തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പാരമ്പര്യ ചികിത്സാരീതികള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് യശോ നായിക്. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രെഡിഷനല്‍ നോളജ് ഇന്നൊവേഷന് കേരള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയൂര്‍വേദ ചികിത്സാരീതിയെ ആധികാരികമായും ശാസ്ത്രീയമായും പരിപാലിച്ചുപോരുന്ന സംസ്ഥാനമാണ് കേരളം. മഹത്തായ അഷ്ടവൈദ്യന്മാരുടെ നാടാണിത്. അതുകൊണ്ടുതന്നെ ആയൂര്വേദത്ത ശാസ്ത്രീയമായി സംരക്ഷിക്കേണ്ട കടമ കേരളത്തിനുണ്ട്. കേന്ദ്രീകൃതമായ ഔഷധ ഉല്പന്നങ്ങളിലൂടെ അന്തരാഷ്ട്രതലത്തില്‍ സ്വീകാര്യത നേടിയെടുക്കാന്‍ നമുക്ക് കഴിയണം. അതുവഴി ആഗോളതലത്തില്‍ ഇതിന്റെ പ്രചാരം വര്‍ധിപ്പിക്കണം. അതോടൊപ്പം പൗരാണികമായ നമ്മുടെ ആയൂര്‍വേദ ചികിത്സാ അറിവുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ പേറ്റന്റ് കാത്തുസൂക്ഷിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
താളിയോലകളില്‍ നിന്ന് കണ്ടത്തെിയ അമൂല്യ ഔഷധങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഗുണമേന്മയേറിയ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അതുവഴി വിദേശനാണ്യ ലഭ്യതയടക്കം ഉറപ്പാക്കുകയും ചെയ്യുന്ന സംരംഭമാണ് ട്രെഡിഷനല്‍ നോളജ് ഇന്നൊവേഷന് കേരള. 10വര്‍ഷമായി ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പേറ്റന്റ്സെല് എന്ന പേരില്‍ നടന്നുവരുന്ന പദ്ധതിയെ സംസ്ഥാന പ്ലാന്‍ഫണ്ട് ഉപയോഗിച്ച് പരിഷ്കരിച്ചാണ് ഇത് രൂപവത്കരിക്കുന്നത്.
ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ തുടങ്ങുന്നതോടെ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ കേരളം സമ്പൂര്‍ണമായി ആയുര്‍വേദ ചികിത്സ ലഭിക്കുന്ന സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
താളിയോലകളില്‍ നിന്ന് കണ്ടെത്തിയ അറിവുകളുപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന അഞ്ചാമത് പുസ്തകത്തിന്റെ പ്രകാശനം ആസൂത്രണബോര്‍ഡ് അംഗം സി.പി. ജോണിന് നല്കി കെ. മുരളീധരന് എംഎല്‍എ നിര്‍വ്വഹിച്ചു. ഡ്രഗ് മാസ്റ്റര്‍ ഫയല്‍ തയാറാക്കുന്നതിനുള്ള ധാരണാപത്രം ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തൃശൂരിലെ കെയര്‍ കേരളം സി.ഇ.ഒ ഭാഗ്യനാഥന്മേനോന് കൈമാറി. അഷ്ടവൈദ്യന്‍ ഒളശ നാരായണന് മൂസിനെ ചടങ്ങില്‍ ആദരിച്ചു.
ആരോഗ്യസ്പെഷ്യല് സെക്രട്ടറി ഡോ.എം.ബീന, കൗണ്‍സിലര്‍ ഹരികുമാര്‍, ഐഎസ്എം ഡയറക്ടര്‍ ഡോ.അനിത ജേക്കബ്, ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. അശോക്, മെഡിസിനല്‍ പ്ലാന്ബോര്ഡ് സിഇഒ കെ.ജി. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡ്രഗ് കണ്ട്രോളര് ഡോ. എന്‍. വിമല, ആയൂര്‍വേദ കോളേജ് അധ്യാപകസംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: