രാഷ്ട്രങ്ങളുടെ പിന്‍ബലത്തോടെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി (പൊതുകാര്യസഭ) യോഗ ശാസ്ത്രത്തെ അംഗീകരിച്ചിരിക്കുന്നു. ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷപുരോഗമന-വിപ്ലവ നായകന്മാര് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ യോഗമാര്ഗാവലംബികളാണ്. പുരോഗമന ബുദ്ധിജീവികള്‍ യോഗമാര്‍ഗത്തെ ആശ്ലേഷിക്കുമ്പോള്‍ യോഗശാസ്ത്ര സംബന്ധമായ ഏതെങ്കിലും പ്രാമാണിക ഗ്രന്ഥങ്ങളും വായിച്ചിരിക്കുമോ എന്ന കാര്യമാണ് സംശയം. എന്തുകിട്ടിയാലും വായിക്കുന്ന ബുദ്ധിജീവികള്‍ ചിലതെല്ലാം വായിച്ചിരിക്കാന്‍ സാധ്യതയുണ്ട്. എങ്കില്‍ യോഗമാര്‍ഗത്തെ ഒരു ഭൗതിക ശാസ്ത്രമായോ അല്ല ആത്മീയ മാര്‍ഗ്ഗമായോ ഏതുവിധേനയായിരിക്കും അവര്‍ വിലയിരുത്തുക.
പതഞ്ജലി മഹര്‍ഷിയുടെ രാജയോഗമാണ് അടിസ്ഥാന യോഗശാസ്ത്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളുടെ തന്നെ ഉപാംഗങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഷഡ് (ആറ്) ദര്‍ശനങ്ങളില്‍ പ്രമുഖമാണ് രാജയോഗദര്ശനം- ഈ യോഗമാര്‍ഗത്തെ അഷ്ടാംഗയോഗമെന്നും വിശേഷിപ്പിക്കുന്നു.
അതായത് സമാധി അവസ്ഥയിലേക്കെത്തിച്ചേരുവാനുള്ള എട്ടുപടികള്‍ അഥവാ അവയവങ്ങള്‍ ഉള്‍ക്കൊണ്ടത് അഷ്ടാംഗ യോഗം-യോഗം എന്ന പദത്തിന്റെ നിര്‍വചനം തന്നെ യുജിര് മേളനേ-ജീവാത്മ പരമാത്മ ഐക്യം- ”യു ജിര് സമാധന” സമാധിയിലേക്കുള്ള മാര്‍ഗ്ഗം എന്നും മറ്റുമാണ്.
പതഞ്ജലി മഹര്‍ഷിയുടെ രാജയോഗമാണ് യോഗമാര്ഗ്ഗത്തിനവലംബമെന്ന് പറയുമെങ്കിലും ഞങ്ങളതല്ല അനുഷ്ഠിക്കുന്നത്, വ്യായാമ സ്വഭാവമുള്ള ശരീരതല വ്യായാമ ചലനങ്ങള്‍ മാത്രമാണെന്നാണ് ”ബുദ്ധിജീവി” ഗണത്തില്‍പ്പെട്ട ഒരാള്‍ ഈയിടെ വിശദീകരിച്ചത്.
പതഞ്ജലി യോഗസൂത്രത്തില്‍ ധാരാളം ആസനങ്ങളെക്കുറിച്ചൊന്നും പരാമര്‍ശമില്ല. അതില്‍ ധ്യാനത്തിലിരിക്കുവാന്‍ ആവശ്യമായ പത്മാസനം പോലുള്ള ആസനങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കുന്നത്.
ഹഠയോഗ ശാസ്ത്രത്തിലാണ് ധാരാളം ആസനങ്ങളുടെ പരാമര്‍ശം. ആയതിനാല്‍ അത് ശരീരപ്രധാനമാണ് അതുകൊണ്ടുതന്നെ ഭൗതികവുമാണ് എന്നതാത് വാദം. എന്നാല്‍ ‘ഹഠ’ യോഗശാസ്ത്രത്തിലെ പ്രാമാണികമായ വളരെ ചെറിയ ഒരു ഗ്രന്ഥമാണ് ”ഹഠ പ്രദീപിക”-അതിന്റെ ഉപജ്ഞാതാവിന്റെ പേര് സ്വാത്മാരാമന്‍-ഈ പേര് ഋഷിയുടെ യഥാര്‍ത്ഥ പേരാണോ-അഥവാ സ്വന്തം ആത്മാവില്‍ രമിക്കുന്നയാള്‍ എന്നാണോ എന്ന് വ്യക്തമല്ല.
ഏതായാലും ഹഠ പ്രദീപികയിലെ ഒന്നാമത്തെ ശ്ലോകം
ശ്രീ ആദിനാഥായ നമോസ്തുതസ്മൈ
”ഏനോപദിഷ്ടാ ഹഠയോഗ വിദ്യാ
വിഭ്രാജതേപ്രോന്നത രാജയോഗ-
മാരോഡുമിച്ചോരധി രോഹിണീവ”
ഈ ശ്ലോകത്തിലെ തുടക്കം തന്നെ ഞാന്‍ ശ്രീ ആദിനാഥനെ (പരമേശ്വരനെ) നമസ്കരിക്കുന്നുവെന്നാണ്. ആദിനാഥന് എന്നത് നാഥസമ്പ്രദായത്തിലുള്ള യോഗികളുടെ പരമപുരുഷനാണ്- ഹഠ യോഗവും തന്ത്രയോഗവും ശിവന് പാര്‍വതിക്ക് ഉപദേശിച്ചതായിട്ടാണ് പറയപ്പെടുന്നത്- നാഥയോഗികള്‍ തന്ത്രപാരമ്പര്യത്തിലെ യോഗികളാണ്.
അങ്ങനെ തുടക്കം തന്നെ ഈശ്വരാരാധനയാണ്. തുടര്‍ന്നുള്ള വരികള്‍ രാജയോഗത്തിലേക്കുള്ള ഒരു സോപാന(ചവിട്ടുപടികള്‍)മായി ഞാനിതാ ഹഠ യോഗം ഉപദേശിക്കുന്നു-മറ്റേതെങ്കിലും തരത്തിലുള്ള സിദ്ധികള്‍ക്കു വേണ്ടിയല്ല എന്ന് വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍
”പ്രണമ്യ ശ്രീ ഗുരുനാഥം
സ്വാന്മാ രാമേന യോഗിനാ
കേവലം രാജയോഗായ
ഹഠ വിദ്യോപദിഷ്ഠതേ”
സ്വാത്മാരാമ യോഗി ശ്രീ ഗുരുവിനേയും ശിവനേയും പ്രണമിച്ചുകൊണ്ട് ‘രാജയോഗ’ത്തിനുവേണ്ടിയുള്ള ഹഠവിദ്യ ഉപദേശിക്കാന്‍ തുടങ്ങുന്നു. ‘കേവലം രാജയോഗായ’ എന്ന പരാമര്‍ശം കൊണ്ട് ഹഠവിദ്യ മറ്റു സിദ്ധികള്‍ക്ക് വേണ്ടിയല്ല എന്നതും വ്യക്തമാക്കുന്നു.
അങ്ങനെ അറിഞ്ഞോ അറിയാതെയോ ഷഡ്ദര്‍ശനങ്ങളിലെ രാജയോഗ ദര്‍ശനത്തിലെ ആസനമെന്ന ഒരംഗത്തെ സൗകര്യപൂര്‍വം ആരോഗ്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തുന്ന ബുദ്ധിജീവികളും യുക്തിവാദികളും അറിയാതെ തന്ത്ര-രാജയോഗമെന്ന ആദ്ധ്യാത്മിക വിദ്യയാണ് അനുഷ്ഠിക്കുന്നത്.
തന്ത്രശാസ്ത്രത്തിലെ പ്രമുഖ ദേവനായ ഗണപതിയുടെ ഹോമം നടത്തുന്നവര്‍ക്ക് സംഘടനാ ഭ്രഷ്ട് കല്പിക്കുന്നവരുടെ ബുദ്ധി അപാരം തന്നെ.
തന്ത്രശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ 19-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ച പ്രമുഖനായ ഒരു സായ്പിന്റെ പേരാണ് സര് ജോണ്‍ വുഡ് റോഫ് എന്നത്. അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. എവിടെയെങ്കിലും ഒരു പുഷ്പാര്‍ച്ചന നടത്തുകയോ ചന്ദനത്തിരി പുകക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവിടെ അറിഞ്ഞോ അറിയാതെയോ അവര്‍ തന്ത്രശാസ്ത്രത്തെ ആചരിക്കുന്നുവെന്നാണ്. പല രക്തസാക്ഷി മണ്ഡപങ്ങളിലും ഇത് രണ്ടും നമുക്ക് കാണാന്‍ കഴിയും.
ഭഗവദ്ഗീതയുടെ മഹത്വം മാത്രമല്ല അത് ഭാരതീയ ദേശീയഗ്രന്ഥമാണെന്ന തത്വം അറിയാതെ ആവേശിച്ചതുകൊണ്ടിയിരിക്കുമല്ലോ ഇ.കെ.നായനാര്‍ അത് പോപ്പിന് സമ്മാനിച്ചത്. ഭാരതത്തിന്റെ ദേശീയഗ്രന്ഥമെന്ന നിലയ്ക്കല്ലാതെ മറ്റെന്ത് ഭാവനയിലാണ് നായനാര്‍ ഇത് നിര്‍വഹിച്ചത് എന്ന കാര്യം വിശദീകരിക്കേണ്ട ബാധ്യത പാര്‍ലമെന്റില്‍ ബഹളം വെക്കുന്നു. മാര്‍ക്സിസ്റ്റ് അംഗങ്ങള്‍ക്കുണ്ട്.
കമ്യൂണിസ്റ്റ് പിന്തുണ വാങ്ങി ഭരിച്ചും ഇറ്റാലിയന്‍ പൈതൃകം അംഗീകരിച്ചും കോണ്‍ഗ്രസുകാര്‍ക്കും മറവിയും ബുദ്ധിഭ്രംശവും സംഭവിച്ചിരിക്കുന്നു. ലോകമാന്യ തിലകനും മഹാത്മാഗാന്ധിജിക്കും വിനോബാജിക്കും സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള പ്രചോദനം ഭഗവദ്ഗീതയായിരുന്നുവെന്ന അവരുടെ പ്രസ്താവനകള്‍ കപടഗാന്ധിയന്മാര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണോ? ഈ മൂന്ന് മഹാത്മാക്കളും ഭഗവദ്ഗീതക്ക് വ്യാഖ്യാനമെഴുതിയത് വെറും സാഹിത്യ സൃഷ്ടി എന്ന നിലയ്ക്കായിരുന്നുവോ?
ഏതായാലും കമ്മ്യൂണിസ്റ്റുകാരും കോണ്ഗ്രസുകാരുമില്ലാത്ത ഐക്യരാഷ്ട്രസഭയിലെ ജനറല്‍ അസംബ്ലിയില്‍ യോഗശാസ്ത്രത്തെ 177 അംഗരാജ്യങ്ങളുടെ പിന്‍ബലത്തോടുകൂടി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നതില്നിന്നും ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ സ്വീകാര്യത വെളിവാക്കപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ സപ്തംബര്‍ മാസത്തിലെ പ്രധാനമന്ത്രിയുടെ ഐക്യരാഷ്ട്രസഭയിലെ അഭ്യര്‍ത്ഥന മാനിച്ച് വെറും 90 ദിവസങ്ങള്‍ക്കുള്ളില്‍ ലോകയോഗ ദിനം പ്രഖ്യാപിച്ചത് നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമായിട്ടുമാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. 19-ാം നൂറ്റാണ്ടിലെ വിവേകാനന്ദ വചനം ഇവിടെ പ്രസക്തമാവുകയാണ്.
ഓരോ രാഷ്ട്രത്തിനും ലോകത്തോട് നിര്‍വഹിക്കുവാന്‍ ഒരു ദൗത്യമുണ്ട്. അതാണ് ആ രാഷ്ട്രത്തിന്റെ സ്വത്വം. ഇംഗ്ലണ്ടിന് വ്യാപാരമാണെങ്കില്‍, ഫ്രാന്‍സിന്ന് രാഷ്ട്രീയമാണ്-ഭാരതത്തിന്റെത് ആദ്ധ്യത്മികതയും ലോകത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊപ്പം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ദേശീയ പത്രങ്ങളും ഐക്യരാഷ്ട്ര സഭയുടെ നടപടിയെ ശ്ലാഘിച്ച് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ മുത്തശ്ശി മാധ്യമങ്ങളും അപ്പൂപ്പന് മാധ്യമങ്ങളും മറ്റു ദൃശ്യമാധ്യമങ്ങളും ഇപ്പോഴും ചുംബന വിശേഷങ്ങളും മദ്യനയവും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആടറിയുമോ അങ്ങാടി വാണിഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: