ശബരിമല : ശബരിമലയില്‍ പുതിയതായി നിര്‍മ്മിക്കുന്ന കൊടിമരത്തിന് ദേവസ്വത്തിന്റെ സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദനായര്‍.
ഇതിനായി നൂറ്റിമുപ്പത് കിലോ സ്വര്‍ണ്ണമാണ് വേണ്ടത്. ഭക്തര്‍ നല്കിയ സ്വര്‍ണ്ണം ദേവസ്വത്തിന്റെ പക്കലുണ്ട് ഇത് ഉപയോഗിച്ച് പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ കൊടിമരം നിര്‍മ്മിക്കാനാകും . കൊടിമരത്തിന് 15 പറയും, വെണ്ട, ദണ്ഡ്, വാഹനം അഷ്ടദിക്ക് പാലകര്‍, പഞ്ചവര്‍ഗ്ഗതറ എന്നിവയാണ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നത്.
നിലവിലുള്ള കൊടിമരത്തിന്റെ ഉയരം തന്നെയാകും പുതിയകൊടിമരത്തിനും ആറേമുക്കാല്‍ മീറ്റര്‍ ഉയരമാണ് കൊടിമരത്തിനുള്ളത്. കൊടിമരത്തിന്റെ ഒരോ പറയ്ക്കും എട്ടുകിലോ സ്വര്‍ണ്ണംവീതം വേണമെന്നും പ്രസിഡന്റ് പറഞ്ഞു. നിലവിലെ കൊടിമരത്തിന്റെ തൂണ് കോണ്ക്രീറ്റിലാണ് നിര്‍മ്മിച്ചിരുന്നത്. ഇത് ഒഴിവാക്കി പരമ്പരാഗത രീതിയില്‍ തേക്ക് തടി ഉപയോഗിച്ചായിരിക്കും പുതിയകൊടിമരത്തിന്റെ തൂണ് സ്ഥാപിക്കുക.
ലക്ഷണമൊത്ത തേക്ക് തടി അയ്യപ്പസേവാസംഘം വാങ്ങി നല്‍കാമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇത് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. വളവുകളില്ലാത്ത കാതലുള്ളതേക്ക് മരം കണ്ടെത്തിയശേഷം വൃക്ഷപൂജ ചെയ്ത് വൃക്ഷത്തിന്റെ അനുഞ്ജ വാങ്ങി മുറിച്ചുകൊണ്ടുവന്ന് രൂപപ്പെടുത്തി ആറുമാസത്തോളം എണ്ണത്തോണിയില്‍ സൂക്ഷിച്ചശേഷമേ കൊടിമരത്തിന്റെ തൂണ് പ്രതിഷ്ഠിക്കാനാകൂ.
കൊടിമരത്തിന്റെ ചുവട്ടില്‍ ജീര്ണ്ണതയുണ്ടന്നും കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗതറയില്‍ പെയിംന്റ് അടിച്ചതുമൂലം ചൈതന്യലോപം ഉണ്ടായതായും അതിനാല്‍ പുതിയ കൊടിമരം സ്ഥാപിക്കണമെന്നും അടിത്തിടെ സന്നിധാനത്തു നടന്ന അഷ്ടമംഗല ദേവപ്രശ്നത്തില്‍ കണ്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന കൊടിയേറ്റ് ഉത്സവത്തിനുശേഷം നിലവിലുള്ള കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ തീര്‍ത്ഥാടന കാലം കഴിഞ്ഞാലുടന്‍ കൊടിമരം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കൂടാതെ തേയ്മാനം സംഭവിച്ച പതിനെട്ടാംപടിയുടെ പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച കവചം മാറ്റി പുതിയത പഞ്ചലോഹകവചവും സ്ഥാപിക്കും.
കൊടിമരം പ്രതിഷ്ഠിക്കുന്നതോടൊപ്പം തന്നെയാകും പടിയുടെ പഞ്ചലോഹം കവചവും മാറ്റി പുതിയത് സ്ഥാപിക്കുക. പടിയുടെ നിലവിലുള്ള കവചം തേഞ്ഞ് പൊട്ടല്‍ സംഭവിച്ചതിനാല്‍ പടി കയറുന്ന ഭക്തരുടെ കാല് മുറിയുകയും കൊടിമരചുവട്ടിലും സന്നിധാനത്തും രക്തം വീണ് അശുദ്ധിഉണ്ടായതും കാരണം ഈ മണ്ഡലകാലത്ത് നിരവധി തവണ പഞ്ചപുണ്യാഹം നടത്തി ശുദ്ധിക്രിയ നടത്തേണ്ടിവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പതിനെട്ടാം പടിയുടെ പൊട്ടിയ പഞ്ചലോഹ കവചം മാറ്റി പുതിയത് സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: