ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉപാദ്ധ്യക്ഷനായി തുടരും. രാഹുലിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരേണ്ടെന്ന് ഇന്ന് ചേര്‍ന്ന എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ആവശ്യം ചില നേതാക്കള്‍ ഉന്നയിച്ചെങ്കിലും അത് ഇപ്പോഴത്തെ അജണ്ടയില്ലെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ പുനരജ്ജീവിപ്പിക്കേണ്ടതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു. മുതിര്‍ന്ന നേതാക്കളെല്ലാവരും തന്നെ ഈ അഭിപ്രായത്തോട് യോജിച്ചു.
രാഹുലിന്റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസിന് 44 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ രാഹുലിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ രാഹുലിന് പിന്തുണയും സഹായവും നല്‍കുകയാണ് വേണ്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി പാര്‍ട്ടി വൈസ് പ്രസിഡന്റാണെന്നും പ്രധാന ചുമതലയാണ് വഹിക്കുന്നത് എന്നുമായിരുന്നു യോഗത്തിനു ശേഷം അംബികാ സോണി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: