കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ സാക്ഷി വിസ്താരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതികളായ സരിതയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരാറുണ്ടായിരുനെന്നും അടുത്ത ബന്ധമുണ്ടെന്നും സാക്ഷിയായ സജാത് മൊഴി നല്കി.
ആദ്യഘട്ടത്തില്‍ എട്ടു പേരെയാണ് അന്വേഷണ കമ്മീഷന് വിസ്തരിക്കുന്നത്. സോളാര്‍കേസ് സംബന്ധിച്ച് ആദ്യം പരാതി നല്‍കിയത് പെരുമ്പാവൂര്‍ സ്വദേശിയായ സജാതാണ്. സജാതിന്റെ പരാതിയിന്മേലാണ് സോളാര്‍ വിവാദം കത്തിക്കയറിയത്.
ജിക്കുമോന് പറഞ്ഞതനുസരിച്ചാണ് സോളാര്‍ പദ്ധതിക്കായി സമീപിച്ചതെന്നും സജാത് മൊഴി നല്കി. സര്‍ക്കാറിന്റെ ധനസഹായം പദ്ധതിക്കു ലഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നതായി സജാത് പറഞ്ഞു. കൊച്ചിയില്‍ ഇന്ന് രാവിലെ 11നായിരുന്നു സോളാര്‍ കേസിലെ സാക്ഷി വിസ്താരത്തിന് തുടക്കമായത്.
പിന്നീട് പരാതി നല്കിയ ഏഴു പേരെയും വിസ്തരിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പേരില്‍ ആരോപണം ഉന്നയിച്ച പത്തനംത്തിട്ട സ്വദേശിയായ ശ്രീധരന്‍പിള്ളയെ ബുധനാഴ്ചയാണ് വിസ്തരിക്കുന്നത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ജനപ്രതിനിധികളെ ഈ മാസം 22ന് ചോദ്യം ചെയ്യും. ചിലരുടെ വിസ്താരം ഇതുവരെയും തീരുമാനിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കമ്മീഷന് വിസ്തരിക്കും. ഇരുവരെയും അവസാനമായിരിക്കും വിസ്തരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: