ആലപ്പുഴ: ആലപ്പുഴയുടെ വിനോദസഞ്ചാരമേഖലയ്ക്കു പുതിയ രൂപവും ഭാവവും നല്കാന് അര്‍ത്തുങ്കല്‍ ബീച്ചിന്റെ നവീകരണത്തിന് കഴിയുമെന്നും തുടര്നവീകരണത്തിന് സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ജില്ലയില്‍ നടപ്പാക്കുന്ന മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി അര്‍ത്തുങ്കല്‍ ബീച്ചില്‍ പണി പൂര്‍ത്തിയാക്കിയ സൗന്ദര്യവത്കരണപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി. തിലോത്തമന് എംഎല്‍എ ആദ്ധ്യക്ഷത വഹിച്ചു. അര്‍ത്തുങ്കല്‍ ബീച്ചില്‍ പൊഴിക്ക് സമീപത്തായാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഊഞ്ഞാല്, കുട്ടികള്‍ക്കുള്ള സ്ളൈയ്ഡുകള്, സിസോ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന കളിയുപകരണങ്ങളും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്.
വിശാലമായ ലാന്‍ഡ് സ്കേപ്പ്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഗസീബോ, പാര്‍ക്കിനുള്ളില്‍ നടപ്പാത, ശൗചാലയങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി ഇവിടെ പെഡല്‍ ബോട്ടിങ് സൗകര്യമൊരുക്കും. 90 ലക്ഷം രൂപ ചെലവഴിച്ചാണ് ബീച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: