എരുമേലി: നിലാകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപരുന്തിനെയും ഉദിച്ചുയര്‍ന്ന ശുഭ്രതാരകത്തെയും സാക്ഷിയാക്കി ഭക്തലക്ഷങ്ങള്‍ എരുമേലിയില്‍ പേട്ടകെട്ടി. ഇന്നലെ രാവിലെ 11.45ഓടെ അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്റെ സാമിപ്യം അറിയിച്ച് ശ്രീകൃഷ്ണപരുന്ത് എത്തിയതോടെ അമ്പലപ്പുഴദേശക്കാര് ആനന്ദനൃത്തമാടി പേട്ടകെട്ടി.
ചെണ്ടയും വീക്കനും ഇലത്താളവും ഉള്‍പ്പെടെയുള്ള വാദ്യമേളത്തിനൊപ്പം ശരണാരവങ്ങളുടെ പശ്ചാത്തലത്തിലാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍നിന്നും തുടങ്ങിയത്. സ്വാമി തിന്തകത്തോം അയ്യപ്പന് തിന്തകത്തോം എന്ന ആര്‍പ്പുവിളികളോടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെയും കൊച്ചമ്പലത്തില്നിന്നുമെത്തിയ പേട്ടസംഘത്തെ വാവരുപള്ളിയില്‍ അധികൃതര്‍ സ്വീകരിച്ചു.
സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, പ്രസിഡന്റ് ആര്.ശങ്കരന് അടക്കമുള്ള തീര്‍ത്ഥാടക സംഘം പള്ളിയില്‍ പ്രദക്ഷിണംവെച്ച് വലിയമ്പലത്തിലേക്ക് നീങ്ങി. വര്ണ്ണചായങ്ങളും പാണല്‍ ഇലകളും അലങ്കാരമാക്കി ലക്ഷങ്ങളാണ് പേട്ടതുള്ളലില്‍ പങ്കെടുത്തത്.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് ശേഷം ഉച്ചക്ക് 3.40ഓടെ നീലാകാശത്തില്‍ ഉദിച്ചുയര്‍ന്ന ശുഭ്രതാരകത്തെ സാക്ഷിയാക്കി പിതൃസ്ഥാനീയരായ ആലങ്ങാട്ടുസംഘം കൊച്ചമ്പലത്തില്‍നിന്നും പേട്ടതുള്ളിയിറങ്ങി. ശുഭ്രവസ്തങ്ങളണിഞ്ഞ് ചന്ദന കളഭകുറികള് പൂശി എത്തിയ ആലങ്ങാട്ടുസംഘം ദേവവാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായി വലിയമ്പലത്തിലേക്ക് കടന്നു. ആലങ്ങാട്ടുയോഗം ഗുരുസ്വാമി എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കുറിയെത്തിയത്.
മഹിഷി നിഗ്രഹത്തിനുശേഷം അയ്യപ്പസ്വാമിയുടെ കൂടെ വാവരും ശബരിമലയിലേക്ക് പോയെന്ന വിശ്വാസത്തില്‍ ആലങ്ങാട്ടുസംഘം പള്ളിയില്‍ കയറാതെ സ്വീകരണം ഏറ്റുവാങ്ങിയാണ് വലിയമ്പലത്തിലേക്ക് പോയത്.
അമ്പലപ്പുഴ ആലങ്ങാട്ടു ദേശങ്ങളിലെ ക്ഷേത്ര മേല്‍ശാന്തിമാര്‍ പൂജിച്ചുനല്‍കിയ തിടമ്പും മുദ്രവടിയും ഭസ്മക്കിഴിയും ഗോളകയും കൊടിയുമേന്തി നെറ്റിപ്പടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടുകൂടി ഭക്തസഹസ്രങ്ങള്‍ പേട്ടതുള്ളിയപ്പോള്‍ ശരണമന്ത്ര മലരുകളുമായി ഭക്തലക്ഷങ്ങള്‍ ഒപ്പംചേര്‍ന്നു. കൊച്ചമ്പലത്തിലെത്തിയ പേട്ടസംഘങ്ങളെ മേല്‍ശാന്തി ശ്രീവത്സന്‍ അര്‍ച്ചനയും വഴിപാട് പ്രസദവും നല്കി സ്വീകരിച്ചു.
വലിയമ്പലത്തില്‍ പേട്ടസംഘങ്ങളെ ദേവസ്വം ഭാരവാഹികളും മേല്‍ശാന്തിമാരായ ജഗദീഷ് നമ്പൂതിരിയും ജിഷ്ണു സി. പെരിയമനയും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്കി ആചാരാനുഷ്ഠാനങ്ങളോടെയാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: