ഇരിട്ടി: കേളകം അത്തിക്കണ്ടം ആദിവാസി കോളനിയിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.ബേബി ലതികയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍ പറഞ്ഞു.
വിവിധ ആളുകളില്‍ നിന്നും വളരെയേറെ ശ്രദ്ധയോടെ എല്ലാതരത്തിലുള്ള മൊഴികളും വളരെ വിശദമായ അന്വേഷണവും നടത്തിയശേഷമാണ് ഇതില്‍ പ്രതിയെന്ന് ആരോപിച്ച ക്ഷേത്രം കാര്യസ്ഥന് പവിത്രനെ കുറ്റവിമുക്തനാക്കിയത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവരെ ബോധ്യപ്പെട്ടുത്തിയ ശേഷമാണ് ഇത് ചെയ്തത്. എസ്ഇ-എസ്ടി വിഭാഗം മെമ്പര്‍മാര്‍ ഉള്‍പ്പെട്ട വളരെ ഗൗരവമുള്ള കേസായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ തന്നെയാണ് കേസ്സ് അന്വേഷിച്ചത്. ഇതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.
കൂടാതെ പീഡനം നടന്നുവെന്ന് ആരോപിച്ചിരുന്ന കോളനിയിലെ മൈനറായ പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേരുടെയും മൊഴി ജില്ലാ സെഷന്‍സ് ജഡ്ജിന്റെ നിര്‍ദ്ദേശപ്രകാരം വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം പ്രതി നിരപരാധിയാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് പവിത്രനെ വെറുതെ വിട്ടത്. എന്നാല്‍ കേസ്സന്വേഷണം തുടരുന്നതിന് മുന്‍പുതന്നെ ആരോപണ വിധേയനായ ആളെ പ്രതിയാക്കിക്കൊണ്ട് ഒരു പ്രമുഖ ചാനലില്‍ മേല്‍പ്പറഞ്ഞ അഭിഭാഷക അഭിമുഖം നല്കുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരാണ് വിശദമായി അന്വേഷണംനടത്തി പ്രതി ആരെന്നു കണ്ടെത്തേണ്ടത്. എന്നാല്‍ ഇതിനു മുന്‍പേ ആരോപണവിധേയനായ ആളെ പ്രതിയെന്നു പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യാനായി മേലുദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞു. പക്ഷെ കുറ്റം ചെയ്യാത്ത ഒരാളെ പ്രതിയെന്ന് പറഞ്ഞു മാനഹാനി ഉണ്ടാക്കിയതാണ് പവിത്രന്റെ ആത്മഹത്യയില്‍ കലാശിച്ചത്. ഇതാണ് അഭിഭാഷകക്കെതിരെയുള്ള കേസ്സിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി പോലീസ് കേസ്സെടുക്കുകയും പൊതുജനമധ്യത്തില്‍ അഭിഭാഷകക്കെതിരേ അവഹേളനപരമായ വാര്‍ത്തകള്‍ കൊടുത്ത ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യുകയും അഭിഭാഷകക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നും ബാര്‍ അസ്സോസ്സിയേഷന്‍ സംഘാടകര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധദിനമായി ആചരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: