പന്തളം : മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ കൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നതോടെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.
പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കും. ജനവരി 14 ബുധനാഴ്ചയാണ് മകരവിളക്ക്. ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഇന്നലെ പുലര്‍ച്ചെ ഏറ്റുവാങ്ങി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള പ്രധാനപേടകം ശിരസ്സിലേറ്റി വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുവന്നു. അവിടത്തെ ശ്രീകോവിലില്‍ ദര്‍ശനത്തിനുവെച്ച ആഭരണങ്ങള്‍ വണങ്ങാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ആണ് ക്ഷേത്രത്തില്‍ എത്തിയത്.
ഏഴര മണിക്കൂര്‍ ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.15ന് ഉച്ചപൂജയ്ക്കായി നടയടച്ചു. തുടര്‍ന്ന് പന്തളം വലിയ തമ്പുരാന് രേവതി നാള് പി രാമവര്‍മ്മരാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന മകയിരം നാള് കേരളവര്‍മ്മ രാജയും ക്ഷേത്രത്തിലെത്തി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി വെണ്മണി തെക്കേടത്ത് ഇല്ലത്ത് അനില്കുമാരന് പോറ്റി ഉടവാള് വലിയ തമ്പുരാനെ ഏല്‍പ്പിച്ചു. തമ്പുരാന് അത് രാജപ്രതിനിധിക്കു നല്കി അനുഗ്രഹിച്ചു. കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന ഇരുപത്തിരണ്ട൦ഗ സംഘത്തെ വലിയ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിച്ചു. തുടര്‍ന്ന് ആരതി ഉഴിഞ്ഞ് തിരുവാഭരണങ്ങള്‍ പെട്ടിയിലാക്കുന്ന ചടങ്ങ് നടന്നു.
ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമായതോടെ ഭക്തരുടെ ശരണംവിളികളുടെ നടുവില്‍ ഘോഷയാത്ര പുറപ്പെട്ടു. തിരുവാഭരണങ്ങളടങ്ങിയ പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും,പൂജാപത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും,കൊടിപ്പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. തിരുവാഭരണ ഘോഷയാത്രക്ക് ക്ഷേത്രത്തിനു മുന്പില് ദേവസ്വംബോര്‍ഡ്,കൊട്ടാരം നിര്‍വാഹകസംഘം,ക്ഷേത്ര ഉപദേശകസമിതി എന്നിവരും മേടക്കല്ലില്‍ പോലീസും,പ്രധാന കവാടത്തിന്റെ മുന്പില് പഞ്ചായത്ത്,ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്,ഫയര്‍ ഫൊഴ്സും ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോകുന്ന വഴിയില്‍ അയ്യപ്പസേവാ സമാജവും മണികണ്oന് ആല്‍ത്തറയില്‍ അയ്യപ്പസേവാ സംഘവും സ്വീകരണം നല്കി.
ഘോഷയാത്ര ക്ഷേത്രം വലം വെച്ച് മേടക്കല്ല് വഴി മണികണ്൦ന് ആല്ത്തറയിലെക്ക് നീങ്ങി.രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണത്തെ അനുഗമിച്ചു.
തുടര്‍ന്ന് പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തി.രാജപ്രതിനിധി കൊട്ടാരനടയില്‍ ഉടവാളും പരിചയും വെച്ചശേഷം വലിയ തമ്പുരാട്ടി മകം നാള് തന്വ൦ഗി തമ്പുരാട്ടിയില്‍ നിന്ന് ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടി യാത്ര തുടര്‍ന്നു.
ഏആര്‍ ക്യാമ്പ് അസിസ്റന്റ് കമാന്‍ഡന്റ് പി കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സായുധപൊലീസ് സംഘം ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ പി കെ കുമാരന്,സുഭാഷ് വാസു,ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍,ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്,സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണനമേനോന്,ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ്,എസ് പി ഡോ.കെ ശ്രീനിവാസ് ഐ പി എസ്, എന്നിവരും ഘോഷയാത്ര പുറപ്പെടുന്നതു കാണാനെത്തിയിരുന്നു.
ഘോഷയാത്ര കൈപ്പുഴ ക്ഷേത്രം ചുറ്റി കുളനട വഴി ഉള്ളന്നൂര്‍, ആറന്മുള, ചെറുകോല്‍പ്പുഴ എന്നിവിടങ്ങളിലൂടെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി രാത്രി അവിടെ വിശ്രമിക്കും. ജനവരി 13 ചൊവ്വാഴ്ച കോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രം, പേരൂര്‍ചാല്‍, റാന്നി, വടശ്ശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, മാടമണ്‍ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട്, ളാഹതേവര്‍ ക്ഷേത്രം വഴി ളാഹ ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
മകരവിളക്ക് ദിവസമായ ബുധനാഴ്ച പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും. പിന്നീട് പതിനെട്ടാം പടിക്കു താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാന പെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പെട്ടി ഏറ്റുവാങ്ങി നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: