കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പുതിയ മാനദണ്ഡങ്ങള്‍ സാമൂഹിക സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന എല്ലാവരെയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും അശാസ്ത്രീയവും അപലപനീയവുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവും മിഴിവും മാനദണ്ഡമാക്കേണ്ട സാഹചര്യത്തില്‍ പ്രവേശന പരീക്ഷകള്‍ കുറ്റമറ്റതും നിലവാരമുള്ളതുമാകണം.
പ്രവേശനം ലഭിച്ച അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയും കുറഞ്ഞ മാര്‍ക്കില്‍ പാസായ വിദ്യാര്‍ത്ഥിയും പഠിക്കേണ്ടത് ഒരേ സിലബസും പരീക്ഷ എഴുതേണ്ടത് ഒരേ ചോദ്യപ്പേപ്പറുമാകുമ്പോള് ഇത് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വഴിതെളിക്കും.
ആവശ്യപ്പെടുന്നവര്‍ക്കെല്ലാം സ്വാശ്രയ കേളേജുകള്‍ അനുവദിച്ച് ഒരു പ്രതിസന്ധിയിലെത്തിയപ്പോള് അവരെ സഹായിക്കാന്‍ പ്രവേശന പ്പരീക്ഷയുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് കോളേജുകള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഒരു തലമുറയെ ബാധിക്കുന്ന നയപരമായ കാര്യങ്ങളില്‍ അല്പം കൂടി സംയമനം പാലിക്കുകയും സമഗ്രപഠനത്തിന് ശേഷം മാത്രം തീരുമാനിക്കുകയും ചെയ്യേണ്ടതെന്ന് ഫ്രാന്‍സിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: