ശബരിമല : സൈനികരെ ഉപയോഗിച്ച് കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച സന്നിധാനത്തിന് സമീപമുള്ള ബെയ്ലി പാലവും പുനര്‍നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ നീക്കം. ഒരുകോടി 18 ലക്ഷം രൂപയാണ് മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലത്തിന് ചെലവാക്കിയത്.
ബെയ്ലി പാലം മാറ്റി സ്ഥിരമായിട്ടുള്ള കോണ്‍ക്രീറ്റ് പാലം അടുത്ത തീര്‍ത്ഥാടനകാലത്തിനുമുമ്പ് നിര്‍മ്മിക്കുമെന്ന് സന്നിധാനത്ത് നടന്ന അവലോകനയോഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മ്മിക്കാന്‍ ബോര്‍ഡില്‍ കൂടിയാലോചന തുടങ്ങിയിരിക്കുന്നത്.
2011 നവംബര്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ‘ശരണസേതു’ എന്ന നാമകരണം ചെയ്ത ബെയ്ലി പാലം ഭക്തര്‍ക്ക് തുറന്നുകൊടുത്തത്. എന്നാല്‍ പാലം തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കകം തീര്‍ത്ഥാടകര്‍ ഈ പാലത്തിലൂടെയുള്ള സഞ്ചാരം ഉപേക്ഷിക്കുകയായിരുന്നു. അപ്രോച്ച് റോഡിലെ കുത്തനെയുള്ള ഇറക്കവും കയറ്റവും കാരണം തീര്‍ത്ഥാടകര്‍ ഏറെക്ലേശം അനുഭവിച്ചതോടെയാണ് കൊട്ടിഘോഷിച്ച് നിര്‍മ്മാണം നടത്തിയ ബെയ്ലി പാലത്തിനെ തീര്‍ത്ഥാടകര്‍ അവഗണിച്ചത്.
പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന് കുത്തനെയുള്ള ഇറക്കവും മറുഭാഗത്ത് കുത്തനെയുള്ള പടികളുമാണ് ഉള്ളത്. ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരെ മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുകൂടി ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിക്കുന്നതിനായിട്ടാണ് പാലം നിര്‍മ്മിച്ചത്. തീര്‍ത്ഥാടകര്‍ ബെയ്ലി പാലം ഉപേക്ഷിച്ചതോടെ ഇതുവഴി തലചുമടുമായി വരുന്നവര്‍ ചുമടു ഇറക്കിവെയ്ക്കുന്ന ചുമടുതാങ്ങിയായി പാലം മാറി. മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ആന്റ് സെന്ററില്‍ നിന്നുള്ള സൈനികരാണ് പാലം നിര്‍മ്മിച്ചത്.
കേരളാ പോലീസ് ഹൗസിംഗ് കണ്സ്ട്രഷന് കോര്‍പ്പറേഷനാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്. ഏറെ തിരക്കുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകരെ ഇതുവഴി കടത്തി വിടുമ്പോള്‍ പിറകില്‍നിന്ന് തള്ളല്‍ കാരണം അപ്രോച്ച് റോഡിന്റെ താഴ്ന്ന ഭാഗത്തേക്ക് തീര്‍ത്ഥാടകര്‍ വീണ് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
റോഡിന്റേയും പാലത്തിന്റേയും നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കുവാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. തീര്‍ത്ഥാടകര്‍ ബെയ്ലി പാലത്തിലൂടെ നടന്നുപോകുന്ന ഭാഗം ഇരുമ്പ് പ്ലേറ്റുകൊണ്ടു നിര്‍മ്മിച്ചതു കാരണം വെയിലേറ്റ് ചുട്ടുപഴുക്കുന്നതിനാല് തീര്‍ത്ഥാടകര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: