സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ഓസ്ട്രേലിയക്ക് നിലവില്‍ 348 റണ്‍സിന്റെ ലീഡാണുള്ളത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 475 റണ്‍സില്‍ അവസാനിച്ചു.
ഒന്നാം ഇന്നിംഗ്സില്‍ 97 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ നാലാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സുമായി ബ്രാഡ് ഹാഡിനും റണ്ണൊന്നുമെടുക്കാതെ റയാന് ഹാരിസുമാണ് ക്രീസില്‍. ഇന്ന് രാവിലെ തന്നെ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിനയച്ച് എറിഞ്ഞിടാനായിരിക്കും ഓസീസ് ശ്രമം. അതേസമയം ആദ്യ ടെസ്റ്റിലെന്നപോലെ ഇവിടെയും ഓസീസ് ഉയര്‍ത്തുന്ന ലക്ഷ്യത്തെ ചങ്കൂറ്റത്തോടെ പിന്തുടരാന് തീരുമാനിച്ച് കോഹ്ലിയും കൂട്ടാളികളും ഇറങ്ങിയാല്‍ അവസാന ദിവസം പൊടിപാറും.
നേരത്തെ 342ന് അഞ്ച് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ടീം ഇന്ത്യ 133 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം 475 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്ലി ആണ് ആദ്യം പുറത്തായത്. 140 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച കോഹ്ലി ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഹാരിസിന്റെ പന്തില്‍ റോജേഴ്സിന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ ആറിന് 352. പിന്നീട് വൃദ്ധിമാന്‍ സാഹയും അശ്വിനും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ലെങ്കിലും ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
സ്കോര്‍ 383-ല്‍ എത്തിയപ്പോള്‍ 35 റണ്‍സെടുത്ത സാഹയെ ഹെയ്സല്‍വുഡിന്റെ പന്തില്‍ സ്മിത്ത് പിടികൂടിയതോടെ ഓസീസ് കൂറ്റന്‍ ലീഡ് നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആര്. അശ്വിന്-ഭുവനേശ്വര്‍ കുമാര്‍ സഖ്യം 65 റണ്‍സ് നേടിയത് ഇന്ത്യയ്ക്ക് തുണയായി. സ്കോര്‍ 448-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിനെ ലിയോണ്‍ വാട്സന്റെ കൈകളിലെത്തിച്ചു. പിന്നീട് 456-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറി തികച്ച അശ്വിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ഹാഡിന്റെ കൈകളിലുമെത്തിച്ചു. 16 റണ്‍സുമായി മുഹമ്മദ് ഷാമി പുറത്താകാതെ നിന്നപ്പോള്‍ നാല് റണ്‍സെടുത്ത ഉമേഷ് യാദവ് ഹാരിസിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്കി മടങ്ങി.ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും റയാന് ഹാരിസ്, നഥാന്‍ ലിയോണ്‍, ഷെയ്ന് വാട്സണ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.
97 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ സ്കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന് ഡേവിഡ് വാര്‍ണറെ (4) നഷ്ടമായി. അശ്വിനാണ് വിക്കറ്റ്. പിന്നീട് സ്കോര്‍ 46-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത വാട്സനെ അശ്വിന് ബൗള്‍ഡാക്കുകയും ചെയ്തു. എന്നാല്‍ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. മൂന്നാം വിക്കറ്റ് ഒത്തുചേര്‍ന്ന ക്രിസ് റോജേഴ്സ്-സ്റ്റീവ് സ്മിത്ത് സഖ്യം ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. 18.5 ഓവറില്‍ ഓസീസ് സ്കോര്‍ 100 കടന്നു. സ്കോര്‍ 126-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
77 പന്തില്‍ 56 റണ്‍സ് നേടിയ റോജേഴ്സിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സുരേഷ് റെയ്ന പിടികൂടി. അധികം കഴിയും മുന്നേ ഒരു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ അശ്വിന് വിജയിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 165-ല്‍ എത്തിയപ്പോള്‍ ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. സ്മിത്ത് 70 പന്തുകളില്‍ നിന്ന് 71 റണ്‍സ് നേടിയ സ്മിത്തിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ ജോ ബേണ്‍സും ഹാഡിനും ക്രീസിലെത്തിയതോടെ കളിയുടെ തിരക്കഥ ഇരുവരും ചേര്‍ന്ന് മാറ്റിയെഴുതി. സ്മിത്ത് പുറത്തായശേഷം 8.4 ഓവറില്‍ 86 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ബേണ്‍സ് 39 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്തായശേഷമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്വാസംവിട്ടത്. എട്ട് ഫോറും മൂന്ന് സിക്സും ബേണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന് നാല് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: