പാലക്കാട്: ചന്ദ്രനഗറിലെ കെ.എഫ്.സി, മാക്‌ഡൊണാള്‍ഡ്‌സ് ഭക്ഷണശാലകള്‍ തകര്‍ത്ത സംഭവത്തില്‍ പിടിയിലായ മാവോയിസ്റ്റുകളെ 14 വരെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി വി ജി അനില്‍കുമാര്‍ ഇവരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭീകരരായി ചിത്രീകരിക്കുന്നതിന് പോലീസ് അന്വേഷണം നീട്ടികൊണ്ടുപോവുന്നതായും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചിട്ടും ഏഴുമണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെന്നും പ്രതികള്‍ പറഞ്ഞു.
ഡിസംബര്‍ 22നാണ് ചന്ദ്രനഗര്‍ ദേശീയപാതയ്‌ക്കരികിലുള്ള കെ.എഫ്.സി, മെക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റുകള്‍ അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകര്‍ (24), തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ട് അരുണ്‍ ബാലന്‍ (21) എന്നിവരാണ് പിടിയിലായത്. ആദ്യം ഒമ്പതുദിവസത്തേക്കും പിന്നീട് ഏഴുദിവസത്തേക്കുമാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പാലക്കാട് ഡിവൈഎസ്പി പി ഡി ശശിയുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗത്തിനുവേണ്ടി ശ്രീപ്രകാശ്, എസ് വിനോദും പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഹരിദാസും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: