ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി കയാക്കിങ്, കനോയിങ്, റോവിങ് എന്നീ ജലകായിക ഇനങ്ങള്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്.
തോമസ് ഐസക് എംഎല്‍എ ചെയര്‍മാനായ സമിതിയാണ് ആലപ്പുഴയിലെ ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എല്ലാം ചെയ്യുന്നത്. പുന്നമടയില്‍ വളരെ ചെലവുകുറച്ച് നടത്താന്‍ സാധിക്കുമായിരുന്ന മത്സരങ്ങള്‍ സ്വന്തം മണ്ഡലത്തിലെ ആര്യാട് പഞ്ചായത്തിലേക്ക് മാറ്റിയത് വികസന നേട്ടമായാണ് എംഎല്‍എ അവകാശപ്പെടുന്നത്. ഇതേസമയം തന്നെ ഗെയിംസുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന പ്രചാരണവും നടത്തുന്നതിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണു പുറത്തുവരുന്നത്.
ദേശീയ ഗെയിംസിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ സ്ഥലം കോടികള്‍ മുടക്കിയാണ് ഗ്രാവലിറക്കിയും മറ്റും നികത്തിക്കൊടുക്കുന്നത്. കൂടാതെ ഇവിടേക്ക് റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. കായലോരത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കല്‍ക്കെട്ട് നിര്‍മ്മിക്കുകയും ചെയ്തു. ഏതാണ്ട് പത്ത് കോടിയോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആര്യാട് പഞ്ചായത്തില്‍ നടക്കുന്നത്.
മത്സരങ്ങള്‍ നഗരത്തിലെ പുന്നമടയില്‍ നടത്തിയിരുന്നെങ്കില്‍ ഇതിന്റെ പത്തിലൊന്നു തുക പോലും മുടക്കേണ്ടി വരില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ശരിയാക്കി നല്‍കുന്നതിലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ദേശീയ ഗെയിംസിന്റെ ഭാഗമായി ആര്യാട് പഞ്ചായത്തില്‍ റോഡുകളും കല്‍ക്കെട്ടുകളും സ്ഥാപിച്ചത് എംഎല്‍എയുടെ ഇടപെടലുകള്‍ മൂലമാണെന്ന് പ്രചരണം നടത്തുകയും മറുഭാഗത്ത് പുന്നമടയില്‍ മത്സരങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കോടികള്‍ ലാഭിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രചരണം നടത്തി സിപിഎം പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്. ആലപ്പുഴയില്‍ തുഴച്ചില്‍ മത്സരങ്ങള്‍ ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെയും കയാക്കിങ്, കനോയിങ് മത്സരങ്ങള്‍ ഫെബ്രുവരി ഒമ്പതു മുതല്‍ 13 വരെയുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുവരെ ഇവിടെ പവലിയന് പോലും നിര്‍മ്മിച്ചു തുടങ്ങിയിട്ടില്ല. പുന്നമടയില്‍ സ്ഥിരം പവലിയന് ഉള്ള സാഹചര്യത്തിലാണ് ഈ ദുര്‍ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: