കൊട്ടാരക്കര: മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാവായിരുന്ന കൊട്ടാരക്കര ശ്രീധരന് നായരുടെ കുടുംബം ബിജെപിയില്‍ അംഗങ്ങളായി. ഭാര്യ വിജയലഷ്മി അമ്മ, മകളും പ്രസിദ്ധ സിനിമാനടിയുമായ ശോഭാമോഹന്‍, മറ്റൊരു മകളായ ബീനകൃഷ്ണകുമാര്, മരുമകന് അഡ്വ: കൃഷ്ണകുമാര്‍, എന്നിവരാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.
താമരപൂവ് നല്കി എം.ടി.രമേശ് എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മലയാള സിനിമയെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നതിന് കുടുംബം പോലും മറന്ന് പ്രയത്നിച്ച അതുല്യകലാകാരന്റ കുടുംബത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടന്ന് എം.ടി.രമേശ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള ശ്രീധരന് നായരുടെ മകളുടെ വീട്ടില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഭാരതത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദിയുടെ പാര്‍ട്ടിയായ ബിജെപിയില്‍ അംഗത്വമെടുക്കുന്നതില്‍ അഭിമാനമുണ്ടന്ന് കൊട്ടാരക്കരയുടെ ഭാര്യ വിജയലഷ്മി അമ്മ പറഞ്ഞു.
യുവതയുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബിജെപി സര്‍ക്കാര്‍ എടുക്കുന്ന ധീരമായ നടപടികളാണ് തന്നെ പാര്‍ട്ടിയിലെക്ക് ആകര്‍ഷിച്ചതെന്ന് സിനിമ നടി കൂടിയായ ശോഭാമോഹന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ: വയയ്ക്കല്‍ സോമന്, നേതാക്കളായ ജി.ഹരി, കെ.ആര്.രാധാകൃഷ്ണന്, ഹരി മൈലംകുളം, ചാലുക്കോണം അജിത്ത്, രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും, ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്കിയ കൊട്ടാരക്കര ചേട്ടന് എന്നറിയപ്പെട്ടിരുന്ന കൊട്ടാരക്കര ശ്രീധരന് നായര്‍ 1986 ഒക്ടോബര്‍ 19 നാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്.
1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും, 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടേ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത് മലയാള സിനിമക്ക് കിട്ടിയ അംഗീകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: