ഓരോ ഹിമാലയ തീര്‍ത്ഥാടനവും സഞ്ചാരിയുടെ മനസ്സില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സമ്മാനിച്ച് യാത്രികന്റെ ഉള്ളില്‍ ആനന്ദത്തിന്റെ അലകള്‍ നിറയ്ക്കുന്നു. വൈവിധ്യമാര്‍ന്ന സസ്യലതാദികളും പൂത്തുലഞ്ഞു നില്ക്കുന്ന മനോഹര പുഷ്പങ്ങളും അവിടവിടെയായി കാണപ്പെടുന്ന നീര്‍ച്ചാലുകളും തടാകങ്ങളും തീര്‍ച്ചയായും ഏത് മനസ്സിനെയാണ് ആര്‍ദ്രമാക്കാത്തത്. എത്രകണ്ടാലും മതിവരാത്ത, എത്ര അനുഭവിച്ചാലും തീരാത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ അലംകൃതമാണ് പുണ്യഹിമാലയം. എന്നാല്‍ സാധാരണയായി ഹിമാലയയാത്ര, ബദരി, ഗംഗോത്രി, യമുനോത്രി, ഏറിയാല്‍ കൈലാസയാത്രയില് ഒതുങ്ങും. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഹിമാലയത്തിന്റെ മുക്കിലും മൂലയിലും നിരന്തരം യാത്രചെയ്ത് അവിടെയുള്ള പുണ്യതീര്‍ത്ഥങ്ങളെ സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിവരുന്ന ഒരേ ഒരാള്‍ എം.കെ. രാമചന്ദ്രനാണ്. ഹിമാലയത്തിലെ അതിനിഗൂഢമായ താഴ്വരകളില്‍ക്കൂടി സഞ്ചരിച്ച് താന്‍ കണ്ടുമുട്ടിയ യോഗിവര്യന്മാരേയും തീര്‍ത്ഥസ്ഥാനങ്ങളേയും വിശദമായി പരിചയപ്പെടുത്തിത്തരുന്ന മറ്റൊരു മലയാളി നമുക്കിടയിലില്ല.
രാമചന്ദ്രന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നാലുകൃതികള്‍ (തപോഭൂമി ഉത്തരഖണ്ഡ്, ഉത്തരഖണ്ഡിലൂടെ, ആദി കൈലാസയാത്ര, ദേവഭൂമിയിലൂടെ ) സാധാരണ തീര്ത്ഥാടകന് ഏറെ പ്രയോജനകരമാണ്. അനവധി പേരെ തീര്‍ത്ഥാടനത്തിന്റെ ആസ്വാദ്യതയിലേക്ക് ഉയര്‍ത്താനും ഈ ഗ്രന്ഥങ്ങള്ക്കായിട്ടുണ്ടെന്ന് നിസംശയം പറയാം. എം.കെ. രാമചന്ദ്രനുമായി പ്രദീപ് കൃഷ്ണന് നടത്തിയ അഭിമുഖത്തില്‍ നിന്നും.
താങ്കള്‍ എങ്ങനെയാണ് ഒരു യാത്രികനായത്?
കുടുംബപരമായി ആത്മീയപശ്ചാത്തലമുണ്ടായിരുന്നെങ്കിലും മഹാഭാരതത്തിലേയും രാമായണത്തിലേയും കഥകള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ ഭാരതീയ സംസ്കാരത്തെക്കുറിച്ചോ ആര്‍ഷ കൃതികളെക്കുറിച്ചോ കാര്യമായ അറിവുണ്ടായിരുന്നില്ല. ദുബായിയില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ 39-ാം വയസ്സില്‍ യാദൃച്ഛികമായി അവിടുത്തെ ബ്രിട്ടീഷ് ലൈബ്രററിയില്‍ വച്ചുകണ്ട ബെംഗലൂരുവില്‍ ജനിച്ചുവളര്‍ന്ന ഇംഗ്ലീഷുകാരന് യോഗികളെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്നെ വല്ലാതെ സ്വാധീനിച്ചു. അക്കൊല്ലം നാട്ടില്‍ വന്നപ്പോള്‍ ഭഗവദ്ഗീത വായിച്ചുതുടങ്ങി. പിന്നെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം തര്‍ജ്ജമ വായിച്ചു. ഗഹനമായി സംസ്കൃതം അറിഞ്ഞാല്‍ മാത്രമേ നമ്മുടെ പുരാണേതിഹാസങ്ങളിലെ ആന്തരാര്‍ത്ഥം മനസ്സിലാക്കാനാവൂ എന്ന് മനസ്സിലാക്കി. ഇതേസമയം ദുബായിയിലെ അന്തര്‍ദ്ദേശീയ കമ്പനിയിലെ ജോലിഭാരം കാര്യമായി കൂടിയതിനാല്‍ എന്റെ സഹപ്രവര്‍ത്തകരെ വിസ്മയപ്പെടുത്തി ഞാന്‍ വിശ്രമജീവിതം നയിക്കാന്‍ തീരുമാനിച്ചു. നാട്ടിലെത്തിയപ്പോള്‍ ഈ പുണ്യഭൂമി മുഴുവന്‍ കാണണമെന്ന കലശലായ മോഹത്താല്‍ കന്യാകുമാരി മുതല്‍ മൂകാംബിക വരെയുള്ള എല്ലാ പുണ്യസ്ഥലങ്ങളും നിരവധി തവണ സഞ്ചരിച്ചു. പിന്നെ ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങളായ കാശി, ബദരി, കേദാര്‍, യമുനോത്രി, ഗംഗോത്രി ഒക്കെ സഞ്ചരിച്ചു. ആദ്യയാത്രയില്ത്തന്നെ മഹത്തായ ഹിമാലയം എന്റെ മനസ്സ് വല്ലാതെ കീഴടക്കി.
എത്ര തവണ ഹിമാലയ പര്യടനം നടത്തിയിട്ടുണ്ട്?
എത്രതവണ പോയി എന്നതിന് ഒരു കണക്കുമില്ല. ഹിമാലയം എന്നാല്‍ ഇന്ന് വിവക്ഷിക്കപ്പെടുന്നത് ചതുര്‍ധാമങ്ങള്‍ മാത്രമാണ്. ഹിമാലയത്തിന് അഞ്ച് മുഖങ്ങളുണ്ട്. കിഴക്കന്‍ ഹിമാലയം, ജമ്മു-കാശ്മീര്‍ ഹിമാലയം, കുമയൂണ്‍ ഹിമാലയം, ഹിമാചല്‍ പ്രദേശിലെ ഹിമാലയം, ഗാന്ധ്വാള് ഹിമാലയം. ഈ അഞ്ച് ഹിമാലയങ്ങളും ഭാരതത്തിന്റെ വാതായനങ്ങളാണ്. ഇത്തരത്തില്‍ അഞ്ച് പ്രവേശന ദ്വാരങ്ങളുള്ള മറ്റൊരു രാഷ്ട്രവും ഭൂമിയിലില്ല. ഈ അഞ്ചുപ്രവിശ്യകളിലായാണ് ഹിന്ദുസംസ്കാരം ഉടലെടുത്ത സ്ഥലങ്ങള്‍ മുഴുവനും സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്ന് ഹിമാലയയാത്രയെന്നാല് ചതുര്‍ധാമങ്ങളും കൈലാസസന്ദര്ശനവും മാത്രമായിച്ചുരുങ്ങി.
യാത്രകള്‍ നല്കിയ അനുഭവങ്ങള്‍?
ഭാരതസംസ്കാരത്തെ അടുത്തറിയാനും ഈ പുണ്യഭൂമിയിലെ ദര്‍ശനങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ഹിമാലയന്‍ യാത്രകള്‍ സഹായിച്ചു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത ഇവയ്ക്കെല്ലാം ബീജാവാപം നല്കിയ ഭൂമിയിലൂടെയുള്ള യാത്ര ഏതൊരു ഭാരതീയനേയും അഭിമാനത്തിന്റെ ഔന്നത്യത്തിലെത്തിക്കും. എനിക്ക് ക്രിയായോഗം അനുഷ്ഠിക്കുന്ന സന്യാസി സമൂഹങ്ങളെ കാണാനും അടുത്തിടപഴകാനുമായി. സൂക്ഷ്മശരീരത്തെ ഇണക്കിയെടുക്കുന്ന അത്ഭുത വിദ്യയായ ക്രിയായോഗം പഠിക്കാനായത് എന്റെ ഭാഗ്യമായി കരുതുന്നു. നാം തന്നെ ഈശ്വരനാണെന്നുള്ള അനുഭവം ക്രിയായോഗങ്ങളിലൂടെ നേടാനാകും.
ഹിമാലയ തീര്‍ത്ഥാടനം കൊണ്ടുള്ള പ്രയോജനങ്ങള്‍?
ഓരോ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഹിമാലയം ഉര്ജ്ജകേന്ദ്രമാണ്. ഹിമാലയത്തിന്റെ ഉന്നത ഗിരിശൃംഗങ്ങളില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം മൊറ്റൊരിടത്തുനിന്നും ലഭിക്കില്ല. നമ്മുടെ പ്രപഞ്ചം പൂര്‍ണമായും ഊര്‍ജ്ജകണങ്ങളാല്‍ നിറഞ്ഞിരിക്കുന്നതായി ആധുനിക ശാസ്ത്രം അംഗീകരിക്കുന്നുണ്ടല്ലോ. ഇത്തരം ഊര്ജ്ജകേന്ദ്രങ്ങളുമായുള്ള സാമീപ്യവും ആ പ്രദേശങ്ങളിലെ ധ്യാനവും ഒരു വ്യക്തിയെ അവന്റെ സൂക്ഷ്മശരീരവുമായി ബന്ധപ്പെടുത്താനും പ്രസ്തുത ശരീരത്തെ ചാര്‍ജ്ജുചെയ്യാനും സഹായിക്കും. വ്യക്തിയുടെ ശരീരം, മനസ്സ്, ബുദ്ധി സമന്വയത്തിലായാല്‍ അയാള്‍ക്ക് ആരോഗ്യവാനായും സന്തോഷവാനായും ജീവിക്കാം. ഹിമാലയം ഇത്രയും പവിത്രമായതിനാലാണ് നമ്മുടെ ഋഷിവര്യന്മാര് തപോഭൂമിയായി ഹിമാലയത്തെ സ്വീകരിച്ചത്. ഹിമാലയത്തിന്റെ അതുല്യ ആത്മീയസ്ഥാനം നിമിത്തമാണ് വേദങ്ങളും ഉപനിഷത്തുക്കളും ഇവിടെ ആവിര്ഭവിക്കാനിടയായത്. മനുഷ്യമനസ്സിനെ അന്തര്‍മുഖമാക്കി പ്രജ്ഞയുടെ വിവിധ തലങ്ങളിലേക്കെത്തിക്കാന്‍ ഹിമാലയ സാമീപ്യം ഏറെ സഹായിക്കുന്നു.
എങ്ങനെയാണ് ഒരു എഴുത്തുകാരനായത്?
ദുബായിയിലെ ജോലി രാജിവച്ചശേഷം നടത്തിയ ഒരു ഹിമാലയ യാത്രയില്‍ ബദരീനാഥില്വച്ച് 170 വയസ്സുള്ള ഒരു യതിവര്യനെ കാണാനിടയായി. അദ്ദേഹം എന്നെ കൈലാസയാത്രക്ക് അപേക്ഷ അയക്കാന്‍ പ്രേരിപ്പിച്ചു. നാട്ടിലെത്തി അപേക്ഷ അയച്ചു കാത്തിരുന്ന അവസരത്തില്‍ ഞാന്‍ പണ്ഡിതരത്നം കെ.പി. നാരായണ പിഷാരോടി മാഷിന്റെയടുക്കല്‍ സംസ്കൃതം പഠിക്കാന്‍ ആരംഭിച്ചിരുന്നു. മാഷിന്റെ പഠനപദ്ധതിയുടെ ഭാഗമായി പൂരക്കമ്മിറ്റിക്കാരുടെ ഒരു സുവനീറില്‍ കേദാര്യാത്രയെക്കുറിച്ചെഴുതി. തുടര്‍ന്ന് മാഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് തപോഭൂമി ഉത്തരഖണ്ഡ് എന്ന പുസ്തകം എഴുതിയത്. തുടര്‍ന്ന് മൂന്ന് പുസ്തകങ്ങള്ക്കൂടി എഴുതാനായത് മാഷിന്റെ കൃപകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്.
ജിജ്ഞാസുവായ സാധകന് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറായി മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി ഹിമാലയത്തിലെ ഇനിയും എത്തിപ്പെടാത്ത സ്ഥലങ്ങളിലേക്ക് രാമചന്ദ്രന് തന്റെ തീര്‍ത്ഥാടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: