായപ്പോള്‍ തങ്ങളുടെ പക്ഷക്കാരനായ ചാക്കോച്ചനെയും തിരികെ കൊണ്ടുവരണമെന്ന് മാത്രമായിരുന്നു വിഎസ് പക്ഷത്തിന്റെ ആവശ്യം. ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്താന്‍ ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയ്യാറായപ്പോള്‍ ഇളിഭ്യരായത് പാര്‍ട്ടി അണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: