കോഴിക്കോട്: ഒമ്പത് വേദികളിലായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവ നഗരിയില്‍ തിക്കുംതിരക്കുകളുമില്ല. പരിഭവങ്ങളും പ്രശ്നങ്ങളുമില്ല. അടുക്കും ചിട്ടയോടും എങ്ങിനെ കലോത്സവം നടത്താമെന്ന് കലാപരമായി തെളിയിക്കുകയാണ് ഭാരതീയ വിദ്യാനികേതന്‍ കലോത്സവം.
രാമനാട്ടം 2015 എന്ന പേരില്‍ രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന പതിനൊന്നാമത് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം അനുകരിക്കാവുന്ന മാതൃകയായി മാറുകയാണ്. അപ്പീലും തകര്ക്കങ്ങളുമില്ല. രക്ഷിതാക്കള്‍ തമ്മിലുള്ള വടംവലിയുമില്ല. ആരോഗ്യകരമായ കലാമത്സരത്തിന്റെ സൗഹൃദത്തിരയിളക്കം മാത്രം. മത്സരത്തിന്റെ കണിശത വെച്ചുപുലര്ത്തിക്കൊണ്ടു തന്നെ കലോത്സവങ്ങളിലെ അനാരോഗ്യപ്രവണതകളെ അകലെ നിര്‍ത്തിയിരിക്കുകയാണ് വിദ്യാനികേതന്‍. പഞ്ചാംഗ ശിക്ഷണം എന്ന വിദ്യാഭ്യാസ രീതിയില്‍ പ്രധാനമാണ് സര്‍ഗ്ഗപ്രതിഭയെ പരിപോഷിപ്പിക്കുന്നതെന്ന ആശയമാണ് കലോത്സവത്തിലൂടെ സുന്ദരമായി ആവിഷ്ക്കരിക്കപ്പെടുന്നത്.
സര്‍ക്കാറിന്റെ സാമ്പത്തിക സഹായമോ വന്‍ കോര്‍പ്പറേറ്റുകളുടെ പരസ്യപ്പലകയോ ഇല്ലാതെ തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെയാണ് കലോത്സവം മുന്നേറുന്നത്. നിവേദിത വിദ്യാപീഠത്തിന്റെ സ്ഥലപരിമിതികള്‍ പോലും മേളയുടെ ശോഭ കെടുത്തുന്നില്ല. പ്രോഗ്രാം ഓഫീസ് മുതല്‍ ഭക്ഷണശാല വരെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഭാരവാഹികളായ എന്‍സി.ടി. രാജഗോപാല്‍, എ.സി. ഗോപിനാഥ്, പി.നന്ദന്‍മാസ്റ്റര്‍ എന്നിവര്‍ കലാമേളയുടെ പൂര്‍ണ്ണ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നു. ജനറല്‍ കണ്‍വീനറായ സി.കെ.വേലായുധന്‍മാസ്റ്റര്‍, ജോയിന്റ് ജനറല്‍ കണ്‍വീനറായ എം.വി. ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ടി.വിജയന്, കെ.വി. ചന്ദ്രന്‍മാസ്റ്റര്‍, പി.ജിജേഷ്, എ.സി. അശോകന്, ടി.ബൈജു, ഒ.അപ്പുക്കുട്ടന് തുടങ്ങിയ കര്‍മ്മനിരതരായ പ്രവര്‍ത്തകരാണ് കലാമേളയെ അവിസ്മരണീയമാക്കി മാറ്റുന്നതിന് പിന്നിലെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: