തിരുവനന്തപുരം: ഭാരതം ഇന്ന് ഡിജിറ്റല്‍ ശാക്തീകരണത്തിന് സാക്ഷിയാകുകയാണെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍, ഐടിമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തിന്റെ സര്‍വാത്മനായുള്ള വളര്‍ച്ചയെ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ ഇടുക്കിയില്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ഗ്രാമീണ ബ്രോഡ്ബാന്‍ഡ് ശൃംഖല (എന്‍ഒഎഫ്എന്‍)യുടെ ഉദ്ഘാടനം തിരുവനന്തപുരത്തു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഒഎഫ്എന്‍ പദ്ധതി വഴി എല്ലാ പഞ്ചായത്തുകളെയും പൊതു ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി കൂട്ടിയിണക്കുന്നതിലൂടെ ഇന്ത്യയിലെ ഡിജിറ്റല്‍ വിടവ് നികത്തുന്നതിനുള്ള വന്‍ കുതിച്ചുചാട്ടത്തിനാണ് തുടക്കമിടുന്നത്. ഈ പദ്ധതിക്ക് സര്‍വ പിന്തുണയും നല്‍കുന്നതിനും ഇന്ത്യ പുതിയ ഡിജിറ്റല്‍ യാത്രയില്‍ ഭാഗമാകുന്നതിനും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ശാക്തീകരണം സാധ്യമാക്കുന്ന സമൂഹവും അറിവിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയും ഇന്ത്യയില്‍ നടപ്പാക്കുന്നതിനുള്ള നാഴികക്കല്ലാണ് എന്‍ഒഎഫ്എന്‍.
631 ജില്ലകളില്‍ 60 ബ്ലോക്കുകളിലായി 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ പരസ്പരം ബ്രോഡ്ബാന്‍ഡ് ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി കൂട്ടിയോജിപ്പിക്കാനും അതുവഴി 60 ദശലക്ഷം ഗ്രാമീണ ജനതയെ കണ്ണികളാക്കാനുമുള്ള ബൃഹത്തായ പദ്ധതിയാണിത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ നിന്നും ആദ്യത്തെ മൊബെല്‍ ഫോണ്‍ വിളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് എത്തിയതോടെയാണ് ചരിത്രത്തിലെ പ്രധാന നാഴികക്കല്ലിന് തുടക്കമാകുന്നത്.
ഏറ്റവും അടുത്തുള്ള പട്ടണത്തില്‍നിന്ന് 34 കിലോമീറര്‍ അകലെ സ്ഥിതി ചെയ്യുന്ന റോഡ് സൗകര്യങ്ങളോ വെദ്യുതിയോ പൈപ്പ് ജലമോ ലഭ്യമാകാത്ത വിദൂരസ്ഥലത്താണ് ഈ ട്രൈബല്‍ ഗ്രാമപഞ്ചായത്ത്. ഈ കുടിയേറ്റ പ്രദേശം വിസാറ്റ് മീഡിയവഴി എന്ഒഎഫ്എന്നിലേയ്ക്കും വോയ്സ് കണക്ടിവിറ്റിയിലേയ്ക്കും കണ്ണിയായി.
എന്‍ഒഎഫ്എന്‍ വഴി പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുമ്പോള്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ പുതിയ സാമ്പത്തിക വളര്‍ച്ചാ സൗകര്യങ്ങളിലേയ്ക്ക് ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി മുഖ്യാതിഥിയായിരുന്നു.
വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമൂഹിക ക്ഷേമ മന്ത്രി എം.കെ. മുനീര്‍, ജലവിഭവമന്ത്രി പി.ജെ. ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, ജോയ്സ് ജോര്‍ജ് എംപി, കേന്ദ്ര വാര്‍ത്താവിനിമയ സെക്രട്ടറി രാകേഷ് ഗാര്‍ഗ്, യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) അഡ്മിനിസ്ട്രേറ്ററും ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍)സിഎംഡിയുമായ അരുണ സുന്ദര്രാജന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: