ശബരിമല : തേയ്മാനം സംഭവിച്ചതിനെ തുടര്‍ന്ന് പതിനെട്ടാംപടിയും ജീര്‍ണ്ണതയെ തുടര്‍ന്ന് സ്വര്‍ണ്ണക്കൊടിമരവും നവീകരിക്കുന്നു. പതിനെട്ടാംപടിയുടെ പഞ്ചലോഹ കവചത്തിന് തേയ്മാനം സംഭവിച്ചതുകാരണം പലഭാഗത്തും പൊട്ടലുണ്ടായിട്ടുണ്ട്. മുപ്പത് വര്‍ഷം പഴക്കമുള്ളതാണ് നിലവിലുള്ള പഞ്ചലോഹ കവചം.
പൊട്ടിയ ഭാഗത്ത് അയ്യപ്പന്മാര് ചവിട്ടുന്നതുകാരണം പാദം മുറിയുകയും പടികളിലും സന്നിധാനത്തും രക്തംവീണ് അശുദ്ധി ഉണ്ടാകുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. പടികയറി പാദം മുറിഞ്ഞ് രക്തവുമായി കൊടിമരചുവട്ടിലും സോപാനത്തും നിരവധി അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ മണ്ഡലകാലത്ത് നിരവധിതവണ പഞ്ചപുണ്യാഹം നടത്തി ശുദ്ധിവരുത്തേണ്ടി വന്നു. ഇതേതുടര്‍ന്നാണ് പതിനെട്ടാംപടി നവീകരിക്കാന്‍ ആലോചന തുടങ്ങിയത്. ഇരുമുടിക്കെട്ടുമായി എത്തുന്ന അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നതിനുമുമ്പ് ആദ്യകാലങ്ങളില്‍ പടികളില്‍ നാളികേരം ഉടയ്ക്കുകയും കര്‍പ്പൂരം കത്തിക്കുകയും ചെയ്തതിലൂടെ പടികള്‍ക്ക് പൊട്ടലും തേയ്മാനവും സംഭവിച്ചിരുന്നു ഇതേതുടര്‍ന്നാണ് പടികളില്‍ 1985 ല്‍ ദേവസ്വം ബോര്‍ഡ് പഞ്ചലോഹനിര്മ്മിത കവചം നിര്‍മ്മിച്ചത്.
കൊടിമരം പുതിയത് സ്ഥാപിക്കണമെന്ന് സന്നിധാനത്ത് തന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തില്‍ ചിന്തനം ചെയ്തതിനെ തുടര്‍ന്നാണ് കൊടിമരം പുനഃനിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
കൊടിമരത്തിന് പതിനഞ്ച് പറയും, ദണ്ഡ്, വാഹനം, അഷ്ടദിക്ക്പാലകര്‍ എന്നിവയും പൂര്‍ണ്ണമായും സ്വര്‍ണ്ണത്തിലാണ് പുനഃനിര്‍മ്മിക്കുക. സ്വര്‍ണ്ണക്കൊടിമരം 125 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കാനാണ് ആലോചന. ഇതില്‍ ഓരോ പറയ്ക്കും അഞ്ചുകിലോ മുതല്‍ എട്ടുകിലോ തൂക്കം സ്വര്‍ണ്ണം വേണ്ടിവരും. നവീകരണ നടപടികള്‍ മാസപൂജകള്ക്കിടയിലുള്ള സമയത്ത് പൂര്‍ത്തികരിക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: