കൊച്ചി: ട്രെയിനുകള്‍ വൈകിയോടുന്നതിന് തങ്ങളല്ല ഉത്തരവാദികളെന്ന് ഓള് ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്. ട്രെയിനുകള്‍ വൈകുന്നതിന് ലോക്കോ പൈലറ്റുമാരടക്കം ഉത്തരവാദികളാണെന്ന കഴിഞ്ഞ ദിവസത്തെ ജന്മഭൂമി വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അസോസിയേഷന്.
നിശ്ചിത സമയത്തിനുള്ളില്‍ ഓരോ സ്റ്റേഷനിലും ട്രെയിന്‍ ഓടിച്ചു എത്തിക്കേണ്ട ബാധ്യത ലോക്കോ പൈലറ്റുമാര്‍ക്കുണ്ട്. ഒരു മിനിറ്റ് വൈകിയാല്‍ പോലും അതിനു കാരണം പറയേണ്ടിവരാറുമുണ്ട്. ട്രേഡ് യൂണിയനുകളില്‍ തമ്മില്‍ സ്വാഭാവികമായി ആശയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാറില്ല. അസോസിയേഷന് പ്രസിഡന്റ് ജെ. വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ അടിക്കടി ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും സ്റ്റോപ്പുകള്‍ കൂട്ടുന്നതുമാണ് ട്രെയിനുകള്‍ വൈകി ഓടാന്‍ കാരണം.
കേരളത്തിലെ റെയില്‍വേസ്റ്റേഷനുകളിലെ പല പ്ലാറ്റ്ഫോമുകള്‍ക്കും 18 മുതല്‍ 20 വരെ കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള നീളമേ ഉള്ളു. മിക്ക ട്രെയിനുകളും 24 കോച്ചുകള്‍ ഉള്ളവ ആകയാല്‍, ട്രെയിന്‍ നിര്‍ത്തുമ്പോള്‍ പ്ലാറ്റ്ഫോമിന് വെളിയില്‍ കോച്ചുകള്‍ വരുന്നതിനു ലോക്കോ പൈലറ്റുമാര്‍ ഉത്തരവാദികളല്ല.
ആഴ്ചയില്‍ ഒരിക്കല്‍ ഒരു വിശ്രമം പോലുമില്ലാതെ, കര്‍ശന നിയമങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്യാന്‍ പോലും നിര്‍ബന്ധിതരാകുകയാണ് ലോക്കോ പൈലറ്റുമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: