പാലക്കാട്: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പിഎസ്സി വഴിയല്ലാതെ നടത്തിയ നിയമനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.രാജീവ് പരാതി നല്കി.
പട്ടികജാതി വികസനവകുപ്പിനു കീഴിലെ സൊസൈറ്റിക്കു കീഴിലാണ് പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്. ഇതേ സൊസൈറ്റിക്കു കീഴിലെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിയമനങ്ങള്‍ നടത്തുന്നത് പിഎസ്സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും ആണെന്നിരിക്കെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു നിയമനം പോലും അത്തരത്തില്‍ നടന്നിട്ടില്ല.
പിഎസ്സി വഴി നിയമനങ്ങള്‍ നടത്തിയാല്‍ ക്ലാസ് തുടങ്ങാന്‍ കാലതാമസമുണ്ടാകും എന്ന വാദഗതി തെറ്റാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുളള റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്.
നിയമനാധികാരി പിഎസ്സിയല്ല സ്പെഷ്യല്‍ ഓഫീസറാണെന്ന വിവരാവകാശ രേഖകളും നിയമനങ്ങള്‍ ഐഎംജി വഴിയാണ് നടത്തിയിട്ടുളളത് എന്ന പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ വാദഗതികളും വിരല്‍ചൂണ്ടുന്നത് അഴിമതി നിയമനങ്ങളിലേക്കാണെന്ന് സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയിട്ടുളള മെഡിക്കല്‍ കോളേജില്‍ ഇതുവരെ ഇരുനൂറിനടുത്ത് സ്ഥിരനിയമനങ്ങള്‍ നടന്നു കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്(ഐ എം ജി)ന്റെ മേല്‍നോട്ടത്തില്‍ നടത്തി എന്നാണ് എംഎല്‍എയുടെ വാദഗതി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാനേജ്മെന്റ് സ്കില്‍ ഡവലപ്മെന്റിന് വേണ്ടിയുളള സ്ഥാപനത്തില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തിലെ നിയമനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കഴിയുമെന്ന് കരുതാനാകില്ല.
പിഎസ്സി വഴിയല്ലാതെ ഗവണ്മെന്റ് സ്ഥാപനമായ പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ നിയമനങ്ങള്‍ പൂര്‍ണമായും അഴിതി നിയമനങ്ങളാണ്. നിയമിതമാകുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യതയോ മാനദണ്ഡങ്ങളോ പൂര്‍ണമായും പാലിക്കപ്പെട്ടില്ല എന്നും സംശയമുണ്ട്.
മെഡിക്കല്‍ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ അഴിമതിയും സുതാര്യമായ അന്വേഷണം നടത്തി അഴിമതിക്കാരെ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: