വെല്ലിംഗ്ടണ്‍: ശ്രീലങ്കക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ക്രിക്കറ്റില്‍ 193 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്റ് പരമ്പര തൂത്തുവാരി. 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കന്‍ രണ്ടാം ഇന്നിംഗ്സ് അവസാന ദിവസം വെറും 196 റണ്‍സില്‍ അവസാനിച്ചതോടെയാണ് കിവികള്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിരിമന്നെയും 50 റണ്‍സെടുത്ത കുശല്‍ സില്‍വയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.
സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് ഒന്നാം ഇന്നിംഗ്സ് 221, രണ്ടാം ഇന്നിംഗ്സ് 524/5 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 356, രണ്ടാം ഇന്നിംഗ്സ് 196. ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ 242 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്ന്‍ വില്ല്യംസനാണ് മാന്‍ ഓഫ് ദി മാച്ച്. ആറാം വിക്കറ്റില്‍ വാറ്റ്ലിംഗുമൊത്ത് 365 റണ്‍സിന്റെ ലോകറെക്കോര്‍ഡും വില്ല്യംസണ് പടുത്തുയര്‍ത്തിയിരുന്നു.
45ന് ഒന്ന് എന്ന നിലയില്‍ അവസാനദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കന്‍ ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് എട്ട് റണ്‍സിനും കുമാര്‍ സംഗക്കാര അഞ്ച് റണ്‍സിനും ധമിക പ്രസാദ് ആറ് റണ്‍സിനും പ്രസന്ന ജയവര്‍ദ്ധനെ 10 റണ്‍സെടുത്തും ചണ്ടിമല്‍ 13 റണ്‍സിനും പുറത്തായതോടെയാണ് ശ്രീലങ്കക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കിവീസിന് വേണ്ടി മാര്‍ക്ക് ക്രെയ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ബൗള്‍ട്ടും ബ്രെയ്സ്വെല്ലും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: