ലണ്ടന്‍: എഫ്എ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ മത്സരദിനങ്ങളിലൊന്നില്‍ വെസ്റ്റ് ഹാമിനും ഫുള്‍ഹാമിനും അവിസ്മരണീയ ജയം. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ നാടകീയതകളിലേക്കു നീണ്ട പോരാട്ടങ്ങളില്‍ വെസ്റ്റ് ഹാം എവര്‍ട്ടനെയും (9-8) ഫുള്‍ഹാം വോള്‍വര്‍ ഹാംപ്റ്റന്‍ വാണ്ടറേഴ്‌സിനെയും (5-3) കീഴടക്കി നാലാം റൗണ്ടിലേക്കു കുതിച്ചു. വെസ്റ്റ് ഹാമും എവര്‍ട്ടനും നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു. വോള്‍വ്‌സും ഫുള്‍ഹാമും മൂന്നു ഗോളുകള്‍ വീതമടിച്ചു സന്ധിചെയ്തു.
എവര്‍ട്ടനെതിരായ മൂന്നാം റൗണ്ട് റീ മാച്ചില്‍ വെസ്റ്റ്ഹാം ഗോളി അഡ്രിയന്‍ എന്ന ഹീറോയുടെ ഉദയത്തിന് ബോല്യന്‍ ഗ്രൗണ്ട് സാക്ഷ്യംവഹിച്ചു. മാരത്തണ്‍ ഷൂട്ടൗട്ടിലെ പത്താം കിക്ക് ലക്ഷ്യത്തിലെത്തിച്ച അഡ്രിയന്‍ ഗാലറിക്ക് സന്തോഷത്തിനേറെ വക നല്‍കി. ഷൂട്ടൗട്ടില്‍ എവര്‍ട്ടനും വെസ്റ്റ് ഹാമും ആദ്യ കിക്കുകള്‍ വരകടത്തി. എവര്‍ട്ടന്റെ രണ്ടാം കിക്കെടുത്ത സ്റ്റീവന്‍ നൈസ്മിത്തിന് പിഴച്ചപ്പോള്‍ വെസ്റ്റ് ഹാമിനു മുന്‍തൂക്കം. എന്നാല്‍ അഞ്ചാം ശ്രമത്തില്‍ വെസ്റ്റ് ഹാമിന്റെ ഡൗണിങ്ങിനും ലക്ഷ്യം തെറ്റി. സ്‌കോര്‍ 8-8 എന്ന നിലയില്‍ നീണ്ടു. പത്താം കിക്കെടുക്കാന്‍ വന്ന എവര്‍ട്ടന്റെ ജോയെല്‍ റോബ്ലെസിന് പിഴച്ചു. നെഞ്ചുറപ്പോടെ വലചലിപ്പിച്ച അഡ്രിയന്‍ വെസ്റ്റ് ഹാമിനെ മുന്നോട്ടു നയിക്കുകയും ചെയ്തു.
സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഹാമിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. 5-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയ ആതിഥേയരെ മുന്നിലെത്തിച്ചു (1-0). പിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എയ്ഡന്‍ മഗ്ഗീഡി പുറത്തേക്കു വഴിതേടിയപ്പോള്‍ എവര്‍ട്ടന്‍ പത്തുപേരായി ചുരുങ്ങി. എന്നാല്‍ എവര്‍ട്ടന്റെ പകരക്കാരന്‍ കെവിന്‍ മിറാലസിന് മറ്റുചില പദ്ധതികളുണ്ടായിരുന്നു. കളിയവസാനിക്കാന്‍ എട്ടു മിനിറ്റുകള്‍ അവശേഷിക്കെ ഉഗ്രനൊരു ഫ്രീ കിക്കിലൂടെ മിറാലസ് എവര്‍ട്ടന് സമനില സമ്മാനിച്ചു (1-1). പിന്നെ എക്‌സ്ട്രാ ടൈം… 97-ാം മിനിറ്റില്‍ വീണ്ടും മിറാലസ് മാജിക്ക്. വെസ്റ്റ് ഹാം പ്രതിരോധത്തെ കീറിമുറിച്ച മിറാലസ് മറിച്ച പന്തില്‍ റൊമേലു ലുകാക്കു ഗോളടിച്ചു (2-1), ഗാലറി നടുങ്ങിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും നാടകീയത തീര്‍ന്നില്ല. 113-ാം മിനിറ്റില്‍ കാള്‍ട്ടന്‍ കോള്‍ വെസ്റ്റ് ഹാമിനു സമനിലയൊരുക്കി (2-2).
ഫുള്‍ഹാമിനെ സ്വന്തം കളത്തില്‍ നേരിട്ട വോള്‍വ്‌സ് വീരോചിതം പൊരുതിയെന്നു പറയാം. കൗളി വുഡ്രോ (27-ാം മിനിറ്റ്) ഫുള്‍ഹാമിന് ആധിപത്യം സമ്മാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഡേവിഡ് എഡ്വേര്‍ഡ്‌സ് (71) വോള്‍വ്‌സിനെ കാത്തു (1-1). പിന്നാലെ രാജീവ് വാന്‍ ല പരയും (73) സ്‌കോര്‍ ഷീറ്റില്‍, വോള്‍വ്‌സിന് ജയപ്രതീക്ഷ (2-1). എങ്കിലും അതുണ്ടായില്ല, വുഡ്രോയുടെ ഡബിള്‍ സ്‌കോര്‍ തുല്യനിലയിലാക്കി (2-2). അധിക സമയത്ത് എഡ്വേര്‍ഡ്‌സ് വോള്‍വ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു (3-2). ജയം ഉറപ്പിച്ച അവരെ ഞെട്ടിച്ച് ഇഞ്ചുറി ടൈമി ലഭിച്ച പെനാല്‍റ്റി റോസ് മക് കോര്‍മാക്ക് ഗോള്‍ വരകടത്തി (3-3). ഷൂട്ടൗട്ടില്‍ ഫുള്‍ഹാം എല്ലാ അവസരങ്ങളും മുതലാക്കി. മാറ്റ് ദോഹര്‍ത്തിയുടെ പിഴവ് വോള്‍വ്‌സിന്റെ പ്രയാണത്തിന് വിലങ്ങുതടിതീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: