അങ്ങകലെയിരുന്ന് നമ്മുടെ ജന്മഗേഹമായ ഈ ഭൂമിയെ നോക്കിക്കാണുക, അവളുടെ മുഗ്ധസൗന്ദര്യം ആസ്വദിക്കുക, അവള്‍ക്കു ചുറ്റും കോടാനുകോടി ജീവജാലങ്ങള്‍ക്ക് അഭയമരുളുന്ന, ചിരിക്കുകയും അടുത്ത നിമിഷം ഒരുഭ്രാന്തിയേപ്പോല് മുടിയഴിച്ചിട്ട് സംഹാരതാണ്ഡവമാടുകയും ചെയ്യുന്ന നീലക്കടലിന്റെ ആഴമറിയുക……
നമുക്കെല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല. പക്ഷെ ഇപ്പോള്‍അതു കഴിയുന്ന ആറു പേരുണ്ട്, അവരെ അറിയുമോ… അവരാണ് നമ്മുടെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ അന്തേവാസികളായ ശാസ്ത്രജ്ഞര്‍…ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതില് അവര്‍ പലകുറി പൂര്‍ണ്ണരൂപത്തില്‍ കണ്ടുകാണും.
കഴിഞ്ഞ കുറേനാളുകളായി അവര്‍ അജ്ഞാതവാസത്തിലാണ്. ഭൂമിക്കു മുകളില്‍, ചിലപ്പോഴൊക്കെ നാമറിയാതെ നമ്മുടെ കണ്മുന്നിലൂടെ അവര്‍ വസിക്കുന്ന ആ പേടകം പാഞ്ഞുപോയിട്ടുണ്ട്. ചിലപ്പോള്‍ നാം ആ അത്ഭുത ഗേഹത്തെ അമ്പരപ്പോടെ നോക്കിനിന്നിട്ടുമുണ്ടാകാം.
പായുന്ന ബഹിരാകാശപ്പക്ഷി
ചിറകുകള് പോലെ ഇരുവശങ്ങളിലുമായി സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള, വിശാലമായ സോളാര്‍ പാനലുകള്‍ , നടുക്ക് വലിയ ലോഹക്കൂട്, അതിനോടു ചേര്‍ന്ന് വെള്ളനിറത്തിലുള്ള ആറു റേഡിയേറ്ററുകള്‍, സോളാര്‍ പാനലുകള്‍ക്കും റേഡിയേറ്ററുകള്ക്കും മധ്യേ വലിയ ലോഹക്കൂടിനോടു ചേര്‍ന്ന് ചെറിയ കൂടുകള്‍. അവയില്‍ പരീക്ഷണ ശാലകള്‍, അതാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം.
ഭൂമിയില്‍ നിന്ന് അങ്ങകലെ ശൂന്യാകാശത്ത് ഒഴുകി നടക്കുന്ന കൃത്രിമ ഉപഗ്രഹം. അതില്‍ പഠിച്ചും പുതിയ പാഠങ്ങള്‍ കണ്ടെത്തിയും മണ്ണിന്റെയും പുതുമഴയുടേയും പൂക്കളുടേയും ഗന്ധം പോലും അറിയാതെ ഏതാനും മനുഷ്യജീവികള്‍.. മനുഷ്യരാശിക്ക് ഉപകാരപ്രദമായ ഗവേഷണ നിരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് അവര്‍.
98ലാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് വിക്ഷേപിച്ചത്. അന്ന് വളരെച്ചെറിയ ഒരു ഉപഗ്രഹമായിരുന്നു. പിന്നീട് ഓരോ ഭാഗങ്ങളും ലോഹക്കൂടുകളും ഉപകരണങ്ങളും സ്പേസ് ഷട്ടിലില്‍ ബഹിരാകാശത്ത് എത്തിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനോട് കൂട്ടിചേര്‍ത്തു. റോക്കറ്റിലും ബഹിരാകാശ വാഹനത്തിലും ചരക്ക് കയറ്റി ബഹിരാകാശത്ത് എത്തിച്ച് അവ അവിടെ കറങ്ങിനടക്കുന്ന ഒരു ഉപഗ്രഹത്തില്‍ ഘടിപ്പിക്കുക… മനുഷ്യരുടെ അപാരങ്ങളായ ഓരോ കണ്ടുപിടിത്തങ്ങളേ.. അമേരിക്കന്‍ സ്പേസ് ഷട്ടിലുകളിലും റഷ്യന്‍ റോക്കറ്റുകളിലുമാണ് ഇവയെല്ലാം ശൂന്യാകാശത്ത് എത്തിച്ചിരിക്കുന്നത്.
അങ്ങനെ പല ലാബുകളും ഉപകരണങ്ങളും എല്ലാം കൂട്ടിചേര്‍ത്ത് ചേര്‍ത്ത് സ്പേസ് സ്റ്റേഷന്, ഇന്ന് ശൂന്യാകാശത്തുള്ള മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ കൃത്രിമ ഉപഗ്രഹമായി. ചില സമയത്ത് ഭൂമിയില്‍ നിന്ന് നഗ്ന നേത്രങ്ങള്‍ക്കൊണ്ട് ഇത് കാണാന്‍ കഴിയും.
പുലര്‍ച്ചെ ഇരുള് മൂടിയ ആകാശത്ത് ഒരു വെള്ളി നക്ഷത്രം, ചൊവ്വയെപ്പോലെതന്നെയുള്ള ഒരു പ്രകാശബിന്ദുവാണിത്. നോക്കി നില്‍ക്കെ അത് പതുക്കെ പതുക്കെ ചലിക്കുന്നു. അതാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്. അമേരിക്ക, റഷ്യ,കാനഡ, ബ്രസീല്‍, ബ്രിട്ടന് എന്നിവരടക്കം നിരവധി രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇവനെ ബഹിരാകാശത്ത് എത്തിച്ചത്.
വിശാലമായ പരീക്ഷണശാല
വിശാലമായ ഒരു ലാബാണിത്. ജീവശാസ്ത്രം, ഊര്‍ജ്ജതന്ത്രം, ജ്യോതിശാസ്ത്രം( അസ്ട്രോണമി)മെഡിസിന്, തുടങ്ങിയവയിലെല്ലാം ഇവിടെ ഗവേഷണം നടക്കുന്നുണ്ട്. ഭൂമിയെ നിരീക്ഷിക്കാനും വിപുലമായ സൗകര്യങ്ങളുണ്ട്.
ചന്ദ്രന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളിലേക്ക് അയച്ച പല ഉപകരണങ്ങളും ഇവിടെയാണത്രെ പരീക്ഷിച്ച് നോക്കിയത്.
ഇത് ബഹിരാകാശത്ത് എത്തിച്ചിട്ട് 16 വര്‍ഷമായി. പതിനാലു വര്‍ഷത്തിലേറെയായി ഇതിനുള്ളില്‍ മനുഷ്യര്‍ താമസം തുടങ്ങിയിട്ട്. ഇതിനു മുന്‍പ് റഷ്യയുടെ മിര്‍ എന്ന ബഹിരാകാശ കേന്ദ്രത്തിലും മനുഷ്യര്‍ ഒന്‍പതു കൊല്ലം വസിച്ചു. എന്നാല്‍ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് ഇതു തിരുത്തി റെക്കാര്‍ഡിട്ടു കഴിഞ്ഞു. 15 രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ ഗവേഷകര്‍ ഇവിടെയെത്തിയിട്ടുണ്ട്. 2011 ല്‍ അമേരിക്ക സ്പേസ് ഷട്ടിലുകള്‍ നിര്‍ത്തിയതോടെ റഷ്യയുടെ സോയൂസ് റോക്കറ്റാണ് ബഹിരാകാശ കേന്ദ്രത്തില്‍ ചരക്ക് എത്തിക്കുന്ന ഏകവാഹനം.
98 ല്‍ ബഹിരാകാശത്ത് എത്തിച്ച സ്റ്റേഷന് 72.8 മീറ്റര്‍ നീളവും 108.5 മീറ്റര്‍ വീതിയും 20 മീറ്റര്‍ ഉയരവും ഉണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത് 410 കിലോമീറ്ററും അകലെ 420 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് കക്ഷിയുടെ സഞ്ചാരം. സെക്കന്റില്‍ 7.66 കിലോമീറ്റര്‍ ( മണിക്കൂറില്‍ 27600കിലോമീറ്റര്‍) വേഗത്തിലാണ് ഭ്രമണം. 450,000 കിലോഗ്രാമാണ് ഭാരം. 92.74 മിനിറ്റില്‍ ഒരു തവണ ഭൂമിയെ ചുറ്റും.
മൊഡ്യൂളുകള്‍
നിരവധി ചെറു പേടകങ്ങളാണ് സ്പേസ് സ്റ്റേഷനില്‍. അവയെല്ലാം പലതവണകളായി വിക്ഷേപിച്ച്, കൂട്ടിച്ചേര്‍ത്തവയാണ്.
മുടക്കമില്ലാതെ ഊര്‍ജം എത്തിക്കാന്‍ സര്യ, ചെറുപേടകങ്ങളെ ബന്ധിപ്പിക്കുന്ന യൂണിറ്റി, സ്പേസ് സ്റ്റേഷനെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന, അതിലെ ഗവേഷകര്‍ക്ക് സൗകര്യമൊരുക്കി നല്കുന്ന സ്വെസ്ദ, ഗവേഷണത്തിനുള്ള ഡസ്റ്റിനി, യാത്രികരുടെ ശൂന്യാകാശ വേഷങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന, അവര്‍ക്ക് പുറത്തിറങ്ങി ബഹിരാകാശ നടത്തത്തിന് വഴിതുറക്കുന്ന ക്വസ്റ്റ്, ഭൂമിയില്‍ നിന്നു വരുന്ന വാഹനങ്ങള്‍( പേടകങ്ങള്‍) അടുക്കുന്ന (ഡോക്ക് ചെയ്യുന്ന) പീഴ്സ് ആന്‍ഡ് പോയിസ്ക്ക്, ഡേറ്റകള്‍ സൂക്ഷിക്കുന്ന ഹാര്‍മണി, ഓക്സിജന്‍ നല്കുന്ന, മലിനജലം ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന ട്രാന്‍ക്വിലിറ്റി, ഗവേഷണ പേടകം കൊളംബസ്,മെഡിസിന്, ജീവശാസ്ത്രം എന്നിവയില്‍ ഗവേഷണം നടത്തുന്ന, ഭൂമിയെ നിരീക്ഷിക്കുന്ന, സ്റ്റേഷനിലെ ഏറ്റവും വലിയ പേടകമായ കിബോ,ഭൂമിയെ നിരീക്ഷിക്കുന്ന ഒബ്സര്‍വേറ്ററിയായ കപോള, ചെറിയ ഗവേഷണ മൊഡ്യൂള്‍ റാസ്വെറ്റ്, സകല സാധനങ്ങളും സ്റ്റോക്ക് ചെയ്യുന്ന, ഗോഡൗണ്‍ എന്ന് പറയാവുന്ന ലേണാഡോ, പരീക്ഷണശാല നൗക എന്നിവയടക്കം 16 പേടകങ്ങളാണ് ഇതിലുള്ളത്.
ഇതിനു പുറമേ ക്രെയിനുകള്‍, റോബോട്ടിക് കരങ്ങള്‍ എന്നിവയുമുണ്ട്. അറ്റകുറ്റപ്പണികള്‍ക്കടക്കം ബഹിരാകാശ യാത്രികര്‍ പുറത്തിറങ്ങുന്ന സമയത്ത് സഹായം നല്‍കുന്നതും ചരക്കുമായി വരുന്ന പേടകങ്ങളില്‍ നിന്ന് ചരക്ക് സ്പേസ് സ്റ്റേഷനില്‍ എത്തിക്കുന്നതും എല്ലാം ഈ റോബോട്ടിക് കരങ്ങളാണ്. വായു, ഭക്ഷണം, കുടിവെള്ളം,ശുചീകരണം, അഗ്നിശമന സംവിധാനം എന്നിവയെല്ലാം സ്വെസ്ദയിലാണ്.
ഭൂമിയിലെ അന്തരീക്ഷം
ഭൂമിയിലെ അന്തരീക്ഷമാണ് സ്പേസ് സ്റ്റേഷനുള്ളിലും. അന്തരീക്ഷ മര്‍ദ്ദം, ചൂട്, ഓക്സിജന്‍ എല്ലാം ഇവിടുത്തെ പോലെ. ഭൂമിയിലുള്ള നിയന്ത്രണ-നിരീക്ഷണ കേന്ദ്രങ്ങളുമായി റേഡിയോ തരംഗങ്ങളിലൂടെയാണ് ബന്ധപ്പെടുന്നത്. സുശക്തമായ ആശയവിനിമയം സംവിധാനമാണ് ഇതില്‍.
ആറു മാസം ആകാശത്ത്
ബഹിരാകാശ യാത്രികരുടെ ഓരോ സംഘവും കുറഞ്ഞത് ആറു മാസമാണ് ഇതില്‍ താമസിക്കുക. ഒന്നു മുതല്‍ ആറുവരെയുള്ള യാത്രകളില്‍ മൂന്നുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. അതായത് 18 പേരാണ് ആദ്യ ആറു തവണയായി ഇതില്‍ താമസിച്ചത്. ഏഴു മുതല്‍ 12 വരെയുള്ള യാത്രകളില്‍ രണ്ടുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. കൊളംബിയ എന്ന സ്പേസ് ഷട്ടിലിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് സുരക്ഷ കൂടി കണക്കിലെടുത്താണ് യാത്രികരുടെ എണ്ണം കുറച്ചത്. പതിമൂന്നാം ദൗത്യം മുതല്‍ ക്രമേണ എണ്ണം കൂട്ടി ആറു പേര് വരെയാക്കി. 2000ലാണ് ആദ്യ സംഘം എത്തിയത്. സോയൂസ് ടിഎം 31 പേടകത്തില്‍.
ആ റെക്കാര്‍ഡ് സെര്‍ജി ക്രിക്കലേവിന്
ഏറ്റവും കൂടുതല്‍ നാള് ബഹിരാകാശത്ത് താമസിച്ച വ്യക്തിയെന്ന റെക്കാര്‍ഡ് സെര്‍ജി ക്രിക്കലേവിനാണ്. റഷ്യക്കാരനായ ക്രിക്കലേവ് 803 ദിവസവും ഒന്‍പതു മണിക്കൂറും 39 മിനിറ്റുമാണ് സ്പേസ് സ്റ്റേഷനില്‍ വസിച്ചത്.ഓര്‍ഡര്‍ ഓഫ് ലെനിന് ഹീറോ ഓഫ് സോവിയറ്റ് യൂണിയന്, ഹീറോ ഓഫ് റഷ്യന്‍ ഫെഡറേഷന് എന്നിവയടക്കം അനവധി ബഹുമതികള്‍ ലഭിച്ചു.
നാസയുടെ പുരസ്ക്കാരങ്ങളും ക്രിക്കലേവിന് കിട്ടിയിട്ടുണ്ട്. റഷ്യന്‍ ബഹിരാകാശ സ്റ്റേഷനായ മിറില്‍ 748 ദിവസം താമസിച്ച റഷ്യക്കാരന് തന്നെയായ സെര്‍ജി അവ്ദേവ്യേവിന്റെ റെക്കാര്‍ഡാണ് ക്രിക്കലേവ് തകര്‍ത്തത്. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് കമാന്‍ഡര്‍ മൈക്കിള്‍ ഫിന്‍ക് ആണ് ഏറ്റവും കൂടുതല്‍ ദിവസം ഇതില്‍ താമസിച്ച അമേരിക്കക്കാരന്( 382 ദിവസം)
അത്ര സുഖമല്ല ജീവിതം
നാം വിചാരിക്കുന്നതുപോലെ അത്ര സുഖമല്ല ഇവിടുത്തെ ജീവിതം. സ്പേസ് സ്റ്റേഷനിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണ്. കൊളംബിയ സ്പേസ് ഷട്ടില്‍ തകര്‍ന്ന് കല്‍പ്പന ചൗളയടക്കം നിരവധി പേര് മരിച്ചത് ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ട്.ഇടയ്ക്കിടയ്ക്ക് നമ്മുടെ സ്പേസ് സ്റ്റേഷന് കേടുവരും. വായു ചോര്‍ച്ച, എസി തകരാര്‍,വൈദ്യുതിത്തകരാര്‍… ഇവയെല്ലാം ഗൗരവകരമായ പ്രശ്നങ്ങളുമാണ്.
പുറത്തുള്ളവ പലതും റോബോട്ടിക് കരങ്ങളെക്കൊണ്ട് ചെയ്യിക്കാം. ഗുരുതരമായ കേടുപാടുകളും ഭൂമിയില്‍ നിന്നു വരുന്ന പേടകങ്ങളുടെ ഡോക്കിംഗും സ്പേസ് സ്റ്റേഷനിലെ വിദഗ്ധര്‍ തന്നെ പുറത്തിറങ്ങി ചെയ്യണം. അതാണ് സ്പേസ് വാക്ക്. യാത്രികനെ സ്റ്റേഷനുമായി ബന്ധിപ്പിച്ച ശേഷം പ്രത്യേക കുപ്പായമണിഞ്ഞ് യാത്രികര്‍ പുറത്തിറങ്ങും. സ്റ്റേഷന്റെ, കേടുവന്ന ഭാഗത്ത് എത്തി അത് റിപ്പയര്‍ ചെയ്യും.
ഡോക്കിംഗ്
ആസ്ട്രനോട്ടുകള്‍ക്ക്( റഷ്യന്‍ രീതിയില്‍ കോസ്മോനോട്ടുകള്‍) വേണ്ട ഭക്ഷണം, വെള്ളം, ബഹിരാകാശ സ്റ്റേഷനു വേണ്ട ഉപകരണങ്ങള്‍, സ്പെയര്‍പാര്‍ട്ട്സുകള്‍ എന്നിവയെല്ലാം പേടകങ്ങളിലാണ് എത്തിക്കുക. റോക്കറ്റില്‍ വിക്ഷേപിക്കുന്ന പേടകങ്ങള്‍ ബഹിരാകാശത്ത് എത്തി കൃത്യമായ ദിശയില്‍ സഞ്ചരിച്ച് സ്റ്റേഷനില്‍ എത്തും. അത് കൃത്യമായ സ്ഥലത്തു വച്ച് കൃത്യമായ രീതിയില്‍ വേണം സ്റ്റേഷനുമായി സന്ധിക്കാന്‍.
സന്ധിച്ചാലുടന് അവ തമ്മില്‍ യോജിപ്പിക്കും. തുടര്‍ന്ന് വാതിലുകള്‍ തുറക്കും. പിന്നെ സാധനങ്ങള്‍ നീക്കും.റഡാറുകള്‍, സെന്‍സറുകള്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെയാണ് ഭൂമിയില്‍ നിന്ന് എത്തുന്ന പേടകങ്ങള്‍ സ്റ്റേഷനുമായി സന്ധിക്കുന്നത്.
നേരത്തെ സ്പേസ് ഷട്ടിലുകളിലാണ് ഇവ എത്തിച്ചിരുന്നത്. അവ റോക്കറ്റു പോലെ വിക്ഷേപിക്കാം, ബഹിരാകാശത്ത് എത്തിയാല്‍ അവ പേടകം പോലെ സഞ്ചരിച്ച് സ്റ്റേഷനില്‍ എത്തും. അവ സ്റ്റേഷനുമായി സന്ധിച്ച് ദിവസങ്ങളോളം കിടക്കും.
മടങ്ങിവരാനുള്ള യാത്രക്കാരെയും മടക്കിക്കൊണ്ടുവരാനുള്ള സാധനങ്ങളും മാലിന്യങ്ങളും കയറ്റി മടങ്ങും. വിമാനം പോലെ അത് പറന്നു പറന്ന് ഭൂമിയില്‍ എത്തും. പതുക്കെ പതുക്കെ സ്പേസ് ഷട്ടില്‍ സര്‍വ്വീസ് നിര്‍ത്തുകയായിരുന്നു.
സ്പേസ് വാക്കിംഗ്
ബഹികാരാശ പേടകങ്ങളിലെ യാത്രികര്‍ അവയുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി പുറത്തിറങ്ങുന്നതിനെയാണ് സ്പേസ് വാക്ക് എന്നു പറയുക. സ്പേസ് ഷട്ടിലുകളും പേടകങ്ങളും ഡോക്ക് ചെയ്യാനും അറ്റകുറ്റപ്പണികള്‍ക്കുമായി
ഐസിസിലെ( അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്) ആസ്ട്രനോട്ടുകള്‍ ഇതിനകം നൂറ്റന്പതോളം തവണയെങ്കിലും സ്പേസ് വാക്ക് നടത്തിക്കഴിഞ്ഞു.
സ്കൈലാബ്
പഴയതലമുറയിലുള്ളവര് ആരും നമ്മുടെ സ്കൈലാബിനെ മറക്കില്ല. കേടായി ഉപയോഗ ശൂന്യമായ ഈ ആദ്യത്തെ സ്പേസ് സ്റ്റേഷന് ഭൂമിയിലേക്ക് പതിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ വീഴും അനവധി പേര് മരിക്കും എന്നൊക്കെ ഭീതിയുണ്ടായിരുന്നെങ്കിലും അത് പല കഷണങ്ങളായി പടിഞ്ഞാറന്‍ ആസ്ട്രേലിയക്ക് സമീപം കടലിലാണ് വീണത്.
73 മെയ് 14ന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്റില്‍ നിന്ന് വിക്ഷേപിച്ച സ്കൈലാബ് ആണ് മനുഷ്യര്‍ സ്ഥിരമായി വസിച്ച ആദ്യ സ്പേസ് സ്റ്റേഷന്. 73 മുതല്‍ 79 വരെയാണ് അത് പ്രവര്‍ത്തിച്ചത്. 79 ജൂലൈ 11ന് തകര്‍ന്നു വീണു.
മിര്‍
റഷ്യയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനാണ് മിര്‍. 86ല്‍ അയച്ച ഇത് 2001 വരെ പ്രവര്‍ത്തനക്ഷമമായിരുന്നു. പിന്നെ പല്ലും നഖവും കൊഴിഞ്ഞുകൊഴിഞ്ഞ് വല്ല്യപ്പനെപ്പോലെ അങ്ങില്ലാതായി. അതുവരെ മനുഷ്യര്‍ അയച്ച ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഇത്.
129,700 കിലോഭാരം. 19 മീറ്റര്‍ നീളം. 31 മീറ്റര്‍ വീതി,21.5 മീറ്റര്‍ ഉയരം. ബൈക്കനൂരെ കോസ്മോഡ്രോമില്‍ നിന്ന് 1986 ഫെബ്രുവരി 20ന് അയച്ചു. 2001 മാര്‍ച്ച് 23ന് തകര്‍ന്നു വീണു. ബയോളജി, ഫിസിക്സ്, ആസ്ട്രോണമി, മിറ്റീരിയോളജി എന്നിവയില്‍ ഗവേഷണം നടത്തിയിരുന്നു.
ദീര്‍ഘ നാളത്തേക്ക് തുടര്‍ച്ചയായി മനുഷ്യവാസം ഉണ്ടായിരുന്ന ആദ്യസ്പേസ് സ്റ്റേഷന്. 3644 ദിവസം ഇതില്‍ മനുഷ്യവാസം ഉണ്ടായിരുന്നു. 437 ദിവസവും 18 മണിക്കൂറും ഇതില്‍ കഴിഞ്ഞ വലേറി പോളിയക്കോവ് എന്ന കോസ്മോനട്ടാണ് ഏറ്റവും കൂടുതല്‍ ദിനം ശൂന്യാകാശത്ത് തങ്ങി അന്ന് റിക്കാര്‍ഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: