ആലപ്പുഴ: നഗരത്തിലെ ആര്‍ഒ പ്ലാന്റുകള്‍ വീണ്ടും പണിമുടക്കി. പൊതുജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നു. പല ആര്‍ഒ പ്ലാന്റുകളും മാസങ്ങളായി ഉപയോഗശൂന്യമാണ്. അറ്റകുറ്റപ്പണി നടത്തിയവ വീണ്ടും തകരാറാലാകുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആലപ്പുഴ ബീച്ചിനു സമീപം, ആലിശേരി, വലിയകുളം, വടകാടുമുക്ക്, ചന്ദനക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഒ പ്ലാന്റുകളില്‍ വെള്ളം ശേഖരിക്കുന്നതിന് വന്‍തിരക്ക് അനുഭവപ്പെടുന്നത് പലപ്പോഴും സംഘര്ത്തിനിടയാക്കുന്നു. റേഷന്‍ സമ്പ്രദായമാണ് ശുദ്ധജല വിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും ബഹുഭൂരിപക്ഷം പേര്‍ക്കും വെള്ളം ലഭിക്കാതെ മടങ്ങേണ്ട ദുരവസ്ഥയാണുള്ളത്. പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഒ പ്ലാന്റുകളില്‍ ശുദ്ധജലത്തിനായെത്തുന്നത്.
ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭങ്ങള്‍ നിരവധി തവണ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. പൊതുടാപ്പുകളിലും ഗാര്‍ഹിക കണക്ഷനിലൂടെയും വിതരണം ചെയ്യുന്നത് തുരുമ്പിന്റെ അംശം കലര്‍ന്ന വെള്ളമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അശം കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫ്ളൂറൈഡ് കലര്‍ന്ന വെള്ളം സ്ഥിരമായി ഉപോഗിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും തകരാറിനു കാരണമാകും. ഈ സാഹചര്യത്തിലാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ (ആര്‍ഒ പ്ലാന്റുകള്‍) സ്ഥാപിച്ചത്.
വിനോദസഞ്ചാര വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഫണ്ടനുവദിക്കാത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇവ സ്ഥാപിച്ച കമ്പനികളുമായി അറ്റകുറ്റപ്പണി നടത്താന്‍ കൃത്യമായ കരാറുകള്‍ ഉണ്ടാക്കാതിരുന്നതും വീഴ്ചയായി. വരും ദിവസങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ ശുദ്ധജലം ലഭിക്കാതെ പൊതുജനം ഏറെ വലയാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: