കൊല്ലം: ആയുര്‍വേദത്തിന്റെ അക്ഷയഖനിയായിരുന്ന ഡോ. കെ.രാജഗോപാല്‍ ഇനി ദീപ്തമായ ഓര്മ. പത്മശ്രീ ജേതാവുകൂടിയായ അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ഉച്ചക്ക് 11.30ന് ഔദ്യോഗിക ബഹുമതികളോടെയാണ് പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചത്. കേന്ദ്രമന്ത്രി ശ്രീപദ് യശോ നായക് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ആയുര്‍വേദമേഖലയില്‍ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എം. സുനില്‍, വൈസ് പ്രസിഡന്റ് എസ്. ദിനേശ്കുമാര്‍, മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു, ജില്ലാ കണ്‍വീനര്‍ ഡോ. സി.എസ്. സാജന്, മീഡിയാ സെല്‍ കണ്‍വീനര്‍ അഡ്വ. ജി. ഗോപകുമാര്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. കല്ലൂര്‍ കൈലാസ് നാഥ്, മന്ത്രി കെ. ബാബു, പി.കെ. ഗുരുദാസന് എംഎല്‍എ, എന്‍.കെ. പ്രേമചന്ദ്രന് എംപി, എഡിഎം രാധാകൃഷ്ണന്‍നായര്‍ എന്നിവരടക്കം നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.
ആയുര്‍വേദ ചികിത്സകനായ ഡോ. കെ. രാജഗോപാല്‍ (84) ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അദ്ദേഹം സ്വകാര്യാശുപത്രിയില്‍ ആഴ്ചകളായി ചികിത്സയിലായിരുന്നു. പരേതനായ ഡോ. എം.പി. കൃഷ്ണന്റെയും ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും പ്രഗല്ഭയായ ഡോ. പി. കല്യാണിക്കുട്ടിയമ്മയുടെയും മകനായ രാജഗോപാല്‍ വീടിനോട് ചേര്‍ന്നുള്ള എം.പി. കൃഷ്ണന് വൈദ്യന് മെമ്മോറിയല്‍ ശ്രീകൃഷ്ണവിലാസം ഫാര്‍മസി നടത്തിവരികയായിരുന്നു.
ആയുര്‍വേദ വിഭാഗത്തിനെതിരെ അലോപ്പതി മേഖലയില്‍ നിന്ന് നിരന്തരം ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ 1984 ല്‍ രൂപീകൃതമായ ആയൂര്‍വേദ ഐക്യവേദിയുടെ പ്രഥമ ചെയര്‍മാനും രാജഗോപാലനായിരുന്നു.
1990 മുതല്‍ ആള് ഇന്ത്യാ ആയുര്‍വേദിക് കോണ്‍ഗ്രസ് കേരള ഘടകം സീനിയര്‍ വൈസ് പ്രസിഡന്റ് കേരള, എം.ജി-കാലിക്കറ്റ്-മദ്രാസ്-ഭാരതീയാര്‍ സര്‍വകലാശാലകളില്‍ പരീക്ഷകനും ഭാരതത്തിലെ ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ പരമോന്നത സമിതിയായ സിസിഐഎമ്മില് നോമിനേറ്റഡ് മെമ്പറുമായിട്ടുണ്ട്.
കേരള സര്‍ക്കാര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, സയന്‍സ് ആന്റ് ടെക്നോളജി കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ സേവനമുനുഷ്ടിച്ച രാജഗോപാലന്‍ 1996 ല്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ ആയുര്‍വേദ -ഹോമിയോപ്പതി ടാസ്ക് ഫോഴ്സ് ചെയര്‍മാനുമായിരുന്നു.
ആയുര്‍വേദവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണല്‍ അക്കാഡമി ഓഫ് ഇന്ത്യന്‍ മെഡിസിന് ഫെല്ലോഷിപ്(1985), നാഷണല്‍ അക്കാഡമി ഓഫ് ആയൂര്‍വേദ എഫ്എന്എഎ ഫെല്ലോഷിപ്(1999) എന്നിവ ലഭിച്ചിട്ടുണ്ട്.
2003ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. പരേതയായ ആനേപ്പില്‍ പി.കെ. സരളമ്മയാണ് ഭാര്യ. മക്കള്‍: ഡോ. കല്യാണിക്കുട്ടി നവീനചന്ദ്രന്‍, ഡോ. രുക്മിണി രാജന്, കൃഷ്ണകുമാരി ഗോള്‍ഡന്‍, ജയലക്ഷ്മി ദത്തന്, പരേതനായ ഡോ. ആര്.ജി. കൃഷ്ണന്. മരുമക്കള്‍: ഡോ. കെ.പി. നവീനചന്ദ്രന്‍, ഡോ. രാജന് ഗോള്‍ഡന്‍ (റിട്ട.എജി ഓഫീസ്), ടി.ഡി.ദത്തന്, ഡോ. വിജയശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: