രാമനാട്ടുകര(കോഴിക്കോട്): ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കലോത്സവം രാമനാട്ടം -2015ന് തിരിതെളിഞ്ഞു. രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ ഇന്നലെ വൈകിട്ട് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കലോത്സവത്തിന് ആരംഭംകുറിച്ച് നടന്ന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമ്മാനം നേടുകയെന്നതല്ല മത്സരങ്ങളില്‍ പങ്കെടുക്കലാണ് പ്രാധാനമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും രാജ്യത്തിനും ജനതയ്ക്കും വേണ്ടി ഒറ്റക്കെട്ടായി അണിചേരാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമനാട്ടം കലോത്സവവും സ്കൂള്‍ വെബ് പോര്‍ട്ടലും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
എം.പി. വീരേന്ദ്രകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാരതി അഖില ഭാരതീയ സംസ്കൃതി ബോധന് പര്യോജന് പ്രമുഖ് വിജയ് ഗണേശ് കുല്‍ക്കര്‍ണി ദീപപ്രോജ്ജ്വലനം നടത്തി. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണവും ആചാര്യ എം.ആര്. രാജേഷ് അനുഗ്രഹഭാഷണവും നടത്തി.
ലോഗോ തയ്യാറാക്കിയ സതീഷ് പാലോറ, സ്വാഗതഗാനം രചിച്ച മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, ഫോട്ടോ പ്രദര്‍ശനം ഒരുക്കിയ വിജേഷ് വള്ളിക്കുന്ന്, യുവ മജീഷ്യന്‍ ബ്രഹ്മാനന്ദന് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കവി പി.കെ. ഗോപി സമ്മാനിച്ചു. പി.കെ. ഗോപിക്കുള്ള ഉപഹാരം അഡ്വ. പി.എസ്. ശ്രീധരന് പിള്ള സമ്മാനിച്ചു. അഡീഷണല്‍ ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് ഭാസ്കര്‍ റാവു സ്മൃതി കവിത ആലപിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സംസ്ഥാന കലോത്സവപ്രമുഖ് പി.കെ. സാബു, സുമതി ഹരിദാസ്, കെപിസിസി സെക്രട്ടറി എന്‍. സുബ്ഹ്മണ്യന്, കെ. ജയന്ത്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. ഹംസക്കോയ, തോട്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പി.സി. ജനാര്ദ്ദനന് മാസ്റ്റര്‍, രാമനരസിംഹദാസ് (ഇസ്കോണ്‍) തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. വേലായുധന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവ പരിപാടികള്‍ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന ശോഭായാത്രയില്‍ സ്വാഗതസംഘം ഭാരവാഹികള്‍, വിദ്യാനികേതന്‍ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ അണിനിരന്നു.
താലപ്പൊലി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, വിവിധ കലാരൂപങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ശോഭായാത്രയെ വര്‍ണ്ണാഭമാക്കി. ഇന്നും നാളെയുമായി നടക്കുന്ന കലാ മത്സരങ്ങളില്‍ സംസ്ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: