തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ക്രമക്കേട് നടന്നതായി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനും ഇടപാടില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ.എന്‍ സതീശന്, നിലവിലെ കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ അടക്കം 15 ഉന്നത ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും എഡിജിപി ജേക്കബ് തോംസണ്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ളാറ്റ് മൂന്നാമത് ഒരാളോ റിസീവറോ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സ്വകാര്യ നിര്‍മാണ കമ്പിനി 30 സെന്റ് സ്ഥലം കൈയേറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 24 സെന്റിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത്. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു. കേസില്‍ ആരോപണ വിധേയരായ 15 പേരും അടുത്ത മാസം ആറിന് ലോകായുക്ത കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നോട്ടീസും നല്കി.
അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമം മാത്രമാണ് നടത്തിയത്. നോട്ടീസ് ലഭിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജുപ്രഭാകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: