ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം എന്നാരെങ്കിലും പറഞ്ഞാല്‍ ഓക്കാനവും ഛര്‍ദ്ദിയും തലകറക്കവും വരുന്നവര്‍ക്കു നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. ഇവിടുത്തെ ബുദ്ധിജീവികള്‍ക്കും ശാസ്ത്രജ്ഞ നാട്യക്കാര്‍ക്കും അത് അത്രകണ്ട് അസഹ്യമാണ്. ഈയിടെ മുംബൈയില്‍ നടന്ന ഭാരത സയന്‍സ് കോണ്‍ഗ്രസിന്റെ 102-ാം സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധത്തില്‍ പ്രാചീനഭാരതത്തിലെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഗോളാന്തരയാത്ര, വിമാനനിര്‍മാണ പദ്ധതി തുടങ്ങിയവയെ പ്രതിപാദിച്ചുവെന്നതിന്റെ പേരില്‍ ചാനലായ ചാനലുകളിലൊക്കെ ചര്‍ച്ചകളും വാഗ്വാദങ്ങളും അധിക്ഷേപങ്ങളും പൊടിപൊടിച്ചു.
ഗണപതിക്ക് ആനത്തലയുണ്ടായത് അക്കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റി അറിയാമായിരുന്നതിന്റെ സൂചകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നാക്ഷേപിച്ചുകൊണ്ട് നടന്ന കോലാഹലവും വിശേഷമായിരുന്നു. അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും കൂമ്പാരമാണ് പ്രാചീന സംസ്കൃത സാഹിത്യത്തിലുള്ളത് എന്നാണ് അത്തരക്കാരുടെ നിലപാട്. ഹിന്ദുത്വത്തിന്റെ സ്ഥാപനവും കാവിവത്കരണവുമാണ് നരേന്ദ്രമോദിയുടെ ഉദ്ദേശ്യമെന്ന് ഈ വിവാദത്തിലൂടെ സമര്‍ത്ഥിക്കാനാണ് അത്തരക്കാരുടെ ശ്രമം.
സംസ്കൃത ഭാഷയെന്നാല്‍ മതാനുഷ്ഠാനപരമായ കുറേ അസംബന്ധങ്ങളല്ലാതെ മറ്റൊന്നുമില്ലാത്ത പുരാവസ്തുവാണെന്ന വിശ്വാസവും പ്രബലമാണ്. അതു പ്രചരിപ്പിക്കാന്‍ കോളനി വാഴ്ചക്കാലത്തു ഭരണാധികാരികളും അവരുടെ ദാക്ഷിണ്യത്തില്‍ വളര്‍ന്ന കുറേ എറാന്മൂളികളും ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ശാസ്ത്രശാഖകളിലും പ്രാചീന ഭാരതം അത്യത്ഭുതകരമായ പുരോഗതി നേടിയിരുന്നു എന്നു കണ്ടെത്തിയ പാശ്ചാത്യരുമുണ്ടായിരുന്നു. അവരുടെ പരിശ്രമഫലമായി ഇന്തോളജി വിശാലമായൊരു പഠനശാഖ തന്നെ വളര്‍ന്നുവന്നു.
നമ്മുടെ നാട്ടിലെ മെറ്റലര്‍ജി ശാസ്ത്രത്തിലെ സമുന്നത പ്രതിഭയാണ് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഡോ.കെ.ഐ.വാസു. ആ ശാസ്ത്രശാഖയില്‍ പ്രാചീന ഭാരതം നേടിയ പുരോഗതിയെക്കുറിച്ച് ഒരവസരത്തില്‍ ആശയവിനിമയം നടത്താന്‍ ഇടയായി.
2000 വര്‍ഷമായിട്ടും തുരുമ്പുപിടിക്കാത്ത 49.99 ശതമാനവും പരിശുദ്ധമായ ഇരുമ്പുകൊണ്ട് നിര്‍മിക്കപ്പട്ട ദല്‍ഹി കുത്തബ് മിനാര്‍ പരിസരത്തുള്ള സ്തംഭം മാത്രം മതി ആ വളര്‍ച്ചക്ക് ദൃഷ്ടാന്തമായി എന്നദ്ദേഹം പറഞ്ഞു. അത്ര വലിപ്പമുള്ള ഒരൊറ്റ സ്തംഭം നിര്‍മിച്ച മൂശയും അതിന്റെ ശില്പ്പികളുടെ നിര്‍മാണ പ്രതിഭ കാണിക്കുന്നു.
അജന്ത, എല്ലോറ മുതലായ മധ്യഭാരതത്തിലെങ്ങും ഇന്നും നിലനില്‍ക്കുന്ന നൂറുകണക്കിന് ഗുഹാക്ഷേത്രങ്ങള്‍ നിര്‍മിച്ചതും അതിലെ ശില്പ്പങ്ങള് കൊത്തിയെടുക്കാന്‍ ഉപയോഗിക്കപ്പെട്ട പണിയായുധങ്ങളും കുറ്റമറ്റ ലോഹശാസ്ത്ര വിധിയുടെ സാന്നിദ്ധ്യം തെളിയിക്കുന്നു.
നിസ്സാരമായ പിഴവുപോലും ഏല്‍ക്കാത്ത, അതിസുന്ദരവും ഭീമാകാരവുമായ പ്രതിമകള്‍ ഇന്നും കേടുകൂടാതെ അവിടെയുണ്ട്. 20 അടി ഉയരമുള്ള ഇരിക്കുന്ന ബുദ്ധപ്രതിമയുടെ തോള് വളയിലെ പതക്കത്തില്‍ 10 സെ.മീ.വലിപ്പത്തില്‍ അതേ പ്രതിമയുടെ മുഴുവന്‍ വിശദാംശങ്ങളുമുള്ള മിനി പ്രതിമയുണ്ട്. മുസ്ലിം ആക്രമണകാലത്തു തകര്‍ക്കപ്പെട്ടവയുടെ ഭഗ്നാവശിഷ്ടങ്ങളും ഭാവചാതുരിയോടെ കാണാം. അവ നിര്‍മിച്ചതിലെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും പ്രാചീന ഭാരതീയരുടെതു തന്നെയായിരുന്നു.
ഗണിതശാസ്ത്രത്തിന്റെ കാര്യമെടുത്താലും അതിന്റെ നാനാശാഖകളും ഭാരതത്തിലെ ഋഷിമാര്‍ തന്നെയാണ് ആവിഷ്കരിച്ചതും വികസിപ്പിച്ചതെന്നും കാണാം. അങ്കഗണിതം, ബിജഗണിതം, ക്ഷേത്രഗണിതം, മാനമിതി, ത്രികോണമിതി കലനശാസ്ത്രം (കാല്‍ക്കുലസ്) എന്നിവയും ഗണിതശാസ്ത്രത്തിലെ സമഗ്ര വിപ്ലവത്തിന് അടിസ്ഥാനമായ പൂജ്യ(ശൂന്യ)വും അനന്തവും ഭാരതത്തിന്റെ കണ്ടുപിടുത്തം തന്നെയായിരുന്നല്ലൊ. ദശാംശ സമ്പ്രദായത്തിലുള്ള കണക്കുകൂട്ടലും മറ്റാരുടെയും ആവിഷ്കാരമല്ല. ഭാരതീയരില്‍ നിന്ന് അറബികളും അവരില്‍നിന്ന് പാശ്ചാത്യരും അതു പഠിച്ചു. 0 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ അങ്ങനെ അവിടെയെത്തിയപ്പോള്‍ അറബി അക്കങ്ങളാണെന്ന് ധരിക്കപ്പെട്ടു. അതുവരെ അവരുപയോഗിച്ചിരുന്ന റോമന്‍ അക്കങ്ങള്‍ ഉപയോഗിച്ച് സംഖ്യ എഴുതേണ്ടി വന്നതിന്റെ പങ്കപ്പാട് അങ്ങനെ പരിഹരിക്കപ്പെട്ടു.
വാനനിരീക്ഷണവും ജ്യോതിശാസ്ത്രവും കാലഗണനയും ഭാരതത്തിന്റെ സംഭാവനയാണ്. സൗരയൂഥത്തിന്റെയും നക്ഷത്രങ്ങളുടെയും ചലനങ്ങളും വക്രഗതിയും സൂക്ഷ്മമായി നിരീക്ഷിച്ചു രേഖപ്പെടുത്തുന്നതിനും അവയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ യഥാകാലം തിരുത്തി പ്രതിപാദിക്കുന്നതിനും അവര്‍ക്കു കഴിഞ്ഞു. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയും ഗ്രഹങ്ങളും ഗോളങ്ങളാണെന്നും അവര്‍ നിര്‍ണയിച്ചു. രാശി ചക്രത്തെ കണക്കാക്കിയത് ഭൂമിയില്‍നിന്നു കാണുന്നതു പോലെയാണെന്നു മാത്രം. കാലഗണനയുടെ ഏറ്റവും ചെറിയതും അനന്തവുമായ അതിരുകളും അത്ഭുതാവഹമായ രീതിയില്‍ അവര്‍ നിര്‍വചിച്ചു. ദിനരാത്രങ്ങളും ആഴ്ചകളും പക്ഷങ്ങളും മാസങ്ങളും അയനങ്ങളും ആണ്ടുകളും കണക്കാക്കിയതിലെ ശാസ്ത്രീയത മൂലം സൗരപഞ്ചാംഗം അനുസരിക്കുന്ന അബ്ദങ്ങളില് അധിവര്‍ഷവും ന്യൂനവര്ഷവും ഇല്ലാതെ കൃത്യമായ കണക്കുകൂട്ടലുകള്‍ നടക്കുന്നു.
ക്ഷേത്രഗണിതത്തിലെ സിദ്ധാന്തങ്ങള്‍ക്ക് നിലവിലുള്ളത് ഗ്രീക്കു ശാസ്ത്രജ്ഞരുടെ പേരുകളാണ്. പൈതഗോറസിന്റെ പേരിലുള്ള വട്ടത്രികോണത്തിന്റെ വശങ്ങളും കര്‍ണവും തമ്മിലുള്ള ബന്ധം അദ്ദേഹത്തിനും ശതവര്ഷങ്ങള്ക്കുമുമ്പ് ഭാരതത്തിലെ ഗണിതജ്ഞര്‍ക്കു സുപരിചിതമായിരുന്നു വൃത്തപരിധിയും വ്യാസവുമായുള്ള അനുപാതം 36 ദശാംശ സ്ഥാനം വരെ ഇവിടെ നിര്‍ണയിച്ചിട്ടുണ്ട്. ബീജഗണിതത്തിലെ ദ്വിമാന സമവാക്യങ്ങളുടെ നിര്‍ധാരണത്തിന്റെ മാര്‍ഗങ്ങള്‍ പഠിപ്പിച്ച പ്രൊഫസര്‍ എച്ച്.പരമേശ്വരന് ഹിന്ദുരീതി എന്നു പറഞ്ഞു എളുപ്പത്തില്‍ ഉള്ള ഒരു രീതിയും പറഞ്ഞ് തന്നിരുന്നു. പ്രാചീന ഭാരതഗണിത ശാസ്ത്രം എന്ന ബൃഹത്തായ ഒരു പുസ്തകം തന്നെ അദ്ദേഹം തയ്യാറാക്കി സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രസിദ്ധീകരിച്ചിരുന്നു.
രോഗനിര്‍ണയത്തിനും ചികിത്സക്കും ആരോഗ്യപരിപാലനത്തിനുമുള്ള വൈദ്യശാസ്ത്രം ഏറ്റവും മികച്ചരീതിയില്‍ ഭാരതത്തില്‍ വളര്‍ന്നുവന്നു. ശസ്ത്രക്രിയയുടെ ഉപജ്ഞാതാവുതന്നെ പ്രാചീന ഋഷിവര്യനായ ശുശ്രുതനായിരുന്നല്ലൊ. അദ്ദേഹമുപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ചും നമുക്കറിയാം. കേടുപറ്റിയ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി വെക്കുന്നതിനെക്കുറിച്ചും അവര്‍ക്കറിയാമെന്നു വിചാരിക്കുന്നതില്‍ എന്താണ് തെറ്റ്? ബീജം ശോണിതവുമായി ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ഭ്രൂണത്തിന്റെ അനുക്രമമായി പ്രസവം വരെയുള്ള വളര്‍ച്ചയെ വിശദമായി രാമായണത്തിലെ സമ്പാതിവാക്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
സത്യാന്വേഷികളായ ഋഷീശ്വരന്മാര് തങ്ങളുടെ പഠനങ്ങളിലൂടെയും മനനങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളെ ജനങ്ങള്‍ക്കു രസകരമായി മനസ്സിലാക്കാന്‍ ചമല്‍ക്കാരത്തോടെ പുരാണങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയാണുണ്ടായത്. അതുകൊണ്ട് മാത്രം അവയെ കെട്ടുകഥ, മിഥോളജി എന്നു തള്ളിക്കളയുന്നത് ശരിയല്ല. സൂര്യന് അരുണന് തെളിക്കുന്ന ഏഴുകുതിരകളെ പൂട്ടിയ രഥത്തില്‍ ആകാശത്തുകൂടെ സഞ്ചരിക്കുന്നുവെന്ന പുരാണ പരാമര്‍ശത്തെ കവി സങ്കല്പ്പമെന്നല്ലാതെ യാഥാര്‍ത്ഥ്യമായി ആരെങ്കിലും കരുതുന്നുണ്ടാവുമോ? അരുണനെന്നത് ഉദയത്തിനുമുമ്പ് കാണപ്പെടുന്ന ആകാശത്തിന്റെ നിറവും ഏഴു കുതിരകള്‍ സൂര്യരശ്മിയുടെ ഏഴുനിറങ്ങളുള്ള വര്ണരാജിയുമാണെന്നും പുരാണ കര്‍ത്താവിന്റെ കവിഹൃദയം പറയുന്നതാണല്ലൊ.
ഭൂമി സൂര്യനെയാണ് പ്രദക്ഷിണം ചെയ്യുന്നതെന്ന സിദ്ധാന്തത്തെ സ്വയം ബോധ്യപ്പെടാനായി ആര്യഭട്ടന് പൊന്നാനി മുതല്‍ കന്യാകുമാരി വരെ ഒരു നൗകയില്‍ യാത്ര ചെയ്തപ്പോള്‍ കരയിലെ വൃക്ഷങ്ങളും വീടുകളും പിന്നോട്ടുപോകുന്നതായി അനുഭവപ്പെട്ടതുകൊണ്ട് ഉറപ്പുവരുത്തിയത്രെ.
ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെപ്പറ്റിയുള്ള പഠനം നമ്മുടെ ഔപചാരിക വിദ്യാഭ്യാസ പദ്ധതിയില്‍പെടുത്താന്‍ പടിഞ്ഞാറിന്റെ മാനസ ദാസരായ വിദ്യാഭ്യാസ വിദഗ്ദ്ധരും തയ്യാറായില്ല. ഇന്നും തയ്യാറാവുന്നില്ല എന്നതാണ് പ്രശ്നം.
പഠനത്തിന്റെ രീതികളെല്ലാം പാശ്ചാത്യ യജമാനന്മാര് നിര്‍മിച്ച ചട്ടക്കൂടില്‍ നിന്നുതന്നെ വേണമെന്നാണവര്ക്കു നിര്‍ബന്ധം. ഏതുഭാരതീയത്തനിമയുള്ള സംരംഭത്തേയും ഹിന്ദുത്വ അജണ്ടയായും കാവിവല്ക്കരണമായും ചിത്രീകരിച്ച് അധിക്ഷേപിക്കുകയാണവര് ചെയ്യുന്നത്. ഡോ.മുരളീമനോഹര്‍ ജോഷി മാനവവിഭവശേഷി മന്ത്രിയായിരുന്ന ഒന്നാം എന്‍ഡിഎ ഭരണകാലത്തു അക്കൂട്ടര്‍ ഇതേ തന്ത്രം പ്രയോഗിച്ചതാണ്. അന്നത്തെപ്പോലെ കൂട്ടുഭരണമല്ലാതെ സുശക്തമായ ഭരണമാണിന്നത്തെ എന്നതിനാല്‍ ഒച്ചപ്പാടും ബഹളവും വെക്കാന്‍ മാത്രമേ അവര്‍ക്കു കഴിയുന്നുള്ളൂ.
സോവ്യറ്റ് യൂണിയന് നിലനിന്ന കാലത്ത് വിവിധ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് ധാരാളം പാഠപുസ്തകങ്ങള്‍ അവര്‍ ഇംഗ്ലീഷിലും ഭാരതീയ ഭാഷകളിലും തയ്യാറാക്കി ഭാരതത്തിലുടനീളം ചുരുങ്ങിയ വിലക്കു വിതരണം ചെയ്തിരുന്നു. മനോഹരമായി സംവിധാനം ചെയ്യപ്പെട്ട അവ ആരും സൂക്ഷിക്കാന്‍ കൊതിക്കുമായിരുന്നു. ഓരോ വിഷയത്തേയും പറ്റി റഷ്യയില്‍ നടന്നിട്ടുള്ള പഠനങ്ങളും ഗവേഷണഫലങ്ങളും അവയില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. അതതു വിഷയങ്ങളെക്കുറിച്ചുള്ള സാര്‍വലൗകിക നേട്ടങ്ങളില്‍ റഷ്യയുടെ പങ്ക് താരതമ്യം ചെയ്യാന്‍ അങ്ങനെ അവസരമുണ്ടാക്കി. സ്വതന്ത്രഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയാണത്.
മാതൃഭൂമിപോലുള്ള പത്രങ്ങളിലെ വിദ്യാഭ്യാസ പംക്തികളിലും ഓരോ രംഗത്തും ഗ്രീസിന്റെയും റോമിന്റെയും അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും സംഭാവനകള്‍ കാണാം. ഭാരതത്തിന്റെത് ശൂന്യമാണ്. ഇംഗ്ലീഷിലുള്ള റഫറന്‍സ് പുസ്തകങ്ങളില്‍നിന്നു പകര്‍ത്തിവെക്കുന്ന വിവരങ്ങള്‍ അറിവുകളായി വിളമ്പുകയാണവര്‍ 102-ാം ശാസ്ത്ര കോണ്‍ഗ്രസിലെ പ്രബന്ധങ്ങളെ ചൊല്ലിയുള്ള പൂരപ്പാട്ടുകളുടെ പെരുമഴ കണ്ടപ്പോള്‍ തോന്നിയ വികാരങ്ങള്‍ ഇവിടെ കുറിച്ചുവെന്നുമാത്രം.
സംഘത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സ്വയംസേവകര്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിലൂടെ നടത്തുന്ന നിശ്ശബ്ദ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം കോണ്‍ഗ്രസില്‍ കണ്ടതിന്റെ വിറളിയായി മാത്രമേ ഈ ഊളന്‍ വിളികളെ കാണേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: