സിഡ്നി: ഓസ്ട്രേലിയക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ പൊരുതുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ ഏഴിന് 572 റണ്‍സിനെതിരെ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ കന്നി സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ശതകത്തിന്റെയും കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. പരമ്പരയില്‍ നാലാം സെഞ്ചുറിയാണ് കോഹ്ലി ഇന്നലെ കണ്ടെത്തിയത്. 140 റണ്‍സോടെ വിരാട് കോഹ്ലിയും 14 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഇപ്പോഴും 230 റണ്‍സ് പിന്നിലാണ്.
നേരത്തെ ഒന്നിന് 71 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സുമായി രോഹിത് ശര്‍മ്മയും 31 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ തലേന്നത്തെ സ്കോറിനോട് 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം രോഹിത് ശര്‍മ്മ മടങ്ങി. 133 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 53 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഥാന്‍ ലിയോണ്‍ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ലോകേഷിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ലോകേഷ് രാഹുല്‍ തുടക്കക്കാരന്റെ പതര്‍ച്ചയൊന്നും പ്രകടിപ്പിക്കാതെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്തപ്പോള്‍ കോഹ്ലി തുടക്കം മുതലേ എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. ഒടുവില്‍ സ്കോര്‍ 238 റണ്‍സിലെത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. ഇതിനിടെ ലോകേഷ് രാഹുല്‍ തന്റെ കന്നി അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 253 പന്തുകളില്‍ നിന്ന് 11 ഫോറും ഒരു സിക്സറുമടക്കമാണ് രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ലോകേഷ് മൂന്നക്കം കടന്നത്. ഇതിനിടെ വിരാട് കോഹ്ലി അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കി.
എന്നാല്‍ സെഞ്ചുറി പിന്നിട്ട് അധികം കഴിയും മുന്നേ ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന് തിരശ്ശീല വീണു. 262 പന്തുകളില്‍ നിന്ന് 110 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെക്ക് കഴിഞ്ഞ ടെസ്റ്റുകളില്‍ നടത്തിയ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 282-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ പ്രകടനം നടത്തിയ കോഹ്ലി ശതകം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
165 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളോടെയാണ് കോഹ്ലി സെഞ്ചുറി തികച്ചത്. ഇന്ത്യന്‍ സ്കോര്‍ 292-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത രഹാനെയെ വാട്സണ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് സുരേഷ് റെയ്ന. പരമ്പരയില്‍ ആദ്യമായി ടീമില്‍ ഇടംപിടിച്ച റെയ്നക്ക് നേരിട്ട ആദ്യപന്തില്‍ തന്നെ പൂജ്യനായി മടങ്ങാനായിരുന്നു വിധി. രഹാനെ പുറത്താക്കിയ ശേഷം തൊട്ടടുത്ത പന്തില്‍ വാട്സണ് റെയ്നയെ ഹാഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വിരാട് കോഹ്ലി ഇന്ത്യന്‍ സ്കോര്‍ 342 റണ്‍സിലെത്തിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ഷെയ്ന് വാട്സണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: