ന്യൂദല്‍ഹി: കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്നഭ്യര്ത്ഥിച്ച് കേരളം കേന്ദ്രസര്‍ക്കാരിന് നിവേദനം നല്കി. നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കൂടിക്കാഴ്ച നടത്തി.
മണ്ണെണ്ണ വിഹിതം കുറച്ച സാഹചര്യം കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അനൂപ് ജേക്കബ് കേന്ദ്രത്തെ ധരിപ്പിച്ചു. മൂന്നുമാസം കൂടുമ്പോള്‍ 30,048 കിലോ ലിറ്റര്‍ മണ്ണെണ്ണ വിഹിതം ലഭിച്ചിരുന്നത് ഒരു ക്വാര്‍ട്ടറില്‍ 22,464 കിലോ ലിറ്ററായി കുറച്ചിരുന്നു. മത്സ്യ ബന്ധന, കൃഷി മേഖലകളിലെ മണ്ണെണ്ണ വിതരണത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രപെട്രോളിയം മന്ത്രിയോട് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആനുപാതികമായാണ് മണ്ണെണ്ണ വിഹിതം കുറച്ചിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്കി.
എന്നാല്‍ കേരളത്തിന്റെ കാര്യം പ്രത്യേകമായി കണക്കിലെടുത്ത് വിഹിതം പുനസ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി മന്ത്രി അനൂപ് ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മത്സ്യ മേഖലയിലെ മണ്ണെണ്ണയുടെ ആവശ്യകത കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തിയതായും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: