തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നൂതന ദേശീയ തൊഴില്‍ നൈപുണ്യ വികസന നയം രൂപീകരിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ പുതിയ നയം നടപ്പാക്കും. ഇതോടെ തൊഴില്‍ നൈപുണ്യ വികസന രംഗത്ത് രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നൂതന സംരഭകത്വ പദ്ധതിയായ സന്ദേശ് വണ്ണിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഏഴു വര്‍ഷത്തിനകം രാജ്യത്ത് 50 കോടി തൊഴിലാളി കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. ഉന്നത അക്കാദമിക നിലവാരമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യഏറെ മുന്നിലാണെങ്കിലും ഇവരില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ വെറും രണ്ടു ശതമാനം മാത്രമാണ്.
കേരളത്തിലെ വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനായി 12-ാം പദ്ധതിക്കാലത്ത് അഞ്ചുകോടി തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനത്തിനു ലക്ഷ്യമിട്ടിട്ടുണ്ട്. 2022 ല്‍ അവസാനിക്കുന്ന പതിമൂന്നാം പദ്ധതിയില്‍ 45 കോടി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്കുന്നതില് പരിശീലകരുടെ അഭാവം വെല്ലുവിളി ഉയര്‍ത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പദ്ധതികളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും സന്ദേശ് വണ്‍ വനിതാ മന്നേറ്റത്തിന് ആക്കം കൂട്ടുമെന്നും റൂഡി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ‘സന്ദേശ് വണ്‍’ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ, ഷീ ടാക്സി തുടങ്ങിയ സ്ത്രീ ശാക്തീകരണ പദ്ധതികളിലൂടെ കേരളം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് വില്ലേജുപോലുള്ള പദ്ധതികളുടെ സേവനങ്ങള്‍ സന്ദേശ് വണ്ണിലൂടെ താഴെത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.കെ. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നൈപുണ്യവികസന കോര്പ്പറേഷന് എം.ഡി. ദിലീപ് എച്ച്. ഷേണോയ്, വനിതാ വികസന കോര്പ്പറേഷന് എംഡി പി.ടി.എം സുനീഷ്, പി.കെ. ശ്രീമതി എംപി, ഐഎല്‍ ആന്‍ഡ് എഫ്എസ് വൈസ് പ്രസിഡന്റ് ഡോ.അരുണ്‍ വര്‍മ്മ, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കിഷോര്‍ കുമാര്‍, സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഷാജഹാന്, ഓള്‍ട്ടര്‍നേറ്റ് ലൈഫ്സ്റ്റൈല്‍ ഡയറക്ടര്‍ ശാന്തി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: