ശബരിമല: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് പമ്പയിലെ കെഎസ്ആര്.ടിസി ജീവനക്കാര്‍ നടത്തിയ ആഴിപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ആഴിപൂജ ചടങ്ങുകള്‍ക്ക് മുന്നോടിയായി പമ്പ ഗണപതിക്ഷേത്ര മേല്‍ശാന്തി റ്റി.കെ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഗണപതി ഹോമം നടന്നു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച ഘോഷയാത്ര ത്രിവേണി വഴി പമ്പ ഗണപതിക്ഷേത്ര നടയിലെത്തി കര്‍പ്പൂരാഴി ജ്വലിപ്പിച്ചശേഷം യൂടേണ്‍ വഴി പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ അവസാനിച്ചു.
ഘോഷയാത്രയില്‍ കൃഷ്ണനാട്ടം, അയ്യപ്പരഥം, ശിങ്കാരിമേളം,ചെണ്ടമേളം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുലികളി, ഫ്ളോട്ട്, കലിയുഗ ദുര്‍ഗ്ഗ, പുരാണവേഷങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. ബസ്സ്റ്റാന്റ് പരിസരം മുത്തുക്കുട, കുരുത്തോല, വൈദ്യുത ദീപം തുടങ്ങിയവ കൊണ്ട് അലങ്കരിച്ചിരുന്നു. ഘോഷയാത്രയില്‍ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, അവരുടെ കുടുബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഘോഷയാത്രയ്ക്ക് ശേഷം ബസ്സ്റ്റാന്റില് രവീന്ദ്രനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ നടന്നു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ കെ.സുധാകരന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.റ്റി.സുകുമാരന്‍, എ.എം.ശ്രീകുമാര്‍, കെഎസ്ആര്‍ടിസി ബോര്‍ഡ് മെംബര്‍ സണ്ണിതോമസ്, പമ്പ സ്പെഷ്യല്‍ ഓഫീസര്‍ എം.വി. മനോജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: