കൊച്ചി: ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ ലോകപ്രസിദ്ധനായ സ്വാമി ചിന്മയാനന്ദയുടെ ജീവിതം ഇനി അഭ്രപാളിയിലും. ‘ഓണ്‍ എ ക്വസ്റ്റ്’ എന്ന പേരിലുള്ള സിനിമയുടെ കേരളത്തിലെ ആദ്യപ്രദര്‍ശനം 18 ന് രാവിലെ 9.30 ന് ഇടപ്പള്ളി ഒബ്‌റോണ്‍ മാളിലെ സിനിമാക്‌സില്‍ നടക്കും.
സ്വാമി ചിന്മയാനന്ദയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിരീശ്വരവാദിയില്‍ നിന്ന് ലോക ആചാര്യന്മാരുടെ ഉന്നതശ്രേണിയിലേക്ക് അദ്ദേഹം ഉയര്‍ന്നുവന്ന ചരിത്രമാണ് സിനിമയുടെ പ്രമേയം.
ചിന്മയ ക്രിയേഷന്‍സിന്റെ ബാനറില്‍ തമിഴ് സിനിമാരംഗത്തെ ആര്‍.എസ്. പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്വാമി ചിന്മയാനന്ദയുടെ ചെറുപ്പകാലവും വിപ്ലവ പത്രപ്രവര്‍ത്തനങ്ങളും ആധ്യാത്മിക അന്വേഷണയാത്രയും സന്യാസദീക്ഷയുമൊക്കെ അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നത് കര്‍ണാടകക്കാരന്‍ സന്ദീപ് ഹെബ്ബര്‍ ആണ്. വേദാന്ത പഠനകേന്ദ്രമായ മുംബൈ ചിന്മയ സന്ദീപനി സാധനാലയത്തിലെ പതിനഞ്ചാം ബാച്ച് വിദ്യാര്‍ത്ഥിയാണ് ചിന്മയാനന്ദയുമായി രൂപസാദൃശ്യമുള്ള സന്ദീപ്. അവസാനകാല രംഗങ്ങളില്‍ ചിന്മയാനന്ദയായി വേഷമിട്ടിരിക്കുന്നത് തമിഴ് സിനിമയിലെ ആര്‍ട്ട് ഡയറക്ടറായ തോടാതരണിയാണ്.
സ്വാമി ശിവാനന്ദ, സ്വാമി തപോവനം തുടങ്ങിയവരുടേതുള്‍പ്പെടെ ഈ സിനിമയിലെ ഭൂരിഭാഗം വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ്. ഇംഗ്ലീഷിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചില രംഗങ്ങളില്‍ മലയാളം, ഹിന്ദി, തമിഴ് സംഭാഷണങ്ങളും പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: