കോട്ടയം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ കുടുംബാംഗങ്ങള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കെ.ആര്. നാരായണന്റെ ഇളയച്ഛന് അയ്യപ്പന് മാസ്റ്ററുടെ മകള്‍ സീതാലക്ഷ്മിയും ഭര്‍ത്താവ് പി.എന്‍. വാസുക്കുട്ടനും ഉള്‍പ്പെടെ കോച്ചേരി കുടുംബത്തിലെ മുപ്പതോളം പേരാണ് ബിജെപിയില്‍ എത്തിയത്. കെ.ആര്. നാരായണന്റെ സ്മൃതിമണ്ഡപത്തോട് ഇടതു-വലതു സര്‍ക്കാരുകള്‍ കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ചാണിത്.
മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ളവരും ബിജെപിയില്‍ ചേരുമെന്ന് സീതാലക്ഷ്മിയും വാസുക്കുട്ടനും പറഞ്ഞു. അരനൂറ്റാണ്ടായി ഇടതുപക്ഷ വിശ്വാസികളാണ് സീതാലക്ഷ്മിയും വാസുക്കുട്ടനും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉഴവൂര്‍ ബ്ലോക്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഹൈസ്കൂള്‍ അധ്യാപിക കൂടിയായിരുന്ന സീതാലക്ഷ്മി. ബിഎസ്എന്‍എല്‍ സൂപ്പര്‍വൈസറായി വിരമിച്ചയാളാണ് വാസുക്കുട്ടന്.
വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച നൂറോളം പ്രവര്‍ത്തകര്‍ക്കൊപ്പം കെ.ആര്. നാരായണന്റെ കുടുംബാംഗങ്ങളെയും ഉഴവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെ.ആര്. നാരായണന്റെ കുടുംബാംഗങ്ങളെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: