ചിലപ്പോള്‍ അങ്ങനെയാണ്. സ്ഥലകാലബോധം,അന്തരീക്ഷം എന്നിവയൊക്കെ മനുഷ്യനില്‍ നിന്ന് അകന്നുപോകും. അതുകൊണ്ടാണ് രാഷ്ട്രപിതാവ് പണ്ടേ പറഞ്ഞത്, എപ്പോഴും എവിടെയാണ് നില്‍ക്കുന്നതെന്ന് ഓര്‍മ്മവേണമെന്ന്. ആ ഓര്‍മ്മയാണ് മനുഷ്യനെ മനുഷ്യത്വത്തിന്റെ മഹാവീഥികളിലൂടെ ആനയിച്ചുകൊണ്ടുപോകുന്നത്.
സംഗതിവശാല്‍ ഭാരതത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും ആയത് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. കോണ്‍ഗ്രസ്സിനാണ് ഇമ്മാതിരി അസുഖം വല്ലാതെ പിടികൂടിയിരിക്കുന്നത്. കോണ്‍ഗ്രസ് ആശ്രിതത്വം സാമ്പത്തികവും സാമ്പ്രദായികവുമായ മേഖലകളെ പുഷ്ടിപ്പെടുത്തിയതിന്റെ ഓര്‍മ്മ തിരയടിക്കുന്ന ചില മാധ്യമങ്ങളും അതേ വഴിയില്‍ തന്നെയാണ്. ശാന്തം പാപം എന്നൊക്കെ പറഞ്ഞ് നമുക്ക് സമാധാനിക്കാം.
അമേരിക്കയിലെ ഇരട്ട ഗോപുരം തകര്‍ത്ത് ആര്‍ത്തുല്ലസിച്ചു നടന്ന വിദ്വാന്മാര് ഭാരതത്തിലും സമാനമായ ആക്രമണങ്ങള്‍ നടത്തിയത് നമ്മള് മുംബൈയില്‍ കണ്ടതാണ്. സന്ദീപ് ഉണ്ണികൃഷ്ണനെന്ന ധീരനായ മലയാളി കമാണ്ടോ ഉള്‍പ്പെടെ രക്തസാക്ഷികളായി. അത്തരത്തില്‍ മറ്റൊരു ആക്രമണത്തിന് സര്‍വ സജ്ജരായാണ് ഒരു ബോട്ട് ഗുജറാത്ത് തീരം ലക്ഷ്യമിട്ടു വന്നത്. ഭാഗ്യവശാല്‍ സുരക്ഷാ സേനയുടെ കണ്ണില്‍ പെട്ടതുകൊണ്ട് ഭീകരരുടെ ഉദ്ദേശ്യം പാളി.
കേന്ദ്രത്തിലെ ഭരണകൂടത്തിന് ഉണ്ണിക്കാമ്പ് നട്ടെല്ല് അല്ലാത്തതിനാല്‍ എല്ലാം ശുഭമായി കലാശിച്ചു. എന്നാല്‍ ആയുധത്തെക്കാള്‍ പതിന്മടങ്ങ് വിഷം ചീറ്റുന്ന മനോഗതിയുമായി നടക്കുന്ന ചില നേതാക്കള്‍ ആ ഓപ്പറേഷനിലേക്ക് ദുരൂഹതയുടെയും സംശയത്തിന്റെയും സ്കഡ് മിസൈലുകള്‍ വിട്ടുകൊണ്ടേയിരുന്നു. ആയതിന്റെ വിവരണത്തോടൊപ്പം സ്വന്തം വിഷവുമായി ചില മാധ്യമ മഹിതാശയന്മാരും രംഗത്ത്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരം ചോദ്യംചെയ്യാനും തച്ചുതകര്‍ക്കാനും ഒരുങ്ങിപ്പുറപ്പെടുന്നവരെ പൂമാലയിട്ടു സ്വീകരിക്കണമെന്നാണെങ്കില്‍ പിന്നെന്തിന് നാമൊക്കെ ജീവിക്കുന്നു.
ലോകാ:സമസ്താ:സുഖിനോ ഭവന്തു എന്നാശംസിക്കുമ്പോള്‍ ഏതെങ്കിലും രാജ്യത്തെ തച്ചുതകര്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? അതേ സമയം ഏതു കുറ്റവാളിക്കും നിരങ്ങാന്‍ പാകത്തില്‍ നമ്മുടെ വീടകങ്ങളുടെ ജനലും വാതിലും തുറന്നിടണമെന്നാണോ? നമുക്ക് ആരോടാണ് കൂറുവേണ്ടത് എന്ന് ചൊല്ലിപ്പഠിപ്പിച്ചുകൊടുക്കാന്‍ പാകത്തില്‍ ദരിദ്രമായോ നമ്മുടെ ആത്മാഭിമാനം? നരേന്ദ്രമോദി സര്‍ക്കാറാണ് അധികാരത്തിലെന്നു കരുതി എന്ത് മ്ലേച്ഛത്വവും കെട്ടിയെഴുന്നെള്ളിക്കാമെന്നാണോ? ആയുധധാരികളായ അക്രമികളെ ആട്ടിപ്പായിക്കുക, അതിനു കഴിഞ്ഞില്ലെങ്കില്‍ അപ്പാടെ തകര്‍ക്കുക എന്നതു തന്നെയാവണം ലക്ഷ്യം.
മനുഷ്യാവകാശത്തിന്റെയും മറ്റും മേമ്പൊടിയുമായി നടക്കുന്നവരുടെ ലക്ഷ്യം ഭീകരവാദികളുടേതുമായി ഒത്തുപോകുന്നു എങ്കില്‍ അത് തകര്‍ക്കലും ഭരണകൂടത്തിന്റെ യഥാര്‍ത്ഥ പണി തന്നെയാണ്. കോണ്‍ഗ്രസ്സും കൂട്ടുകൃഷിക്കാരും അതൊക്കെ ഓര്‍ത്താല്‍ അടുത്ത തവണയെങ്കിലും മാന്യമായ അംഗബലത്തോടെ പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും കിട്ടിയേക്കും.
ഉമ്മ സമരത്തിന് ഉമ്മറക്കോലായയില്‍ പട്ടുകംബളം വിരിച്ച പത്രം ശാസ്ത്രത്തിനുവേണ്ടിയെന്ന വ്യാജേന ഒരു മുഖപ്രസംഗം കാച്ചിയിട്ടുണ്ട്. മിത്തല്ല, യാഥാര്‍ത്ഥ്യമാണ് ശാസ്ത്രം എന്ന തലക്കെട്ടില്‍ (മാതൃഭൂമി ജനു 08) നിങ്ങള്‍ക്കത് വായിക്കാം. പ്രകോപനം മറ്റൊന്നുമല്ല, ഭാരതത്തില്‍ ഏഴായിരം വര്‍ഷങ്ങള്‍ മുമ്പുതന്നെ ഗ്രഹാന്തരവിമാനങ്ങള്‍ ഉണ്ടായിരുന്നു എന്ന പരാമര്‍ശം രണ്ട് പ്രബന്ധകാരന്മാര് 102-ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതാണ്.
ഭാരതീയമായ കാഴ്ചപ്പാട് ഒന്നിലും പാടില്ലെന്ന് ചുംബനക്കാര്‍ക്ക് അരു നില്ക്കുന്ന പത്രം പറയുമ്പോള്‍ അനുസരിക്കാതിരിക്കുന്നതെങ്ങനെ? ഇതാ കേട്ടോളൂ: 102-ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്ഗ്രസ്സില് അവതരിപ്പിച്ച ചില പ്രബന്ധങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും ഇന്ത്യയുടെ ഭൂതകാല ശാസ്ത്രമഹത്വത്തിന്റെ പേരില്‍ അശാസ്ത്രീയതയിലേക്കും ഭാവനയിലേക്കും മതവാദത്തിലേക്കും തിരിച്ചുപോകാനുള്ള ദുഃഖകരവും അപലപനീയവുമായ ശ്രമങ്ങള്‍ക്കു മാതൃകയാണ്. എന്നുവെച്ചാല്‍ സായിപ്പും അവരുടെ അനുചരന്മാരും ഛര്‍ദ്ദിച്ചത് അപ്പടി വെട്ടിവിഴുങ്ങലാണ് വേണ്ടതെന്ന്.
ഒന്നുകൂടി താഴേക്കുപോയാല്‍ ഉമ്മ മഹാത്മ്യത്തോടെയുള്ള കാര്യങ്ങളിലാവണം നമ്മള് ദത്തശ്രദ്ധരാകേണ്ടതെന്ന്! മേപ്പടി പ്രബന്ധകാരന്മാരുടെ പരാമര്‍ശത്തെ ചൂണ്ടയില്‍ കൊളുത്തി ഇരപിടിക്കാനുള്ള ജുഗുപ്സാവഹമായ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന്റെ ഞെളിയന്‍പറമ്പ് മുഖം കൂടി കാണുക: പാരമ്പര്യവും പ്രശസ്തിയുമുള്ള ദേശീയ കോണ്‍ഗ്രസ്സില്‍ ആധികാരിക സത്യമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഇത്തരം കെട്ടുകഥകളെയും അവയ്ക്ക് വേദിയായിത്തീര്‍ന്ന സമ്മേളന വിഭാഗത്തെയും ഭരണമാറ്റത്തോടെ ഭാരതത്തില്‍ ഉയര്‍ന്നുവരുന്ന നവപുനരുത്ഥാന വാദത്തിന്റെ പ്രതിഫലനമായി വേണം കാണാന്‍.
ഭൂതകാല മഹത്വവിശ്വാസത്താല്‍ ആധുനിക വിജ്ഞാനത്തെയും വികാസങ്ങളെയും പുതിയ ജീവിതസങ്കല്‍പ്പങ്ങളെയും പാശ്ചാത്യവല്‍ക്കരണമെന്നു വിളിച്ച് നിഷേധിക്കാന്‍ ശ്രമിക്കുന്ന അതിദേശീയതാ വാദമാണിത്. നോക്കൂ, നോക്കൂ ഒരുമ്മക്കുളിര് അരിച്ചരിച്ച് വരുന്നത് കാണുന്നില്ലേ? പാശ്ചാത്യവത്ക്കരണം തെറ്റെന്ന് ആരും പറഞ്ഞിട്ടില്ല. അതിന്റെ നാണം കെട്ട കെട്ടിയാടലിനെയാണ് അപലപിച്ചത്. അത് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ കാലം ചെയ്താല്‍ ഇതാവും ഫലമെന്ന് നമുക്ക് സമാധാനിക്കാം. ഒടുവില്‍ ഒരാജ്ഞയുമുണ്ട്, പത്രംവക. അതിങ്ങനെ: നിര്‍ത്തുകിത്തറവാടിത്തഘോഷണം എന്നു പറയാതിരിക്കാന്‍ വയ്യ.
തറവാടുള്ളവര്‍ക്കേ അതു പറയാനാകൂ എന്ന് വിവരമില്ലാത്തവരോട് പറയുന്നതെന്തിനെന്ന് പ്രൗഢപാരമ്പര്യത്തിന്റെ തെന്നല്‍ നല്കുന്ന സൗഖ്യം അനുഭവിക്കുന്നവര്‍ മന്ത്രിക്കുന്നുണ്ടാവണം.
ചാനലുകള്‍ കുന്നിറങ്ങിയെന്നാണ് എം.ജി.രാധാകൃഷ്ണന് എന്ന ചാനല്‍തമ്പുരാന്‍ പറയുന്നത്. കലാകൗമുദി(ജനു.11) യില്‍ നിങ്ങള്‍ക്കത് വായിക്കാം. കുറെയൊക്കെ ശരികള്‍ അതില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നുണ്ടെങ്കിലും അദ്യത്തിന്റെ ചാനല്‍ ഉള്‍പ്പെടെ മനുഷ്യത്വത്തിന്റെ മാര്‍ദ്ദവം കണ്ടിട്ടില്ലെന്നതാണ് വസ്തുത. സ്ത്രീകള്‍ ഒരുപാടു പേര് ചാനലുകളില്‍ തിളങ്ങിയതു കൊണ്ടോ, മലയാളത്തില്‍ ആംഗലേയം മൊഴിഞ്ഞതുകൊണ്ടോ, കോട്ടും സ്യൂട്ടും ഇട്ട് മിന്നിത്തിളങ്ങിയതുകൊണ്ടോ ചാനലുകാര് നന്നാവണമെന്നില്ല.
കുന്നിറങ്ങിയ ചാനലുകളില്‍ കനിവുറന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് ചോദിക്കണം. അതിന് അയാം ദ സ്റ്റേറ്റ് ഭാവം ഒഴിവാക്കണം. അതിനൊക്കെ വേണ്ടത് ഒരു നിസ്സാര സംഗതിയാണ്. മനുഷ്യരോട് മനുഷ്യര്‍ക്കിടയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധം. അത് തരിമ്പും ഇല്ലാത്തവര്‍ക്കുവേണ്ടി തിയറിയുടെ തിറയാട്ടം നടത്തിയിട്ട് എന്ത് പ്രയോജനം രാധാകൃഷ്ണാ.
ഏതായാവും കമലരാമന്റെ വാരികയ്ക്ക് ഇത്തവണ കൈയടി നിറയെ കിട്ടാന്‍ യോഗമുണ്ട്. ആദിവാസികളുടെ ജീവിതത്തിലേക്കുള്ള ടോര്‍ച്ചടിക്കല്‍, എന്‍.എല്‍ ബാലകൃഷ്ണന് എന്ന സുമുഖനായ കലാകാരന്റെ ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണം, ആറന്മുളയില് നിന്ന് പറന്നുപോയ വിമാനത്താവളത്തെക്കുറിച്ചുള്ള വികാരഭരിതമായ വിശകലനം. തുലാവര്‍ഷത്തില്‍ ഇടിവെട്ടിയില്ലെങ്കില്‍ ഭൂമിയില്‍ ജീവിതം ദുഷ്കരമായിരിക്കുമത്രെ. അതായത് പാമ്പുമുട്ടകള്‍ ബഹുഭൂരിപക്ഷവും നശിക്കുന്നത് തുലാവര്‍ഷത്തില്‍ ഇടിവെട്ടുന്നതുമൂലമാണ്.
ഏതാണ്ട് അതുപോലെയാണ് കമലരാമന്റെ വാരികയിലെ ലേഖനങ്ങളും. അവ മൂലം ഒരു വര്‍ഷത്തേക്ക് ക്ഷുദ്രലേഖന-വിശകലന-കഥാ-കവിതകള്‍ ഉണ്ടാവില്ല എന്ന് സമാധാനിക്കാം. തീരെ ഉണ്ടായിക്കൂടെന്നില്ല. എന്നാലും ഒപ്പിക്കാം. ഒരു മാവോയിസ്റ്റിനെയും ഞാനിതുവരെ കണ്ടിട്ടില്ല സി.കെ. ജാനുവുമായി എസ്. വിനേഷ്കുമാര്‍ നടത്തുന്ന അഭിമുഖം, പ്രൊഫഷണലായിരുന്നില്ല മനുഷ്യനായിരുന്നു, വേണു എഴുതുന്ന കുറിപ്പ്, ആറന്മുള: ഇനി വേണ്ടത് അതീവ ജാഗ്രത! ശ്രീരംഗനാഥന് കെ. പി. എഴുതുന്ന ലേഖനം എന്നിവകളാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനു. 11) തുലാമാസ ഇടിവെട്ടിനെ ഓര്‍മിപ്പിക്കുന്നവ. നന്ദിയാരോടാണ് പറയേണ്ടത് എന്നറിയാതെ വായനക്കാര്‍ നെട്ടോട്ടം ഓടുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
മൊഴിയേറ്
റണ്കേരള റണ്ണിന് എല്ലാവരുടേയും സഹകരണം, വിവാദങ്ങള്‍ അവസാനിച്ചു: മന്ത്രി
എല്ലാവര്ക്കും പരസ്യം,
അതൊക്കെ രഹസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: