രാമനാട്ടുകര: ഭാരതസംസ്കാരം നിലനിര്‍ത്തുന്നതിനായി കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ അവരെ വളര്‍ത്തണമെന്നും മന്ത്രി ആര്യാടന് മുഹമ്മദ്. നമ്മുടെ സംസ്കാരം നശിച്ചാല്‍ ഭാരതം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാകിസ്ഥാനില്‍ താലിബാന് നടത്തുന്നത് കൂട്ടക്കൊലയാണ്. മതത്തിന്റെ പേരു പറഞ്ഞ് കാട്ടാളത്തമാണ് അവിടെ നടക്കുന്നത്. ആത്മീയതക്ക് പ്രാധാന്യം നല്‍കാതെ ഭൗതികതയില്‍ ഉറച്ചു നിന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഭാരതത്തില്‍ ആത്മീയതക്കും ഭൗതീയതക്കും തുല്ല്യപ്രാധാന്യമാണ് എന്നും നല്‍കിയിരുന്നത്.
ഒരു കാലത്ത് ഭാരതത്തില്‍ മുഴുവന്‍ ഹിന്ദുക്കളായിരുന്നു. തന്റെ പൂര്‍വ്വികരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. ഹിന്ദു എന്നത് ഒരു മതമായിരുന്നില്ല. അതൊരു ജീവിതരീതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമത് എത്തിയ കോഴിക്കോട് ജില്ലാ ടീമിനുള്ള ട്രോഫി മന്ത്രി സമ്മാനിച്ചു.
ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. മാധവന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ഡോ. പി. കെ. മാധവന് ദീപം തെളിയിച്ച് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാലിനുള്ള ഉപഹാരം സങ്കുല്‍ മാതൃസമിതി പ്രസിഡന്റ് എം. രാജി, നിവേദിത വിദ്യാപീഠം മാതൃസമിതി പ്രസിഡന്റ് പി. ശ്രീജ, ക്ഷേമസമിതി പ്രസിഡന്റ് പി. വിശ്വനാഥന്, സ്കൂള്‍ സമിതി വൈസ് പ്രസിഡന്റ് പി. ദേവദാസ്, സീനിയര്‍ അദ്ധ്യാപിക പുഷ്പലത എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. കനകദാസ് പേരാമ്പ്ര, പ്രവിജ്, പ്രകാശന് പയ്യടി മീത്തല്‍, പ്രകാശന് ബേപ്പൂര്‍, ചന്ദ്രന് പ്രബോധിനി, സുനില്‍ തേഞ്ഞിപ്പലം, മാതാ പേരാമ്പ്രയിലെ കലാകാരന്മാര്, നിവേദിതാ കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. സാബു അവലോകന പ്രസംഗം നടത്തി. വിജയ് ഗണേശ് കുല്‍ക്കര്‍ണി, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ. സി. ഗോപിനാഥ്, സ്വാഗതസംഘം ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന് പിള്ള, ജനറല്‍ കണ്‍വീനര്‍ സി.കെ. വേലായുധന്, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഫാറൂഖ് എ.സി. അശോകന്, എം.വി. ഗോകുല്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. എം. മുകുന്ദന് ധ്വജാവരോഹണം നടത്തി.
12-ാം സംസ്ഥാന കലോത്സവം നടക്കുന്ന ആലപ്പുഴ ജില്ലാ പ്രതിനിധികള്‍ കലോത്സവ പതാക ഏറ്റുവാങ്ങി. ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി എം. മോഹനന് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി. ചന്ദ്രന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: