കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ സമഗ്രവികസനത്തിനാവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചു.
ഷിപ്പിംഗ് കോര്‍പ്പറേഷന്റെയും ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്റെയും പ്രതിരോധവകുപ്പിന്റെയും ഷിപ്പുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും കൊച്ചിന് ഷിപ്പ്യാര്ഡിന് നല്‍കുന്നതിന് മുന്തിയ പരിഗണന നല്‍കും. ലോകത്തിലെ മികച്ച ഷിപ്പ്യാര്‍ഡുകളില്‍ മുഖ്യസ്ഥാനമാണ് കൊച്ചിന് ഷിപ്പ്യാര്‍ഡിനുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ സാങ്കേതികമികവ് പരമാവധി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തുറമുഖത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡ് സംഘ് നല്കിയ നിവേദനം സ്വീകരിച്ചതിനുശേഷം പ്രതിനിധിസംഘത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചിന് ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് പ്രസിഡന്റും ബിഎംഎസ് സംസ്ഥാന സെക്രട്ടറിയുമായ വി. രാധാകൃഷ്ണന്, ബിഎംഎസ് സെക്രട്ടറി ആര്. രഘുരാജ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് ഭാരവാഹികളായ ടി.എസ്. രാജീവ്, എസ്.ഒ. ഷിബു, കെ.എന്‍. ശശികുമാര്‍, കെ. ശശി, പി.എം. ബൈജു എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: