തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ പ്രതികളായ കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി കേശവേന്ദ്രകുമാര്‍ തന്നെ രംഗത്തെത്തി. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ ഐഎഎസ് അസോസിയേഷനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ക്കണ്ട് പ്രതിഷേധം അറിയിക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്സര്ക്കാരില്നിന്നുണ്ടായിരിക്കുന്നതെന്നാണ് അസോസിയേഷന്റെ അഭിപ്രായം. തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുന്നതിനെക്കുറിച്ചും അസോസിയേഷന് ആലോചിക്കുന്നുണ്ട്. വിഷയം വ്യക്തമായി പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് അസോസിയേഷന് നേതൃത്വം.
അതേസമയം, കേസ് പിന്‍വലിക്കുന്നതിലുള്ള അതൃപ്തി സര്‍ക്കാരിനെ അറിയിച്ചുവെന്ന് കേശവേന്ദ്രകുമാര്‍ പറഞ്ഞു. കേസ് പിന്‍വലിക്കുന്നകാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും തന്റെ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് പിന്‍വലിക്കാനുള്ള തീരുമാനം തെറ്റാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പ്രതികരിച്ചു. കേസ് പിന്‍വലിക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടിട്ടില്ല.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അതൃപ്തി അറിയിക്കുമെന്നും ജോയ് പറഞ്ഞു. 2012 ഫെബ്രുവരിയിലാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനുമേല് ഒരുസംഘം കെഎസ്യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്.
പ്ലസ്വണ് ക്ലാസുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാണ് കരി ഓയില്‍ ഒഴിക്കുന്നതില്‍ കലാശിച്ചത്. കെഎസ്യു പ്രവര്‍ത്തകരുമായി കേശവേന്ദ്രകുമാര്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുമേല്‍ കരി ഓയില്‍ ഒഴിച്ചത്.
ഇതിനെതിരേ വ്യാപകപ്രതിഷേധമുയരുകയും ഐഎഎസ് അസോസിയേഷന് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍, പ്രവര്‍ത്തകരായ അജിനാസ്, അന്‍സാര്‍, ഷമിം, ശ്രീലാല്‍, വിഘ്നേശ്, ഷാനവാസ്, സാദിഖ് എന്നിവരെ പ്രതികളാക്കി പോലിസ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ കര്‍ശനവകുപ്പുകള്‍ പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം നേടുക തന്നെ വളരെ ദുഷ്കരമായിരുന്നു. 5.5 ലക്ഷം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് പ്രതികള്‍ പുറത്തിറങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് സിപ്പി നുറുദ്ദീനെ കെഎസ്യു പുറത്താക്കിയിരുന്നു.
കേസ് പിന്‍വലിക്കുന്നതിനായി പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കല്‍ ഹര്‍ജിയില്‍ അടുത്തമാസം അഞ്ചിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: