ശബരിമല : ആയിരങ്ങള്‍ പമ്പാസദ്യയും കഴിച്ച് പമ്പയിലെ ഓളത്തില്‍ വിളക്ക് തെളിയിച്ച് സായൂജ്യം നേടി. എരുമേലിയില്‍ പേട്ടതുള്ളി കരിമലതാണ്ടിയെത്തിയ നിരവധി അയ്യപ്പഭക്തര്‍ പമ്പയിലെത്തി സദ്യ ഉണ്ടത്.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര് ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിഭവങ്ങലാണ് തയ്യാറാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് അയ്യപ്പന്മാര് പമ്പാമണപ്പുറത്ത് എരുമേലിയില്‍ നിന്ന് ഇരുമുടിക്കെട്ടുമായി എത്തിചേര്‍ന്നു. തുടര്‍ന്ന് ഗുരുസ്വാമി നിലവിളക്ക് കൊളുത്തിയശേഷം തൂശനിലയില്‍ ആദ്യം അയ്യപ്പന് ഭക്ഷണം വിളമ്പി നിവേദിച്ചശേഷമാണ് ഭക്തര്‍ സദ്യയുണ്ടത്.
പമ്പാസദ്യയില്‍ അയ്യപ്പസ്വാമി പങ്കെടുക്കുമെന്നാണ് വിസ്വാസം. വൈകിട്ട് ആറിന് പമ്പവിളക്ക് നടന്നു. മുളകൊണ്ടും വാഴപ്പോളകൊണ്ടും ഗോപുരങ്ങള്‍ നിര്‍മ്മിച്ച് ചെറിയപന്തങ്ങളും മണ്‍ചിരാതില്‍ എണ്ണയോഴിച്ച് തിരിയിട്ട് കത്തിച്ചശേഷം ശരണ മന്ത്രങ്ങള്‍ ഉരുവിട്ട് പമ്പയുടെ ഓളപ്പരപ്പിലേക്ക് ദീപഗോപുരങ്ങള്‍ ഒഴുക്കിവിടും ഇതോടെ പമ്പയുടെ പുളിനങ്ങളില്‍ ആയിരം നക്ഷത്രസമൂഹങ്ങള്‍ നീരാടാനെത്തിയ പ്രതീതിയാണ് സംജാതമായത്.
പമ്പവിളക്കിനുശേഷം അയ്യപ്പന്മാര് ചെറുസംഘങ്ങളായി പമ്പാഗണപതിയേയും ശ്രീരാമസ്വാമിയേയും ഹനുമാന്‍സ്വാമിയേയും വണങ്ങി മലകയറ്റം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: