ആലപ്പുഴ: വേമ്പനാട്ടുകായലില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്ന രാസമാലിന്യങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ധിക്കുന്നു. മാരക കീടനാശിനികളുടെയടക്കം സാന്നിധ്യം കായലില്‍ കണ്ടെത്തി. കാര്‍ഷിക ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പതിമൂന്നുതരം കീടനാശിനികളുടെ സാന്നിധ്യം പലയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞു.
മാലത്തിയോണ്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് വരെയുള്ള കീടനാശിനികള്‍ ജലത്തിലുള്ളതായാണ് കണ്ടെത്തല്‍. ഇവയുടെ സാന്നിധ്യം ഒരു സ്ഥലത്ത് ഒരേപോലെയുമല്ല. ഒരേയിടത്തുതന്നെ പല മാസങ്ങളില്‍ വ്യത്യസ്ത കീടനാശിനികളുടെ സാന്നിധ്യമുണ്ട്.
നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവയുടെ അളവും ക്രമാതീതമായി കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ ഖനമൂലകങ്ങളായ ലെഡ്, കാഡ്മിയം, സിങ്ക് എന്നിവയുടെ അളവും ക്രമാതീതം തന്നെ.
ഹൗസ്ബോട്ടുകള്‍ കൂടുതലായി നങ്കുരമിടുന്ന ആലപ്പുഴ പുന്നമടയിലും പള്ളാത്തുരുത്തിയിലുമാണ് രാസമാലിന്യങ്ങളുടെ തോത് ഗണ്യമായി കൂടിയിരിക്കുന്നത്. മത്സ്യസമ്പത്തിലെ വന്കുറവിന് കാരണം കീടനാശിനികളുടെയും ക്രമത്തിലധികമുള്ള മൂലകങ്ങളുടെയും സാന്നിധ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇരുപതിലധികം ജീവജാലങ്ങള്‍ക്ക് വംശനാശം നേരിട്ടതായും കണക്കുണ്ട്.
കായലിലെ ചില മേഖലകളില്‍ 100 മില്ലീലിറ്റര്‍ ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് പതിനായിരത്തിലധികമായി ഉയര്‍ന്നതായി പഠനം വെളിവാക്കുന്നു. താറാവുകള്‍ക്ക് പക്ഷിപ്പനിയടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടതില്‍ വേമ്പനാട്ടിലെ കീടനാശിനികള്‍ കലര്‍ന്ന വെള്ളത്തിന് വലിയ പങ്കുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടില്‍ പലയിടത്തും കാന്‍സര്‍ രോഗികളുടെ എണ്ണമേറിയതും കായല്‍ മലിനീകരണത്തിന്റെ ഫലമായുള്ള ദുരന്തങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: