പന്തളം : മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും.
ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഇന്ന് പുലര്‍ച്ചെ ഏറ്റുവാങ്ങി വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുവരും. വെളുപ്പിനെ നാലുമണി മുതല്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലെ തിരുവാഭരണം ദര്‍ശനത്തിനുവെക്കും.
ഉച്ചയ്ക്ക് 12 മണിക്ക് പന്തളം വലിയ തമ്പുരാന് രേവതി നാള് പി. രാമവര്‍മ്മരാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന മകയിരം നാള് കേരളവര്‍മ്മരാജയും ക്ഷേത്രത്തിലെത്തും.
12.30ന് നടയടച്ച് വിശേഷാല്‍ പൂജ നടത്തിയതിനു ശേഷം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വെണ്മണി തെക്കേടത്ത് ഇല്ലത്ത് അനില്കുമാരന് പോറ്റി ഉടവാള് വലിയ തമ്പുരാനെ ഏല്‍പ്പിക്കും. തമ്പുരാന് അത് രാജപ്രതിനിധിക്കു നല്കി അനുഗ്രഹിക്കും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ നിരാഞ്ജനം ഉഴിഞ്ഞ് പേടകങ്ങളിലാക്കും.
ഒന്നാം പേടകത്തില്‍ ആയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും രണ്ടാമത്തെ പെട്ടിയില്‍ സ്വര്ണപൂജാപാത്രങ്ങളും മുന്നാം പേടകത്തില്‍ ഏഴുന്നള്ളത്തിനുള്ള കൊടിയുമാണു ശിരസിലേറ്റി ഘോഷയാത്രയായി സന്നിധാനത്തേക്കു കൊണ്ട് വരിക.
കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന ഇരുപത്തിരണ്ട് അംഗ സംഘത്തെ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിക്കും. തുടര്‍ന്ന് ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമാകുന്നതോടെ ഭക്തരുടെ ശരണംവിളികളുടെ നടുവില്‍ ഘോഷയാത്ര പുറപ്പെട്ടും.
രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണത്തെ അനുഗമിക്കും. ഏആര്‍ ക്യാമ്പ് അസിസ്റന്റ് കമാന്‍ഡന്റ് കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സായുധപൊലീസ് സംഘം ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: