കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ സീപ്ലെയിന്‍, ഭാരക്കുറവുള്ള അതിവേഗയാനങ്ങള് എന്നിവ നിര്‍മ്മിക്കുമെന്നും അതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ആസ്ട്രേലിയ, നെതര്‍ലാന്‍ഡ്സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് സ്വായത്തമാക്കുമെന്നും കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങളും സാമ്പത്തിക സഹായവും നല്‍കും. കപ്പല്‍ ശാലയ്ക്ക് അധിക നിര്‍മ്മാണ ഓര്‍ഡറുകള്‍ നല്കാന് ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കപ്പല്‍ നിര്‍മാണശാലയും കൊച്ചി തുറമുഖവും സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപ്പല്‍ശാലയെ മികച്ച നിലയിലെത്തിക്കും. പ്രധാനമന്ത്രി ജലപാതാ യോജനയില്‍പ്പെടുത്തി 101 ജലപാതകള്‍ രാജ്യത്താകമാനം ഒരുക്കും. ഇതുവഴി കുറഞ്ഞ ചെലവില്‍ ചരക്കു നീക്കം സാധ്യമാകും. തൊഴില്‍, വിനോദ സഞ്ചാര രംഗങ്ങളിലും നേട്ടങ്ങളുണ്ടാകും.
കൊറിയന്‍ സാങ്കേതിക സഹായത്തോടെ എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നു. നിലവില്‍ കൊച്ചിശാലയ്ക്ക് കപ്പലുകളുടെ രൂപരേഖ നല്കുന്ന കമ്പനി ടാങ്കറുകളുടെ രൂപരേഖ നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തുവന്നത് ശുഭസൂചനയാണ്.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശേഷിയുടെ 35 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു. കൊളംബോയെ അപേക്ഷിച്ച് വല്ലാര്‍പാടത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ട്. പക്ഷേ, പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല.
ലാഭം വര്‍ധിപ്പിക്കുകയെന്നത് മാത്രമാണ് വല്ലാര്‍പാടം പദ്ധതി നിലനിര്‍ത്താനും കൊച്ചിന് തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏകമാര്‍ഗ്ഗം. കപ്പല്‍ശാലയുടെയും തുറമുഖ ട്രസ്റ്റിന്റെയും വല്ലാര്‍പാടം പദ്ധതിയുടെയും പ്രശ്നങ്ങള്‍ക്ക് വകുപ്പ് മേധാവികളുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും ഗഡ്കരി ഉറപ്പ് നല്കി.
കൊച്ചി കപ്പല്‍ശാല സിഎംഡി: എ. സുബ്രഹ്മണ്യം, തുറമുഖ ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: